വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ചലച്ചിത്ര പ്രേമികളെ എക്കാലവും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാ നടൻ തമിഴിൽ പേരൻപ്, തെലുഗിൽ യാത്ര എന്നീ സിനിമകളിലൂടെ അന്യ ഭാഷകളിലും തന്റെ സാന്നിധ്യം വീണ്ടും അറിയിക്കാൻ ഒരുങ്ങുകയാണ്. അന്യ ഭാഷാ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങൾ കൊണ്ട് കേരളത്തിന് പുറത്തും ആസ്വാദകരുടെ മനം കവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഭാഷാപരമായ പരിമിതികളെ അതി സമർത്ഥമായി മറികടന്നു കൊണ്ട് രൂപത്തിലും ഭാവത്തിലും സംഭാഷണ രീതികളിലും മമ്മൂട്ടിക്കഥാപാത്രങ്ങൾ കേരളത്തിന് പുറത്തും ഏറെ സ്വീകാര്യത നേടി. അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ അന്യഭാഷാ ചിത്രങ്ങളിൽ ചിലത്
ഡോക്ടർ ബാബാസാഹബ് അംബ്ദേദ്ക്കർ (ഇംഗ്ലീഷ്) – ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് അംബ്ദേദ്ക്കർ കഥാപാത്രത്തിലേക്ക് സംവിധായകൻ ജബ്ബാർ പട്ടേൽ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നത്. അംബ്ദേദ്ക്കറായി വെള്ളിത്തിരയിൽ മമ്മൂട്ടി നടത്തിയ വേഷപ്പകർച്ച അദ്ദേഹത്തെ ദേശീയ പുരസ്കാകാരത്തിന് വരെ അർഹനാക്കി. ചെറുപ്പകാലത്തെ ഊർജസ്വലനായ അംബേദ്ക്കറായും പിന്നീട് സമര വീഥികളിലെ സജീവമായ കാലഘട്ടത്തിൽ രാഷ്ട്രീയം സംസാരിക്കുന്ന നേതാവായും ഒടുവിൽ ക്ഷീണിതനായ അവസാന കാലഘട്ടങ്ങളിൽ നേരിട്ട അവഗണനകളിൽ ഒറ്റപ്പെട്ട അംബേദ്ക്കറായും മാറിക്കൊണ്ട് ആ മഹാ വ്യക്തിയുടെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളെ തികഞ്ഞ കയ്യടക്കത്തോടെ വെള്ളിത്തിരയിൽ അനശ്വരമാക്കി മലയാളത്തിന്റെ മഹാ നടൻ.
ദളപതി (തമിഴ്) – തമിഴ് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ മണിരത്നം സിനിമയിൽ സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ദേവരാജൻ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി. വാണിജ്യ സിനിമകളുടെ ചേരുവകൾ ആവോളമുള്ള സിനിമയിൽ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും ധാരാളമാണുണ്ടായിരുന്നു. ശരീര ഭാഷ കൊണ്ടും,ശബ്ദ നിയന്ത്രണങ്ങൾ കൊണ്ടും മമ്മൂട്ടി അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളിൽ ഒന്നാണ് ദളപതിയിലെ ദേവരാജൻ. തമിഴിൽ മമ്മൂട്ടിയുടെ ജനപ്രിയത വാനോളം ഉയർത്തിയ സിനിമ കൂടിയാണ് ദളപതി.
സ്വാതികിരണം(തെലുഗ്) – തെലുഗിൽ ഏറ്റവും ശ്രദ്ധേയമായ മമ്മൂട്ടി ചിത്രമാണ് സ്വാതികിരണം. വിഖ്യാത തെലുഗ് സംവിധായകൻ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ അനന്ത രാമ ശർമ എന്ന സംഗീത ചക്രവർത്തിയായി മമ്മൂട്ടി തിളങ്ങി. ശാസ്ത്രീയ സംഗീത വിദ്വാനായുള്ള മമ്മൂട്ടിയുടെ പ്രകടനം ആസ്വാദകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റി. ഒരു കലാകാരന്റെ ആത്മ സംഘർഷങ്ങളെ ഭാവ തീവ്രമായി വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. 12 ഗാനങ്ങളായിരുന്നു ഈ സിനിമയുടെ മറ്റൊരു സവിശേഷത.
കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ (തമിഴ്) – മേജർ ബാല എന്ന കഥാപാത്രത്തെയാണ് രാജീവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. തികഞ്ഞ കൈയ്യടക്കത്തോടെ ഈ വേഷം അവിസ്മരണീയമാക്കാൻ അദ്ദേഹത്തിനായി. വൈകാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം സവിശേഷ പരാമർശം അർഹിക്കുന്നു. ക്ളൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ
ശ്രദ്ധേയമായിരുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മേജർ ബാല.
ആനന്ദം (തമിഴ്) – ത്യാഗസന്നദ്ധനും സ്നേഹനിധിയുമായ വല്യേട്ടൻ വേഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടനില്ല എന്ന് തന്നെ പറയാം. ലിംഗുസ്വാമിയുടെ പ്രഥമ സംവിധാന സംരംഭമായ ആനന്ദം എന്ന ചിത്രത്തിൽ ഇത്തരം ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ നാല് സഹോദരങ്ങളുടെ ജ്യേഷ്ഠനായി മമ്മൂട്ടി കയ്യടി നേടി. തമിഴിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഫാമിലി ഹിറ്റ് കൂടിയായ ആനന്ദം നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിരുന്നു