‘അങ്കിൾ’ സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച് നിർമ്മാതാവിനു സാമ്പത്തിക നഷ്ടം വരുത്തിയ സ്റ്റോപ് പൈറസി ഉടമ തുഷാറിനെ ആന്റിപൈറസി സെൽ അറസ്റ്റ് ചെയ്തു. അങ്കിൾ സിനിമ പകർത്തിനൽകി പണം കൈപ്പറ്റാൻ ശ്രമിച്ച തുഷാറിനെയാണു ആന്റിപൈറസി പിടികൂടിയത്. അങ്കിൾ സിനിമയുടെ നിർമ്മാതാവ് കൂടിയായ ജോയ് മാത്യുവിന്റെ പരാതിയിലാണു നടപടി.
കൊച്ചി സ്വദേശിയായ തുഷാർ സിനിമ റിലീസായി ദിവസങ്ങൾക്കകം ഇന്റർന്നെറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. പൈറസി തടയുന്നതിനായി നിർമ്മാതാക്കളുമായി കരാറുണ്ടാക്കിയ ആളാണ് തുഷാർ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ സിനിമകൾ റിലീസ് ചെയ്ത ഉടനെ തന്നെ നെറ്റിൽ അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രീ-പോസ്‌റ്റുകൾ ഉണ്ടാക്കി നിർമ്മാതാക്കളെ സമീപിച്ച് പണം തട്ടുകയാണ് ഇയാളുടെ രീതി. പുതിയ സിനിമകൾ ഇന്റർന്നെറ്റിൽ വരാതിരിക്കാനായി 60,000 മുതൽ ഒരു ലക്ഷം രൂപവരെ നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുന്ന സംഘമാണിവർ. ഇതോടെ ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നാണ് വ്യാജപതിപ്പ് പുറത്തുവരുന്നത് എന്ന വ്യാപകമായ ആസൂത്രിത പ്രചരണത്തിന്റെയും മുനയൊടിയുകയാണുണ്ടായത്. കള്ളൻ കപ്പലിൽ തന്നെ ഇരുന്ന് വിദേശരാജ്യങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തി കാര്യം സാധിക്കുകയായിരുന്നു ഇക്കൂട്ടർ. മമ്മൂട്ടി സിനിമകളെ നശിപ്പിക്കുക എന്നത് ഈ സംഘത്തിന്റെ പ്രത്യേക അജണ്ടകൂടിയായിരുന്നു. ഇതിനു സിനിമാ ഇൻഡസ്ട്രിയിലെ ചിലരുമായി ഇയവർ ബന്ധം പുലർത്തുന്നുണ്ട് എന്നും മമ്മൂട്ടി സിനിമകളെ തിയേറ്റർ ലെവലിലും മറ്റും തകർക്കാൻ ശ്രമിക്കുന്ന ചില സംഘങ്ങളെക്കുറിച്ച് മമ്മൂട്ടിക്ക് വ്യകതമായ സൂചന നലകിയിട്ടുണ്ട് എന്നും അങ്കിൾ സിനിമയുടെ സംവിധായകൻ ഗിരീഷ് ദാമോദർ പറഞ്ഞു.