കേരളത്തിലെ തീയ്യറ്ററുകളിൽ വൻതരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ഈ മാസം 21ന് ജിസിസി റിലീസിന് തയാറെടുക്കുന്നു. ചിത്രത്തിന്റെ യു എ ഇ ഫാൻസ് ഷോ ടിക്കറ്റ് യൂ.എ.ഇ രക്ഷാധികാരിയും മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ സെക്രെട്ടറി സഫീദ് കുമ്മനം ഹനീഫ് അദേനിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മമ്മൂട്ടി ഫാൻസ് അംഗം റോബിൻ പങ്കെടുത്തു.
പതിവിനു വിപരീതമായി ഒരു മമ്മൂട്ടി ചിത്രം ആദ്യ ആഴ്ചയിൽ തന്നെ ഗൾഫ് റിലീസിനെത്തുന്ന സന്തോഷത്തിലാണ് പ്രവാസികളായ മമ്മൂട്ടി ആരാധകർ. വിപുലമായ ഒരുക്കങ്ങളുമായാണ് മമ്മൂട്ടി ഫാൻസ് യു എഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈറ്റ് എന്നീ സ്ഥലങ്ങളിലെ ആരാധകർ കാത്തിരിക്കുന്നത്. മുൻപ്രകാരം ജൂൺ 28-ന് റിലീസ് പ്ലാൻ ചെയ്ത ചിത്രത്തിന്റെ കേരളത്തിലെ അത്ഭുതവിജയമാണ് ഗൾഫ് വിതരണക്കാരെ നേരത്തെ റിലീസ് ചെയ്യാൻ പ്രേരിപ്പിച്ചത്. ചിത്രം കേരളത്തിൽ മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ്. പല കേന്ദ്രങ്ങളിലും ഹൌസ്ഫുൾ പ്രദർശനം തുടരുന്നു. പ്രവർത്തിദിവസമായ ഇന്നും ചിത്രത്തിന് നല്ല ബുക്കിങ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഫാമിലി കൂടെ ഏറ്റെടുത്തതോടെ മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായിരിക്കും അബ്രഹാമിന്റെ സന്തതികൾ എന്നാണ് അണിയറ വൃത്തങ്ങൾ പറയുന്നത്.
ഹനീഫ് അദേനി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ ഓൾ ഇന്ത്യ റിലീസും ജൂൺ 21ന് നടക്കും കൂടാതെ ഈ മാസം 24ന് ചിത്രം ആഫ്രിക്കയിലും ഏഷ്യ പസിഫിക്കിലും പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ യൂ.എസ്. യൂറോപ്. ഓസ്ട്രേലിയ. റിലീസും അതികം വൈകാതെ നടക്കുമെന്ന് നിർമാതാവ് ജോബി ജോർജ് അറിയിച്ചു. ചിത്രം വലിയ വിജയം നേടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ധേഹം പറഞ്ഞു.
