ആട് 2 ന് ശേഷം മിഥുൻ മാനുവൽ ഒരുക്കുന്ന ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. ഫുടബോൾ കമ്പക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ.
അള്ളുരാമേന്ദ്രൻ എന്ന ചിത്രത്തിനുശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം വിഷുവിനു മുന്നോടൊയായി മാർച്ച് 22ന് തിയേറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ആഷിക് ഉസ്മാൻ.
“അർജൻറീന ഫാൻസ് കാട്ടൂർക്കടവ്” എന്ന പ്രൊജക്ടിലേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത് ?
സംവിധായകൻ മിഥുൻ മാനുവൽ എന്റെ വളരെ അടുത്ത സുഹൃത്താണ്.ഒരു ദിവസം എനിക്ക് അശോകൻ ചെരുവിലിന്റെ ഒരു ചെറുകഥ മിഥുൻ അയച്ച് തരികയുണ്ടായി. വായിച്ച് നോക്കിയപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെടുകയും ഇത് ഒരു സിനിമയാക്കാൻ പറ്റുന്ന വിഷയമാണെന്ന് തോന്നുകയും ചെയ്തു.അങ്ങനെയാണ് ഈ പ്രൊജക്ടിലേക്ക് എത്തിപ്പെടുന്നത്.
കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ ഫുട്ബോൾ ഒരു ലഹരിയാണ്.ഇത് ഒരു കാരണമായോ സിനിമയിലേക്ക് എത്തിപ്പെടാൻ ?
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ഫുട്ബോൾ ഫാൻസ്ക്കാരുടെ കഥ പറയുന്ന സിനിമ തന്നെയാണ്.കൂടാതെ ഒരു റൊമാന്റിക് ആക്ഷൻ മൂവി തന്നെ പറയാം.
ഫാൻസ് എന്ന് പറയുമ്പോൾ സാധാരണ ഒരുക്കൂട്ടം യുവാക്കളുടെ സിനിമയായിരിക്കും പ്രതീക്ഷിക്കുക. അക്കൂട്ടത്തിലുള്ള ഒരു സിനിമയാണോ ഇത് ?
ഫാൻസുകാർ എന്ന് പറയുമ്പോൾ അതിൽ യുവാക്കൾ മാത്രമല്ല ഉൾപ്പെടുക. എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാവുന്ന ഒരു കായിക വിനോദമാണ് ഫുട്ബോൾ. അത് പോലെ തന്നെയാണ് സിനിമയും.
ചെറുകഥകൾ സിനിമയാക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ ഉയർന്നിരുന്നോ ?
ഒരു വിഷയം സിനിമയാക്കുമ്പോൾ അത് എങ്ങനെ നന്നായി അവതരിപ്പിക്കാം എന്നതിലാണ് അതിന്റെ വെല്ലുവിളികൾ ഇരിക്കുന്നത്. മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. അവർ അതിനെ ഭംഗിയായ രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഈ സിനിമയുടെ നിർമാതാവ് എന്ന നിലയിൽ പ്രേക്ഷകരോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത് ?
എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു കംപ്ലീറ്റ് മിഥുൻ മാനുവൽ ചിത്രമായിരിക്കും അർജന്റീന ഫാൻസ് കാട്ടൂർക്കടവ്.
റിലീസിനെ കുറിച്ച് ?
കേരളത്തിൽ ഏകദേശം 140 ഓളം സെന്ററുകളിലായിട്ടാണ് മാർച്ച് 22 ന് റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറത്തും അന്ന് തന്നെയായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യക്ക് പുറത്ത് ഒരാഴ്ച്ചക്ക് ശേഷമായിരിക്കും ചിത്രം എത്തുക.
കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
ഗോപി സുന്ദറിന്റേതാണ് സംഗീതം. മാർച്ച് 22-ന് സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.