ഷൂട്ടിംഗ് ലൊക്കേഷനിൽ ഫോട്ടോ എടുക്കാനും ഷൂട്ടിംഗ് കാണാനും എത്തുന്ന ആരാധകരുടെ കാഴ്ചകൾ സർവസാധാരണമെങ്കിൽ ഇന്ന് ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലെ ഷൈലോക്ക് എന്ന മമ്മൂട്ടി സിനിമയുടെ ലൊക്കേഷനിൽ കണ്ട കാഴ്ച അപൂർവമായ ഒന്നായിരുന്നു. അട്ടപ്പാടിയിലേയും മംഗലം ഡാമിലെയും ആദിവാസി കുട്ടികൾ കാടിറങ്ങിവന്നത് മലയാളത്തിന്റെ പ്രിയ നടനെ നേരിൽ കാണാനും തങ്ങളുടെ സ്നേഹവും കടപ്പാടും ആ മഹാനടനോട് പങ്കുവയ്ക്കാനുമായിരുന്നു.
മമ്മൂട്ടി അവർക്ക് കേവലം ഒരു സിനിമാനടനല്ല, മറിച്ചു വർഷങ്ങളായി തങ്ങൾക്ക് സഹായമെത്തിക്കുന്ന മഹാമനുഷ്യനാണ്. തന്നെ കാണാൻ ചുവന്ന റോസാപ്പൂക്കളുമായി എത്തിയ ആദിവാസി കുട്ടികൾക്ക് കൈ നിറയെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി കൂട്ടത്തിൽ ഷൂട്ടിംഗ് കാണാനുള്ള അവരുടെ ആഗ്രഹം കൂടി സാധിപ്പിച്ചുകൊടുത്താണ് മെഗാസ്റ്റാർ അവരെ യാത്രയാക്കിയത്.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി തങ്ങൾ എന്തുപറഞ്ഞാലും സാധിപ്പുച്ചുതരുന്ന ആ മഹാനടനെ നേരിൽകണ്ട് നന്ദി അറിയിക്കാനാണ് കാടിറങ്ങി അവർ എത്തിയത്. പഠനോപകരണങ്ങൾ, വൈദ്യ സഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ വഴി നെന്മാറ നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനി കളിലൂടെ നടപ്പാക്കി വരികയായിരുന്നു.
തങ്ങളുടെ അടുത്ത് ഷൂട്ടിങ് നടക്കുന്നു എന്നറിഞ്ഞു മമ്മൂട്ടിയെ കാണാൻ ട്രൈബൽ പ്രമോട്ടർമാരെയും കൂട്ടിയാണ് അവർ എത്തിയത്. കുട്ടികളെ സ്നേഹവായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കുരുന്നുകളുടെ ആവലാതികൾ ശ്രദ്ധയോടെ കേട്ട അദ്ദേഹമമാകട്ടെ പ്രശ്നപരിഹാരങ്ങളും അപ്പോഴപ്പോൾ കണ്ടെത്തി. കുട്ടികൾക്ക് ഷൂട്ടിങ് കാണാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അതിനുള്ള സൗകര്യം കൂടി ഒരുക്കിക്കൊടുത്താണ് മമ്മൂട്ടി അവരെ യാത്രയാക്കിയത്. ഇവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതൽ പദ്ധതികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
നടൻ രാജകിരൺ, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൗണ്ടേഷൻ ഡയരക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, ഫോറസ്റ്റ് ലീഗൽ ഓഫീസർ ഇന്ദു കെ.ആർ, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എം.റെജീന, രാജഗിരി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ് എന്നിവരും സംബന്ധിച്ചു.
ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയുടെ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലെ ലൊക്കേഷനിലായിരുന്നു ഈ അപൂർവ ഒത്തുചേരൽ നടന്നത്.