ആട് -2വിന്റെ ഗംഭീര വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് നാളെ തിയേറ്ററുകളിൽ എത്തുകയാണ്.
ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറയുന്ന ഈ ഫാമിലി എന്റെർറ്റൈനെറിൽ കാളിദാസ് ജയറാം ആണ് നായകൻ.
ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസുമായി പങ്കുവയ്ക്കുകയാണ് മിഥുൻ മാനുവൽ.
തയ്യാറാക്കിയത് : പ്രവീൺ ളാക്കൂർ
നാളെ (മാർച്ച് 22ന് )സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമ കാണാൻ വരുന്ന പ്രേക്ഷകരോട് സിനിമയുടെ സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത് ?
സിനിമ എന്നത് തിയ്യറ്ററിൽ വരുന്ന പ്രേക്ഷകനെ എൻറർടൈൻ ചെയ്യാനുള്ളതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇത് ഒരു ഫാമിലി സിനിമയാണ്.
*സിനിമ ഇറങ്ങുന്നതിന് മുമ്പ് സിനിമക്ക് കൊടുക്കുന്ന ഈ അമിത പ്രതീക്ഷകൾ, അവകാശ വാദങ്ങൾ എത്രമാത്രം സിനിമയെ അത് ബാധിക്കാറുണ്ട്?*
ഇതിൽ ഇപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞ പോലെ “നമ്മുടെ സിനിമക്ക് വേണ്ടി സംസാരിക്കേണ്ടത് നമ്മുടെ സിനിമയാണ്”. നമ്മൾ ഇതിന്റെ പ്രീ റിലീസായി എന്തൊക്കെ കാണിച്ചാലും ആദ്യ ദിവസം മാറ്റിനിക്ക് ശേഷം അത് കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരാണ് ഈ സിനിമയുടെ വിധി നിർണയിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
*ഈ സിനിമ ഒരു ചെറുകഥയെ ആസ്പദമാക്കിയിട്ടുള്ള ഒരു ചിത്രമാണ്.മലയാള സിനിമയിൽ ഇതിന് മുമ്പും നോവലുകളും ചെറുകഥകളും എല്ലാം സിനിമയായിട്ടുണ്ട്.ഒരു ചെറുകഥയെ ചലചിത്രമാക്കുമ്പോൾ അതിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?*
കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണെന്നാണ് എനിക്ക് തോന്നി. കാരണം നമുക്ക് ഒരു മുലധനമായിട്ട് ഒരു കഥ കിട്ടുകയാണ്. അതിനെ വികസിപ്പിച്ചെടുക്കലാണ് തിരക്കഥയിലുള്ള എന്റെ ജോലി.അശോകൻ ചരുവിൽ വളരെ നന്നായിട്ട് ആ ഗ്രാമവും അതിലെ കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം എന്റെ ജോലി എളുപ്പമാക്കി തന്നു.
*ഷാജി പാപ്പന്റെ രണ്ടാം വരവിൽ ജയസൂര്യയെ ഒരു മാസ്സ് കഥാപാത്രമായിട്ടാണ് കൊണ്ട് വന്നിരുന്നത്.ഈ സിനിമയിൽ കാളിദാസിന് അത്തരത്തിലുള്ള ഒരു കഥാപാത്രമാണോ ?*
അല്ല. ഈ സിനിമ ഒരു ഗ്രാമീണ തലത്തിലുള്ള ഒരു ശരാശരി നാട്ടിൻപുറം സിനിമയാണ്.
*സിനിമയെ കുറിച്ച് മറ്റു വിശേഷങ്ങൾ?
കാളിദാസ്, ഐശ്വര്യ ലക്ഷ്മി, പിന്നെ തീവണ്ടിയിൽ അഭിനയിച്ച സഫർ ഇവരെ കൂടാതെ 30 പുതുമുഖങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കലാകരൻമാർ ഓഡിഷനിൽ പങ്കെടുത്ത് അവർക്ക് 5 ദിവസത്തെ ട്രൈനിംഗ് കഴിഞ്ഞിട്ടാണ് അവരെ സിനിമയിലേക്ക് ഇറക്കിയത്. സിനിമ നന്നായി കഴിഞ്ഞാൽ അവർക്കൊക്കെ പുതിയ വഴികൾ തെളിഞ്ഞ് വരും. ഇതൊക്കെ നമ്മക്ക് ഒരു പാട് സന്തോഷം നൽകുന്ന കാര്യമാണ്.
*പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് താങ്കളുടെ സംവിധാനത്തിൽ വരുന്ന മമ്മുക്കയുടെ “കോട്ടയം കുഞ്ഞച്ചൻ”. അതിനെ കുറിച്ച് ?*
അതിന്റെ സ്കൃപ്റ്റിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.ഈ സിനിമ റിലീസായതിന് ശേഷം അടുത്ത് തന്നെ മമ്മൂക്കയോട് കഥ പറയുന്നുണ്ട്.
*രണ്ടാം ഭാഗം എന്ന് പറയുമ്പോൾ ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണോ ?*
നമ്മൾ കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ മാത്രമാണ് എടുക്കുന്നത്. കാലത്തിന്റെ ഒഴുക്കിൽ കുഞ്ഞച്ചൻ എവിടെയോ ഉണ്ട്. വർത്തമാന കാലത്തെ കുഞ്ഞച്ചനെയാണ് നമ്മൾ അവതരിപ്പിക്കുന്നത്.
*ആട് 3യെ കുറിച്ച് ?
കോട്ടയം കുഞ്ഞച്ചൻ കഴിഞ്ഞതിന് ശേഷമായിരിക്കും ആട് 3 യിലേക്ക് കടക്കുകയുള്ളൂ.