മമ്മൂട്ടിയുടെ നാട്ടുകാരനും സഹപാഠിയും ആയിരുന്ന മണിയപ്പൻ മമ്മൂട്ടിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ഇത് മണിയപ്പൻ.
എട്ടാം ക്ലാസ് മുതൽ പത്താം തരം വരെ മമ്മൂട്ടിയുടെ സഹപാഠിയായിരുന്ന മണിയപ്പൻ മമ്മൂട്ടിയുടെ വലിയൊരു ആരാധകൻ കൂടിയാണ്.
“സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് തന്നെ അവന്റെ മനസ്സിലും നടപ്പിലും മറ്റുമൊക്കെ ഒരു അഭിനയ മോഹം ഉണ്ടായിരുന്നു. അന്നൊക്കെ ഇന്റർവെൽ സമയത്തും ക്ലാസ് ഇല്ലാത്ത സമയത്തും സ്കൂൾ ഗ്രൗണ്ടിൽ സ്റ്റണ്ട് സീൻ ഒക്കെ അഭിനയിച്ചു കാണിച്ചിരുന്നു. ഒരിക്കൽ ഞങ്ങൾക്ക് മാഷ് സ്പെഷൽ ക്ലാസ് വെച്ച് ദിവസം. മമ്മൂട്ടിയുടെ കൊച്ചാപ്പയായ കൊച്ചമ്മു സാറായിരുന്നു സ്പെഷ്യൽ ക്ലാസ് വെച്ചിരുന്നത്. ആദ്യമായിട്ടാണെന്ന് തോന്നുന്നു, വൈക്കത്ത് മുറിഞ്ഞപുഴയിൽ ദേവിക അഭിനയിക്കുന്ന ‘മൂന്നു പൂക്കൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അന്ന് മമ്മൂട്ടിയും വേറെ കുറച്ചു കൂട്ടുകാരും ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയി. പിറ്റേദിവസം ക്ലാസിനു പുറത്തായിരുന്നു മമ്മൂട്ടിയും കൂട്ടുകാരും. അന്ന് ക്ലാസ് കട്ട് ചെയ്തു ഷൂട്ടിങ് കാണാൻ പോയ മമ്മൂട്ടി ഇന്ന് സിനിമയുടെ മർമം അറിയുന്ന അഭിനയത്തിന്റെ കുലപതി ആയില്ലേ. ” മണിയപ്പന്റെ വാക്കുകളിൽ അഭിമാനം.
മുഹമ്മദ് കുട്ടി എന്ന സഹപാഠി മമ്മൂട്ടി എന്ന താരമായി വാനോളം ഉയർന്നപ്പോൾ മണിയപ്പൻ എന്ന സഹപാഠി അധ്യാപകനായി തുടങ്ങി കെഎസ്ആർടിസി യിൽ കണ്ടക്ടറായി വർക്ക് ചെയ്തു റിട്ടയേർഡായി വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോൾ.
“സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഞങ്ങൾ രണ്ട് കോളേജുകളിലാണ് പഠിച്ചത്. ഞാൻ ആദ്യം വൈക്കത്തും പിന്നീട് എറണാകുളം കോളേജിലുമായാണ് പഠിച്ചത്. അന്ന് വൈക്കത്തു നിന്നും ‘സ്റ്റുഡൻസ് എ 119’ എന്ന ബസ് എറണാകുളത്തേക്ക് ഉണ്ട്. എല്ലാദിവസവും രാവിലത്തെ ഒരു ട്രിപ്പ് വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. അതിലാണ് മമ്മൂട്ടി കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. കോളേജിലേക്കുള്ള ആ യാത്രയൊക്കെ രസകരമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ആണല്ലോ എല്ലാവരും പെൺപിള്ളേരെ കമന്റടിക്കാറുള്ളത്. എന്നാൽ മമ്മൂട്ടി പെൺപിള്ളേരെ കമന്റ് അടിച്ച് ഞാൻ കണ്ടിട്ടില്ല. ലേഡീസിനെ ചിരിപ്പിക്കാൻ ചില നമ്പറുകൾ ഒക്കെ കാണിച്ചിരുന്നു. അന്നത്തെ അവന്റെ ദുശ്ശീലം എന്നു പറയാവുന്നത് ബീഡിവലി മാത്രമാണ്.
പഠനത്തിനുശേഷം ഓരോരുത്തരും അവരവരുടെ വഴിക്ക് പിരിഞ്ഞു.
1982 ഇൽ തൃശ്ശൂർ രാംദാസ് തിയേറ്ററിൽ മേള എന്ന ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അറിയാതെ അങ്ങ് എഴുന്നേറ്റുപോയി. ആ ചിത്രത്തിലെ ഒരു സീനിൽ ബൈക്ക് ഓടിച്ചു വരുന്നത് എന്റെ സഹപാഠിയായിരുന്ന മുഹമ്മദ് കുട്ടിയായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. പിന്നീട് ഞാൻ അന്വേഷിച്ചറിഞ്ഞു, അവൻ തന്നെയാണ് ആ സിനിമയിൽ അഭിനയിച്ചത് എന്ന്.
എത്രയോ താരങ്ങൾ പുതുതായി ഉയർന്നു വന്നിട്ടും ഇന്നത്തെ തലമുറയുടെ ഇഷ്ടതാരമായി അവൻ നിലനിൽക്കുമ്പോൾ അവനൊപ്പം പഠിച്ച എനിക്കും അത് അഭിമാനിക്കാവുന്ന നേട്ടം തന്നെ ആയിട്ടാണ് ഞാൻ കാണുന്നത്.”
മമ്മൂട്ടി അഭിനയിച്ചത്തിൽ ഇഷ്ടപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ മണിയപ്പന്റെ മനസ്സിലുണ്ടെങ്കിലും തൃഷ്ണ, പൊന്തൻമാട, സൂര്യമാനസം, അമരം, രാപ്പകൽ, കാഴ്ച.. തുടങ്ങിയ ചിത്രങ്ങളൊക്കെ മണിയപ്പനു ഏറെ ഇഷ്ടമാണ്. “മമ്മൂട്ടി അഭിനയിച്ചിട്ടുള്ള സിബിഐ ചിത്രങ്ങളൊക്കെ ഉഗ്രൻ അല്ലേ…” മണിയപ്പൻ ചിരിയോടെ ചോദിക്കുന്നു.