ഗിരീഷ് ദാമോദറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘അങ്കിളി’ലെ അഭിനയ മികവിന് മികച്ച സഹനടിയ്ക്കുള്ള വനിത ചലച്ചിത്ര പുരസ്‌കാരം മുത്തുമണി സ്വന്തമാക്കി. ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രത്തിൽ നായികയായ കാർത്തിക മുരളീധരൻ അവതരിപ്പിച്ച ‘ശ്രുതി’ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് മുത്തുമണി എത്തിയത്. ചിത്രത്തിലെ ‘ലക്ഷ്മി’ എന്ന കഥാപാത്രമായി മുത്തുമണിയുടെ അസാധ്യ പ്രകടനമാണ് ‘വനിത’യുടെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരത്തിലേയ്ക്ക് മുത്തുമണിയെ നയിച്ചത്. ശബ്‌ദം കൊണ്ടും ഭാവം കൊണ്ടും പക്വതയാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലെ മുത്തുമണിയുടെ പ്രത്യേക വൈദഗ്ധ്യം ‘അങ്കിളി’ലെ അവസാന രംഗങ്ങളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി ഒരുപോലെ നേടി. 2019ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് ‘അങ്കിൾ’.
2006ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്ര’ത്തിലൂടെയാണ് മുത്തുമണി അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ മുത്തുമണി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പ്രേതം 2ലാണ് മുത്തുമണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.