Connect with us

Hi, what are you looking for?

Latest News

ആരാണ്  പേരറിയാത്ത, വലിയ  അഭ്യാസിയായ,  ശത്രുക്കളുടെ പേടിസ്വപ്നമായ ആ രാവണാവതാരം ?

By Hadiq Rahman

“ആ വല്യമ്മാമയോളം പോന്ന വല്യ അഭ്യാസി അതിനു മുന്നും പിന്നും ഇല്ലാത്രെ.. കാണാൻ പറ്റാത്ത വേഗം.. അളക്കാൻ പറ്റാത്ത ഉയരത്തിൽ പെരുമലക്കം..  “

ആരാണ് വലിയ അഭ്യാസിയായ ആ വല്യമ്മാമ?

“രാവണനായ അവനെ നേർക്കുനേർ ഇല്ലാതാക്കാൻ ഒരു മഹാ അവതാരം തന്നെ വേണ്ടിവരും.”
ആരാണ് ശത്രു സൈന്യം ഒരുപോലെ ഭയപ്പെടുന്ന ആ രാവണാവതാരം?

മാമാങ്കത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇതുവരെ എവിടെയും വെളിപ്പെടിത്തിയിട്ടില്ല… ചിത്രീകരണം മുതൽ ടീസർ പുറത്തുവിടുന്നതുവരെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം പോലും വ്യക്തമായിരുന്നില്ല. ടീസർ കണ്ട ആരാധകർ ആ പരിഭവം മറച്ചുവച്ചതുമില്ല. മമ്മൂട്ടിയെക്കാൾ പ്രാധാന്യം ഉണ്ണി മുകുന്ദനാണെന്ന് പോലും ഹേറ്റേഴ്‌സ് പ്രചരിപ്പിച്ചു.
എന്നാൽ ട്രെയിലർ പുറത്തുവന്നപ്പോൾ പരിഭവങ്ങൾ ആവേശങ്ങൾക്ക് വഴിമാറി…  അതുവരെ നിഗൂഢമായി ഒളിപ്പിച്ചുവച്ച മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കരുത്ത് എന്തെന്ന് വിളിച്ചോതുന്നതായിരുന്നു ട്രെയിലറിലെ രംഗങ്ങളും ഡയലോഗുകളും.

ടീസറിൽ “ആ വല്യമ്മാമയോളം  പോന്ന ഒരു വല്യ അഭ്യാസി അതിനു മുന്നും പിന്നും ഉണ്ടായിട്ടില്ലെന്ന്”  ചന്ദ്രോത്ത് തറവാട്ടിലെ ഇളംമുറക്കാരൻ പറഞ്ഞുവച്ചിടത്തുനിന്നും ട്രെയിലറിൽ എത്തിയപ്പോൾ ആരാണ് താൻ എന്ന് ഒരു ഡയലോഗിലൂടെ സ്വയം അയാൾ വെളിപ്പെടുത്തി…
“മാമാങ്കത്തിന് വള്ളുവനാട്ടിൽ നിന്ന് ഇന്ന് ഒരാളെങ്കിലും വരുന്നുണ്ട് എങ്കിൽ പുകഴ്‌പെറ്റ പകയുടെ തീ കെടാതെ പെണ്ണുങ്ങൾ അവരുടെ മനസ്സിൽ ചിതയൊരുക്കുന്നതുകൊണ്ടാണ്. അങ്ങനെയുള്ളവരുടെ വയറിലാണ് ഞാനും നീയും പിറന്നത്.”

ശത്രുവിനു നേരെ നോക്കി ആ രാവണാവതാരം  ഒന്നുകൂടി ഉറക്കെപ്പറഞ്ഞു…
“കല്ലായി തുറമുഖത്തെ ഖുറേശിമാരോട് ചോദിച്ചറിയണമായിരുന്നു ചന്ദ്രോത്തെ
ചുരികച്ചൂര്.”

