മലയാളത്തിൽ കൊമേഡിയനായി വന്നു പിന്നീട് സ്വഭാവ നടനായും നായകനായും ഒക്കെ അഭിനയിച്ചു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ നേടിയ നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരകനായി സിനിമയുടെ അണിയറയിൽ എത്തിയ ഇന്ദ്രൻസ് യാദൃച്ഛികമായാണ് ക്യാമറക്കു മുൻപിൽ എത്തുന്നത്. രൂപം കൊണ്ട് ഒരു ‘കൊടക്കമ്പി’യായി മലയാളികളെ ചിരിപ്പിക്കാൻ വന്ന ആ മെലിഞ്ഞ ശരീരപ്രകൃതമുള്ള ചെറിയ മനുഷ്യൻ പക്ഷെ പിന്നീട് മികച്ച വേഷങ്ങൾ ചെയ്ത് തന്റെ വലിയ സാന്നിധ്യം മലയാളത്തിൽ അടയാളപ്പെടുത്തി.
ഇപ്പോഴിതാ അപ്രതീക്ഷിതമായി ഒരു മികച്ച വേഷം ഇന്ദ്രന്‍സിനെ തേടിയെത്തിയിരിക്കുന്നു. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിലെ കുഞ്ഞബ്ദുള്ള എന്ന ടൈറ്റിൽ വേഷം ആകസ്മികമായാണ് ഇന്ദ്രൻസിന്റെ കരങ്ങളിൽ എത്തുന്നത്.
അബ്ദുല്ലാക്ക എന്ന് സിനിമാക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന കെ ടി സി അബ്ദുള്ളയെ വച്ചു പ്ലാൻ ചെയ്ത സിനിമയാണ് മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള.
ടെക്സ്റ്റയിൽ ഇന്‍ഡസ്ട്രിക്ക് പേരുകേട്ട ബോംബയിലെ ബീവണ്ടി എന്ന സ്ഥലത്തേക്ക് ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വർഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നതും അവരെ തേടി തിരുവനന്തപുരം മുതൽ വയനാട് വരെ അബ്ദുള്ള നടത്തുന്ന യാത്രയുമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത്. അഞ്ചു ദിവസത്തെ ഷൂട്ടിംഗ് പുരോഗമിക്കവേ ആണ് അബ്ദുള്ളക്കയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു, അബ്ദുള്ളക്ക സുഖം പ്രാപിച്ചു മടങ്ങിവരുന്നതും കാത്തിരുന്ന അണിയറ പ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി ആ വാർത്തയെത്തി.ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് അബ്ദുള്ളക്ക യാത്രയായി എന്ന സങ്കട വാർത്ത. കെ ടി സി അബ്ദുള്ളക്കയെ മനസ്സിൽ കണ്ട് സൃഷ്ടിച്ച ഒരു കഥപാത്രമായിരുന്നു അബ്ദുള്ളക്ക. സുഡാനി ഫ്രം നൈജീരിയയിലെ അദ്ധേഹത്തിന്റെ മികച്ച പ്രകടനമാണ് ഈ കഥാപാത്രത്തിലേക്ക് അബ്ദുള്ളക്കയെ കാസ്റ്റ് ചെയ്യാൻ ഷാനുവിനും ടീമിനും ധൈര്യം പകർന്നത്.
അബ്ദുള്ളക്കയ്ക്ക് പകരം ഇനിയാര് എന്ന ചിന്ത അണിയറപ്രവർത്തകരെ ഏറെ അലട്ടി.ഒടുവിൽ ഇന്ദ്രൻസിന്റെ മുഖമാണ് സംവിധായകൻ ഷാനുവിന്റെ മനസ്സിൽ തെളിഞ്ഞത്. അത് എല്ലാവർക്കും സ്വീകാര്യമായി. അങ്ങിനെ അപ്രതീക്ഷിതമായി കുഞ്ഞബ്ദുള്ള എന്ന കഥാപാത്രം ഇന്ദ്രന്‍സിനെ തേടിയെത്തി. ഇന്ദ്രൻസിന്റെ കൈയിൽ ഈ കഥാപാത്രം ഭദ്രമായിരിക്കുമെന്ന് അണിയറപ്രവർത്തകർക്ക് ഉറപ്പുണ്ട്. ഇന്ദ്രസിനെ സംബന്ധിച്ചു വീണ്ടും ഒരു ശക്തമായ കഥാപത്രമാണ് ലഭിക്കുന്നത്. സംസ്ഥാന അവാർഡ് നേടിയ ആളൊരുക്കം, സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അപ്പോത്തിക്കിരി തുടങ്ങി ഇന്ദ്രൻസ് ഗംഭീരമാക്കിയ ഒരുപിടി കഥാപാത്രണങ്ങളുടെ ശ്രേണിയിൽ മോഹാബത്തിൻ കുഞ്ഞബ്ദുള്ളയിലെ കുഞ്ഞബ്ദുള്ളയും സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കാം.ബാലു വർഗീസ് നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രന്‍സിനെ കൂടാതെ രഞ്ജി പണിക്കർ, ഇർഷാദ്, പ്രേം കുമാർ, മാമുക്കോയ, അംബിക, രചന നാരായണൻകുട്ടി, മീരാ വാസുദേവ്, മാല പാർവതി, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സംവിധായകൻ ലാൽ ജോസ് ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഓൺ ദി വേ എന്ന ചിത്രത്തിനുശേഷം ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന മൊഹബത്തിൻ കുഞ്ഞബ്ദുള്ള ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്നു. ഛായാഗ്രഹണം ആൻസൂർ. സാഗീതം : ഹിഷാം അബ്ദുൽ വഹാബ്, സാജൻ കെ റാം.
പ്രൊഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര. ഏപ്രിൽ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും
