“”പോക്കിരിരാജ ഞാൻ ഒരുപാട് തവണ കണ്ട സിനിമയാണ്. അന്ന് ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല, അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിയുമെന്ന്.; അതും എന്റെ ഇഷ്ടനടൻ മമ്മൂക്കയോടൊപ്പം“”
മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടി അനുശ്രീ. ചുരുങ്ങിയ നാൾ കൊണ്ട് മലയാളത്തിലെ യുവനായിക നിരയിൽ ശ്രദ്ധേയയായ അനുശ്രീ ഒരു കട്ട മമ്മൂട്ടി ഫാൻ കൂടിയാണ്. മധുരരാജായിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് എന്ന് അനുശ്രീ.
“മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ്. ഒന്നാമതായി എനിക്ക് നൂറല്ലാ, ആയിരം ഇരട്ടി ഇഷ്ടമാണ് മമ്മൂക്കയെ . ഇപ്പോഴത് രണ്ടായിരമിരട്ടിയായി. ഇതെല്ലാം കൂടി എങ്ങനെ മമ്മുക്കയ്ക്കു കൊടുക്കും എന്ന കൺഫ്യൂഷനിലാണ് ഞാനിപ്പോൾ”
റെഡ് എഫ് എം നു നൽകിയ അഭിമുഖത്തിലാണ് അനുശ്രീ മമ്മൂട്ടിയോടുള്ള തന്റെ കടുത്ത ആരാധന വ്യക്തമാക്കിയത്.
” പോക്കിരിരാജ ഞാൻ ഒരുപാട് തവണ കണ്ട സിനിമയാണ്. അതിലെ സ്റ്റൈലും മേക്കിങുമെല്ലാം ഏറെ ഇഷ്ടപ്പെട്ടതാണ്. ഇന്നും ടിവിയിൽ വരുമ്പോൾ ഞാൻ കുത്തിയിരുന്നു കാണും. അന്ന് പോക്കിരിരാജ കണ്ടു ആവേശം കൊള്ളുമ്പോൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാം കഴിയുമെന്ന്. അതും എന്റെ ഇഷ്ടനടൻ മമ്മൂക്കയോടൊപ്പം. ‘
പോക്കിരി രാജയിൽ ഏറ്റവും ഇഷ്ടമായ കാര്യം എന്ത് എന്ന ചോദ്യത്തിന് “മമ്മൂക്കാനെ… ” എന്നായിരുന്നു അനുശ്രീയുടെ മറുപടി.
“മുന്നും പിന്നും നോക്കാതെ എന്തിനും എടുത്തുചാടുന്ന ഒരു പ്രകൃതമാണ് മധുരരാജായിലെ എന്റെ ക്യാരക്ടറിന്റെത്. വാസന്തി എന്നാണു പേര്. രാജയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ടേക്ക് ജംബർ “
മധുരരാജയിലെ ഏറ്റവും വലിയ പുതുമ എന്താണെന്ന് ചോദിച്ചപ്പോൾ അതിൽ താൻ അഭിനയിക്കുന്നു എന്നതാണ് പുതുമ എന്ന് അനുശ്രീ തമാശയായി പറഞ്ഞു.
നേരത്തെ മോഹൻലാലിനൊപ്പം ഒപ്പം എന്ന സിനിമയിൽ അഭിനയിച്ചു. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ ഇപ്പോഴാണ് അവസരം ഒത്തുവന്നത്. തന്റെ ഇഷ്ടനടൻ മമ്മൂക്കയും നടി മഞ്ജു വാര്യരും ആണെന്ന് അനുശ്രീ പറഞ്ഞു.