അബ്രഹാമിന്റെ മക്കൾ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും അടുത്തകാലത്ത് തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന ചിത്രമായിരിക്കും ഇതെന്നും നിർമ്മാതാവ് ജോബി ജോർജ്ജ്. മമ്മൂട്ടി ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജോബി ജോർജ്ജ് തന്റെ പുതിയ സിനിമയെക്കുറിച്ച് മനസ്സ് തുറന്നത്.
“നല്ല പ്രതീക്ഷകളോടെയാണ് അബ്രഹാമിന്റെ സന്തതികൾ തിയേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ആവേശം സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ ഈ ചിത്രം മാറുമെന്നാണ് ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്. ഇതുവരെയുള്ള വർക്കിൽ ഞാൻ നൂറു ശതമാനം സംതൃപ്തനാണ്. വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ എല്ലാ സിനിമയും ചെയ്യാറുള്ളത്. ഇതുവരെ അത് തെറ്റിയിട്ടില്ല. സിനിമ നൂറു ശതമാനവും സംഭവിക്കുന്നതാണ്. കസബയ്ക്ക് ശേഷം നല്ലൊരു മമ്മൂട്ടി പ്രോജക്ട് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും അത് സമയമാകുമ്പോൾ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അടുത്തകാലത്തായി തിയേറ്ററിൽ കൈയടി നേടുന്ന മലയാള ചിത്രങ്ങളിൽ മുന്നിൽ അബ്രഹാമിന്റെ സന്തതികൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.”
ജോബി ജോർജ്ജ് പറഞ്ഞൂ.
“മമ്മൂക്ക തന്നെയാണ് ഈ സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്. ആദ്യം ചിത്രത്തിൻറെ ടൈറ്റിലാണ് പറഞ്ഞത്. അത് കേട്ടപ്പോഴേ എനിക്ക് ഇഷ്ടമായി. കഥ കേട്ടപ്പോൾ ഈ സിനിമ ഞാൻ തന്നെ നിർമ്മിക്കുമെന്ന് ഉറപ്പിച്ചു. മമ്മൂക്കയുടേത് ഒരു പോലീസ് കഥാപാത്രമാണ് എന്നുകൂടി അറിഞ്ഞപ്പോൾ ഏറെ സന്തോഷവും തോന്നി. മമ്മൂക്ക ഇങ്ങോട്ട് വിളിച്ച ഒരു പ്രോജക്ടിനെക്കുറിച്ച പറയുമ്പോൾ അത് നൂറുശതമാനവും കണ്ണടച്ച് ഏറ്റെടുക്കാവുന്നതാണ്. എന്തായാലും തിയേറ്ററിൽ എത്തുന്ന പ്രേക്ഷകർക്ക് നിരാശപ്പെടേണ്ടി വരില്ല” ജോബി ജോർജ്ജ് തുടർന്ന് പറഞ്ഞു.
ജോബി ജോർജ്ജുമായുള്ള അഭിമുഖത്തിന്റെ വിശദ ഭാഗങ്ങൾ തിങ്കളാഴ്ച പുറത്തിറങ്ങുന്ന മമ്മൂട്ടി ടൈംസ് അബ്രഹാം സ്‌പെഷ്യൽ പതിപ്പിൽ വായിക്കാം.
ഗുഡ്‌വിൽ എന്റര്ടെയിന്മെന്റിന്റെ ബാനറിൽ നിർമ്മിച്ച അബ്രഹാമിന്റെ സന്തതികൾ ജൂൺ 16 നു തിയേറ്ററുകളിൽ എത്തും. രണ്ട് മണിക്കൂർ പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ മൂന്ന് ഫൈറ്റും മൂന്ന് സോംഗുമുണ്ട്. ചിത്രത്തിലെ പുറത്തുവന്ന ആദ്യ ഗാനവും ചിത്രത്തിൻറെ ട്രെയിലറും യുട്യൂബിൽ ട്രെൻഡിംഗിൽ നമ്പർ വൺ ആയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.
#abrahamintesanthathikal pic.twitter.com/iIxt6VHUjq
— Haneef Adeni (@haneef_adeni) June 9, 2018
