മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷ മമ്മൂട്ടി ടൈംസ് വായനക്കാരോട് മനസ്സ് തുറക്കുന്നു
ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു സീനിൽ പ്രൊഡക്ഷൻ കൺട്രോളർ സജി എന്ന കഥാപാത്രമായി അഭിനയിക്കുന്ന ബിനു അടിമാലിയോട് ഹരീഷ് കണാരന്റെ ഒരു ഡയലോഗുണ്ട്, ” ഒരേ സമയം 10 ചിത്രങ്ങൾ ചെയ്യാൻ നീയാര്, മലയാള സിനിമയിലെ ബാദുഷയോ” എന്ന്.
യഥാർത്ഥത്തിൽ മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആയ ‘ഒറിജിനൽ ബാദുഷയ്ക്കുള്ള’ ഒരു കോംപ്ലിമെന്റാണ് ആ ഡയലോഗ്.
ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള പ്രൊഡക്ഷൻ കൺട്രോളർ ആര് എന്നതിൽ അല്ല പ്രസക്തി, മലയാളത്തിൽ ഇറങ്ങുന്ന മിക്ക ചിത്രങ്ങളുടെ പുറകിലും ബാദുഷ എന്ന പേരു കാണാം എന്നതാണ്. അതു പ്രൊഡക്ഷൻ കൺട്രോളർ ആകാം… എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആകാം.. പ്രോജക്ട് ഡിസൈനർ ആകാം… അതുമല്ലെങ്കിൽ ലൈൻ പ്രൊഡ്യൂസർ ആകാം.. സമീപകാല മലയാള സിനിമയിൽ ആകെയൊരു ‘ ബാദുഷമയം’!
2019-ൽ ഇറങ്ങിയ 28ഓളം സിനിമകളിൽ ബാദുഷയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഈ വർഷം തന്നെ ആദ്യ രണ്ടു മാസങ്ങൾക്കുള്ളിൽ പുറത്തുവന്ന മൂന്നു ചിത്രങ്ങളുടെ പുറകിലും ബാദുഷയുണ്ട്… ഇതിൽ രണ്ടെണ്ണം സൂപ്പർ മെഗാ ഹിറ്റുകൾ ആയി മാറിയ അഞ്ചാം പാതിരായും അയ്യപ്പനും കോശിയും.
വിഷു റിലീസായി ഏപ്രിൽ ആദ്യവാരം എത്തുന്ന മമ്മൂട്ടി ചിത്രമായ വൺ ന്റെ പ്രൊഡക്ഷൻ കൺട്രോളറും ബാദുഷയാണ്.
ബാദുഷയുമായി മമ്മൂട്ടി ടൈംസ് പ്രതിനിധി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
Q.മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള പ്രൊഡക്ഷൻ കൺട്രോളറാണല്ലോ താങ്കൾ
എന്ത് തോന്നുന്നു?
A: വളരെ സന്തോഷം തോന്നുന്നു. പിന്നെ ഇങ്ങനെയൊക്കെ ആയത് ദൈവത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ സഹായം… ദൈവം തീരുമാനിച്ചപോലെ ഇത്രയും തിരക്കുള്ള ഒരാളായി തീരാൻ സാധിച്ചതിൽ സന്തോഷം.
Q.ഒരേ സമയം നിരവധി ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു
എങ്ങിനെ മാനേജ് ചെയ്യുന്നു ഈ തിരക്കിനെ?
A: എന്റെ കൂടെ നിൽക്കുന്ന പ്രൊഡ്യൂസേഴ്സ്, ഡയറക്ടേഴ്സ്, എന്റെ ഒപ്പം പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ, സഹപ്രവർത്തകർ.. ഇവരുടെയെല്ലാം പിന്തുണയുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ മുന്നോട്ടു പോകാൻ സാധിക്കുന്നത്.
Q.ഈ വർഷം ആദ്യത്തിൽ തന്നെ രണ്ട് സൂപ്പർ ഹിറ്റുകൾ ആണ് (അഞ്ചാം പാതിരാ, അയ്യപ്പനും കോശിയും ) താങ്കളുടെ ക്രെഡിറ്റിൽ ഉള്ളത്. ഈ വിജയങ്ങളെക്കുറിച്ച്?
A: നമ്മൾ ചെയ്യുന്ന സിനിമകൾ സൂപ്പർ ഹിറ്റായി മാറുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റാകണം, അല്ലെങ്കിൽ വൻ വിജയമാകണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. 2020 ആദ്യത്തിൽ തന്നെ എന്റേതായി മൂന്നു സിനിമകൾ റിലീസായി. ഇതിൽ അഞ്ചാം പാതിരായും അയ്യപ്പനും കോശിയും സൂപ്പർ മെഗാ ഹിറ്റുകളായി മാറി. ഒരു കൂട്ടായ്മയുടെ വലിയ വിജയമായാണ് ഈ രണ്ടു സിനിമകളെയും ഞാൻ കാണുന്നത്. ഒത്തിരി കഷ്ടപ്പാടുകൾ ഈ സിനിമകളുടെ പിന്നണിയിൽ ഉണ്ടായിരുന്നു. അതിനുള്ള ഫലം കിട്ടി.
അന്വേഷണം ഒരു ആവറേജിൽ ഒരുങ്ങുകയായിരുന്നു.
Q. വിഷു റിലീസായി എത്തുന്ന മമ്മൂക്കയുടെ വൺ എന്ന ചിത്രത്തിലുള്ള പ്രതീക്ഷകൾ?
A: വൺ എന്ന സിനിമയിൽ എനിയ്ക്ക് വളരെയേറെ പ്രതീക്ഷയാണുള്ളത്. 2020-ൽ ഇറങ്ങുന്ന എന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രമാണ് വൺ. ഹിറ്റ് റൈറ്റേഴ്‌സ് ആയ ബോബി സഞ്ജയ് ആദ്യമായി മമ്മൂക്കയ്ക്ക് വേണ്ടി എഴുതുന്നു എന്ന പ്രത്യേകതയുണ്ട്. സന്തോഷ് വിശ്വനാഥ് കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്. ഇച്ചയീസ് നിർമ്മിക്കുന്ന മമ്മൂക്കയുടെ രണ്ടാമത്തെ ചിത്രമാണിത്. ഒരു പൊളിറ്റിക്കൽ ഫാമിലി ത്രില്ലറായി എത്തുന്ന ഈ സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ഒരു എന്റെർറ്റൈനെർ ആയിരിക്കും.
Q. വൺ എന്ന പ്രോജക്ടിലേക്ക് താങ്കൾ എത്തപ്പെടുന്നത് എങ്ങനെയാണു?
A: ഈ പ്രോജക്ടിലേക്ക് എത്താനുള്ള ഒരേയൊരു കാരണം ഇച്ചായീസ് എന്ന പ്രൊഡ്യൂസർ ആണ്. ഇച്ചായീസ് മമ്മൂക്കയുടെ വലിയ ആരാധകരാണ്. അവരുമായി ബന്ധപ്പെടാനുള്ള ഒരവസരം എനിയ്ക്കുണ്ടായി. അപ്പോഴവർ മമ്മൂക്കയെ വച്ചു ഒരു സിനിമ നിർമ്മിക്കണം എന്ന അവരുടെ ആഗ്രഹം എന്നോട് പറഞ്ഞു. ഇക്കാര്യം ഞാൻ ആന്റോ ചേട്ടനോട് (ആന്റോ ജോസഫ് )പറഞ്ഞപ്പോൾ ആന്റോ ചേട്ടനാണ് ഇങ്ങനെയൊരു പ്രോജക്ടിനെക്കുറിച്ചു പറയുന്നത്.
Q.one എന്ന ചിത്രത്തെ പറ്റി പ്രേക്ഷകരോട് പറയാൻ ഉള്ളത് .?
A: വൺ വളരെ മനോഹരമായി ചെയ്തിരിക്കുന്ന ഒരു സിനിമയാണ്. ഈ ചിത്രം ഒരു സൂപ്പർ ഹിറ്റായി മാറും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
എല്ലാ ജനങ്ങളും തിയേറ്ററിൽ പോയി കാണേണ്ട ഒരു സിനിമയാണിത്. ഒരു മുഖ്യമന്ത്രി എങ്ങനെയാകണം എന്ന ഒരു നല്ല സന്ദേശം കടയ്ക്കൽ ചന്ദ്രൻ എന്ന മമ്മൂക്ക യുടെ കഥാപാത്രത്തിലൂടെ ജനങ്ങൾക്ക് നൽകുന്നതാണ് ഈ സിനിമ.
Q. ഇനി നിർമ്മാതാവായും താങ്കൾ എത്തുകയാണല്ലോ. പുതിയ സംരംഭത്തെ കുറിച്ച്..
A: നിർമ്മാണ സംരഭം ഏകദേശം ഓഗസ്റ്റിൽ തുടങ്ങാൻ പറ്റുമെന്നാണ് വിശ്വാസം. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഞാനും എന്റെ സുഹൃത്ത് ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ.