കൊറോണ വൈറസ് മൂലം കാസറഗോഡ് ഇന്ന് സ്ഥിതിഗതികൾ രൂക്ഷമാണ്. ജനങ്ങളോട് പുറത്തിറങ്ങരുത് എന്നാണ് സർക്കാർ നിർദേശം. നിർദേശം ലംഘിക്കുന്നവരെ നേരിടാൻ സാക്ഷാൽ ജില്ലാ കളക്ടർ തന്നെ രംഗത്തിറങ്ങിയ വാർത്ത ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കാസർഗോഡ് ജില്ലാ കലക്റ്റർ സജിത്ത് ബാബുവിനോട് ഒന്നര വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി നേരിട്ട് പറഞ്ഞ ആ അനുഭവസാക്ഷ്യങ്ങൾ ഓർത്തെടുക്കുകയാണ് മമ്മൂട്ടിയുടെ പി ആർ ഓ കൂടിയായ റോബർട്ട് കുര്യാക്കോസ്. റോബെർട്ടിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം.
ഒന്നരവർഷം മുൻപാണ്, കാസറഗോഡ് മുള്ളേരിയ ആദിവാസി ഗ്രാമത്തിലെ ആദിവാസി സഹോദരങ്ങൾക്ക് ഒപ്പം ഒരു ചടങ്ങിൽ വച്ചാണ് ഡോ സജിത്ത് ബാബു എന്ന കാസറഗോഡ് ജില്ലാ കളക്ടറെ ആദ്യമായി കാണുന്നത്. അതിന് മുൻപ് പലവട്ടം ഫോണിൽ സംസാരിച്ചപ്പോളും കാസറഗോഡ് ഉള്ള സുഹൃത്തുക്കളുടെ വാക്കുകളിലും ഒരു തികഞ്ഞ മനുഷ്യസ്നേഹിയെ മനസ്സിലാക്കിയിരുന്നു. മുള്ളേരി മൂപ്പൻ ആവശ്യപ്പെട്ട ചില കാര്യങ്ങൾ മമ്മൂക്ക അദ്ദേഹത്തിന്റെ ഊരിലേക്ക് ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയാനും അനുവാദം വാങ്ങാനുമാണ് അന്ന് അദ്ദേഹവുമായി ആദ്യമായി സംസാരിക്കുന്നത്. പക്ഷേ, അദ്ദേഹം പറഞ്ഞു “ഞാനും വരുന്നുണ്ട് മമ്മൂക്കയെ കാണാൻ നിങ്ങൾക്ക് കുറെ പദ്ധതികൾ ഉണ്ടല്ലോ, അത് അർഹതപെട്ടവരിൽ എത്തണം.. ഞാനും സഹായിക്കാം ” കാസറഗോഡ് ജില്ലയിലെ മുഴുവൻ നിർധനരെയും സഹായിക്കുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിന് ഉള്ളു എന്ന് മനസ്സിലായി. അന്നത്തെ ചടങ്ങിന് എത്തിയ ആദിവാസി സഹോദരങ്ങൾ മമ്മൂക്കയോട് സംസാരിക്കുമ്പോൾ അവരുടെ ആവലാതികൾ പറയുന്നതിലും ശക്തമായ ഭാഷയിൽ അവരെ അവരുടെ കളക്ടർ സഹായിച്ചുകൊണ്ടിരിക്കുന്ന കഥകൾ പറയുന്നത് കേട്ടപ്പോൾ അവിടെ കൂടി നിന്നവർ ആ കളക്ടറെ സ്നേഹാദരങ്ങളോടെ നോക്കി കാണുന്നതിന് ഞാനും സാക്ഷ്യം വഹിച്ചു.. ഇതെല്ലാം കേട്ട മമ്മൂക്ക നിറഞ്ഞ മനസ്സോടെ കളക്ടറെ അഭിനന്ദിക്കുന്നത് കണ്ടു. ഒപ്പം അദ്ദേഹം തമാശ ആയി ഇങ്ങനെ പറഞ്ഞു ” അല്ലങ്കിലും സഹായിക്കണം, കണ്ടറിഞ്ഞു പ്രവർത്തിക്കണം, അതിനല്ലേ കളക്ടറെ സർക്കാർ ഇങ്ങോട്ടു വിട്ടിരിക്കുന്നത്.. ഇല്ലെങ്കിൽ ചെവിക്ക് പിടിക്കാനും സർക്കാരിന് അറിയാം “.
തനിക്കു ഏറെ വാത്സല്യം തോന്നുന്ന അനുജനോട് എന്ന പോലെ മമ്മൂക്ക തമാശ ആയി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു, കളക്ടർ പറഞ്ഞു ” അതേ മമ്മൂക്ക, ഞാൻ ഈ കുപ്പായം ഇടും മുൻപ് നാട്ടിൽ മില്ല് നടത്തുകയായിരുന്നു , നല്ല ഒന്നാന്തരം മില്ല്.. സാമ്പത്തിക ലാഭം ആണെങ്കിൽ അത് തന്നെ ആണ് മെച്ചം. പക്ഷേ എനിക്കും ചില ലക്ഷ്യങ്ങൾ ഉണ്ട്, ചുമതലകൾ ഉണ്ട്, പ്രതീക്ഷകളും.. ഇവയിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ ആ നിമിഷം ഞാനിത് അഴിച്ചു വച്ചു നാട്ടിലേക്കു വണ്ടി കയറും, അന്തസ്സായി മില്ല് നടത്തും ” കളക്ടറുടെ കൈ പിടിച്ചു കുലുക്കി മമ്മൂക്ക അന്ന് പറഞ്ഞു, “നിങ്ങൾ മിടുക്കനാണ്.. കാസറഗോഡിന് നിങ്ങളെ ആവശ്യം ഉണ്ട് ”
ഇന്ന് കാസർഗോട്ടെ സ്ഥിഗതി കാണുമ്പോൾ അന്ന് മമ്മൂക്ക പറഞ്ഞത് അക്ഷരം പ്രതിശരിയാകുകയാണല്ലോ എന്ന് തോന്നി. എത്ര ആൽമാർത്ഥമായാണ് ആ മനുഷ്യൻ ഓടി നടക്കുന്നത് ! വേണമെങ്കിൽ ഓഫീസിലിരുന്ന് സ്വന്തം തടി ആദ്യം സുരക്ഷിതമാക്കി ഓർഡർ ഇട്ട് ഇരിക്കാമായിരുന്നു. ഇത്രയും അപകട സാധ്യത ഉള്ള അവസ്ഥയിൽ പോലും കാസറഗോടിന്റെ സ്വന്തം ” വല്യേട്ടനായി” നാട് മുഴുവനും ഓടി നടന്ന്, ഊണും ഉറക്കവും ഇല്ലാതെ പണിയെടുക്കുന്ന കളക്ടറെ കാണുമ്പോൾ ജോസഫ് അലക്സുമാർ സിനിമയിൽ മാത്രം ഉള്ള പ്രതിഭാസം അല്ല എന്ന് മനസ്സിലാകുവാണ്.
എന്തായാലും ഭൂമിയിലെ മാലാഖമാരുടെയും ടീച്ചറമ്മയുടെയും നന്മ തിരിച്ചറിഞ്ഞ മലയാളി ഡോ സജിത്ത്ബാബു ഐ എ എസിനെ “കളക്ടറേട്ടൻ” എന്ന് വിളിച്ചു നെഞ്ചേറ്റുന്ന കാലം വിദൂരമല്ല എന്ന് വിശ്വസിക്കാം
