# തയ്യാറാക്കിയത് – രോഹിത് കെ.പി
ഇടവേളയ്ക്ക് ശേഷം എത്തുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രം ‘ഒരു യമണ്ടൻ പ്രേമ കഥ’ റിലീസിന് ഒരുങ്ങുകയാണ്. നാദിർഷയുടെ ഹിറ്റ് ഗാനങ്ങളുമായാണ് ബി.സി നൗഫൽ സംവിധാനം ചെയ്‌ത യമണ്ടൻ പ്രേമകഥ എത്തുന്നത്. നാദിർഷ മലയാളത്തിന് പരിചയപ്പെടുത്തിയ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് വർമയും ഹരിനാരായണനും ചേർന്നാണ് ഗാനങ്ങൾ രചിച്ചത് .വിദ്യാധരൻ മാസ്റ്റർ പാടിയ പരമ്പരാഗത ശൈലിയിൽ ഉള്ള ഒരു ഗാനവും വിനീത് ശ്രീനിവാസനും റിമി ടോമിയും ചേർന്ന് പാടിയ ഒരു ഗാനവും ചിത്രത്തിലുണ്ട് . ജാസി ഗിഫ്റ്റും ഒരു ഗാനം പാടിയിരിക്കുന്നു.
1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം മുതൽ കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്ത ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ വരെ വിവിധ സിനിമകളിലായി അൻപതോളം ഗാനങ്ങൾക്ക് നാദിർഷ സംഗീതം പകർന്നിട്ടുണ്ട്. ഇവയിൽ ഫാസ്റ്റ് നമ്പറുകളും മെലഡികളും അടക്കം നിരവധി ഗാനങ്ങൾ സൂപ്പർ ഹിറ്റുകളാണ്.യേശുദാസ്, കെ.എസ് ചിത്ര,എം.ജി ശ്രീകുമാർ,ശ്രേയാ ഘോഷാൽ,കലാഭവൻ മണി,വിജയ് യേശുദാസ്, അഫ്സൽ തുടങ്ങിയ അനുഗ്രഹീത ഗായകരും,ദിലീപ്,പ്രിത്വിരാജ്,ഇന്ദ്രജിത്ത്,ജയസൂര്യ തുടങ്ങിയ താരങ്ങളും നാദിർഷയുടെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വന്തം സംഗീത സംവിധാനത്തിൽ നാദിർഷ പാടിയ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.നാദിർഷയുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും മികച്ച ഗാനങ്ങളാണ് യമണ്ടൻ പ്രേമ കഥയിലേത് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധേ നേടിയിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി ഒരു യമണ്ടൻ പ്രേമ കഥ തീയേറ്ററുകളിൽ എത്തിക്കും.