അതേ… അയാൾ ചാവേറായി പൊരുതി മരിക്കാൻ തയ്യാറായ,  ചന്ദ്രോത്ത് തറവാട്ടിലെ വീരശൂര പരാക്രമിയായ,   ചുരിക ചുറ്റി  വായുവിൽ ശത്രുവിനുനേരെ മിന്നൽ പിണർ പോലെ ചാടിവീഴുന്ന ആ വലിയ അഭ്യാസിയായ ആ രാവണാവതാരം !  മാമാങ്കത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ശൗര്യവും ഗരിമയും എന്തെന്നും വരാൻ പോകുന്നത് ഒരു കൊടുങ്കാറ്റാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് മാമാങ്കത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ കൂടുതൽ അടയാളപ്പെടുത്തുന്നത്.
“അടിമയായി ജീവിച്ചു മരിക്കലല്ല,  ചാവേറായി ചാവലാണ് നമ്മുടെ പാരമ്പര്യം.”എന്ന് പറയുന്നിടത്ത് ചന്ദ്രോത്തെ ചാവേറുകളുടെ പാരമ്പര്യം എന്താണെന്ന് വ്യക്തം.

ട്രെയിലറിലൂടെ മമ്മൂട്ടിയുടെ രണ്ടാം ഗെറ്റപ്പ് പുറത്തുവിട്ടപ്പോൾ പിന്നെയും രണ്ടു ഗെറ്റപ്പുകൾ കൂടിയുണ്ട് എന്നൊരു അണിയറ സംസാരം ഉണ്ടായിരുന്നു. എന്നാൽ തികച്ചും യാദൃച്ഛികമായാണ്  മമ്മൂട്ടിയുടെ സ്ത്രൈണ ഭാവത്തിലുള്ള മൂന്നാം ഗെറ്റപ്പ് പുറത്തുവിടുന്നത്. അതിശയങ്ങൾക്കൊപ്പം വൻ തരംഗമായി മാറിയ ആ മൂന്നാം ഗെറ്റപ്പ് മാമാങ്കത്തിന്റെ റേഞ്ച് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതിലും അപ്പുറത്താണെന്ന് വെളിപ്പെടുത്തുകയാണ്.
ശത്രുവിന്റെ മടയിൽ എത്താൻ  അയാൾ ഏതറ്റം വരെയും പോകും എന്നതിനുള്ള തെളിവാണ് സ്ത്രൈണ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ആ പുതിയ ഗെറ്റപ്പ് സൂചിപ്പിക്കുന്നത്.
ഇനി ഒരു നാലാം ഗെറ്റപ്പ് കൂടി ഉണ്ടോ?  അത് തല്ക്കാലം സസ്പെൻസായി തന്നെ നിലനിർത്തുകയാണ് അണിയറ പ്രവർത്തകർ.


അതേസമയം,  ഒരു വടക്കൻ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും അപ്പുറമുള്ള ഒരു ചരിത്ര കഥാത്രമാകും മാമാങ്കത്തിലെ ഈ ചാവേർ എന്ന് നിസ്സംശയം പറയാം.
നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായ മണപ്പുറത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്ക മഹോത്സവം പിന്നീട് സാമൂതിരിയുടെ വരവോടെ രക്തപങ്കിലമായി മാറുകയായിരുന്നു.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.

“ജയിക്കാനായ് കച്ചകെട്ടിയിറങ്ങുന്ന ഒരാണിനെയോർത്തും വള്ളുവനാട്ടിലെ ഒരു പെണ്ണിന്റെയും ഒരു തുള്ളി കണ്ണീരുപോലും വീഴില്ല. വീണാൽ, അത് തീമഴയാകും.”
അതേ… ആ തീമഴ പെയ്യാൻ ഇനി അധികനാളുകൾ ഇല്ല… ഒരു കൊടുങ്കാറ്റായി ശത്രുവിനു നേരെ ആഞ്ഞടിക്കാൻ ആ അവതാരം എത്തുകയായി.
മലയാള സിനിമയിൽ ചരിത്ര പ്രാധാന്യമുള്ള സിനിമകളിൽ ചരിത്ര നായക വേഷങ്ങളും ഇതിഹാസ കഥാപാത്രങ്ങളും അവതരിപ്പിക്കാൻ മമ്മൂട്ടി കഴിഞ്ഞേ മറ്റാരും ഉള്ളൂ എന്ന് വിമർശകർ പോലും അംഗീകരിക്കുന്ന ആ മഹാനടനത്തിന്റെ പുതിയ അവതാരപ്പിറവി കാണാൻ ഇനി അധിക നാളുകൾ ഇല്ല…
ഡിസംബർ 12നു ലോകമൊട്ടുക്കും ആ ഇതിഹാസം അവതരിക്കുകയായി…

ആ ഇതിഹാസത്തെ ആവേശത്തോടെ വരവേൽക്കാനുള്ള അക്ഷമമായ കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A