നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന നടന്മാരിൽ എക്കാലവും മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം.ലോകസിനിമയിൽ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകരെ പരിചയപ്പെടുത്തിയ നടൻ മമ്മൂട്ടി ആയിരിക്കാം. ലാൽജോസ്, ബ്ലെസി, അൻവർ റഷീദ്, മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, ആഷിഖ് അബു, വൈശാഖ് തുടങ്ങി മലയാള സിനിമയിലെ മുൻ നിര സംവിധായകരിൽ പലരും മമ്മൂട്ടിച്ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ചവരാണ്. പ്രതിഭാധനരായ നിരവധി എഴുത്തുകാരുടെ ആദ്യ ചിത്രങ്ങളിലും മമ്മൂട്ടി ആയിരുന്നു നായകൻ. ഇത്തരത്തിൽ മമ്മൂട്ടി സിനിമകളിലൂടെ മലയാള സിനിമയിലെത്തിയ മൂന്ന് പേരുടെ സംഗമത്തിന് ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസ് സിനിമയുടെ ലൊക്കേഷൻ സാക്ഷ്യം വഹിച്ചു. സംവിധായകരായ അൻവർ റഷീദ്, മാർത്താണ്ഡൻ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ എന്നിവരാണ് ആ മൂന്നുപേർ.
ബിപിൻ ചന്ദ്രൻ തന്നെയാണ് മൂവരും ഒരുമിച്ച ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായ രാജമാണിക്യത്തിന്റെ സംവിധായകനായാണ് അൻവർ റഷീദിന്റെ അരങ്ങേറ്റം. തുടർന്ന് മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ എത്തിയ അണ്ണൻ തമ്പിയിലൂടെ ഈ കൂട്ട്കെട്ട് വീണ്ടും ഒരുമിച്ചു. ആഷിഖ് അബുവിന്റെ അരങ്ങേറ്റ ചിത്രം ഡാഡി കൂളിന്റെ സംഭാഷണ രചയിതാവായാണ് ബിപിൻ ചന്ദ്രൻ സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയിലെ നടനേയും താരത്തേയും ഒരുപോലെ ഉപയോഗിച്ച ബെസ്റ്റ് ആക്ടർ എന്ന തകർപ്പൻ സിനിമയുടെ തിരക്കഥ, സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനോപ്പം രചിച്ചതും ബിപിൻ ചന്ദ്രനാണ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന സിനിമയിലൂടെയാണ് മാർത്താണ്ഡൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അച്ഛാദിൻ എന്ന സിനിമയിലും മമ്മൂട്ടിയും മാർത്താണ്ഡനും ഒരുമിച്ചു.എ.ബി.സി.ഡി, കിംഗ് ലയർ, 1983, പാവാട, കെയർ ഓഫ് സൈറാ ബാനു തുടങ്ങിയ ശ്രദ്ധേയങ്ങളായ സിനിമകളുടേയും ഭാഗമായ ബിപിൻ ചന്ദ്രൻ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ചോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ, കേരള കഫെയിലെ ബ്രിഡ്ജ്, അഞ്ചു സുന്ദരികളിലെ ആമി എന്നീ സിനിമകൾ സംവിധാനം ചെയ്ത അൻവർ റഷീദ് വൻ വിജയങ്ങളായ പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, പറവ എന്നീ സിനിമകളുടെ നിർമാതാവുമായി.
അധ്യാപകനും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രനാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘മമ്മൂട്ടി, കാഴ്ചയും വായനയും’ എന്ന പുസ്തകത്തിന്റെ എഡിറ്റർ. മലയാളിജീവിതത്തിലും സാംസ്ക്കാരിക പരിസരങ്ങളിലും മമ്മൂട്ടി എന്ന നടന്റെയും വ്യക്തിയുടേയും ഇടം കൃത്യമായി രേഖപ്പെടുത്തുന്ന ഈ പുസ്തകത്തിൽ മലയാളത്തിന്റെ മഹാ നടനെക്കുറിച്ച് ബിപിൻ ചന്ദ്രൻ എഴുതിയത് ഇങ്ങനെ – “മൂക്കള പ്രായത്തിൽ പൊൻകുന്നം ലീലാമഹൽ തീയേറ്ററിൽ നിന്നും യവനിക കണ്ടതാണ് എന്റെ ആദ്യ സിനിമാ അനുഭവം.ലീലാമഹലിലെ കന്നി ചിത്രമായിരുന്നു യവനിക.ലീലാമഹൽ തീയേറ്റർ കല്യാണ മണ്ഡപമാവുകയും എന്റെ മൂക്കിന് കീഴെ കനത്ത മീശ കൊഴിഞ്ഞു തുടങ്ങികയും ചെയ്യുന്ന ഈ വർത്തമാനകാലാവസ്ഥയിലും മമ്മൂട്ടി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാന്നിധ്യമായി തുടരുന്നത് ചില്ലറക്കാര്യമാണെന്ന് കരുതാനാകില്ല. അങ്ങനെ കരുതുന്നവർക്കുള്ള മറുപടി പണ്ടേ സി.വി രാമൻ പിള്ള പറഞ്ഞിട്ടുണ്ട് – ‘മൂക്കിന് താഴെ പുരികം കുരുത്തപ്പോൾ കണ്ണു വായ്ക്കകത്തായിപ്പോയി’.
സംവിധായകനായി തുടങ്ങി നിർമ്മാതാവായും തിളങ്ങുന്ന അൻവർ റഷീദ് മമ്മൂട്ടിയെക്കുറിച്ച് പറയുന്നതിങ്ങനെ – “അഭിനയിക്കാൻ ഇത്രത്തോളം കൊതിയും ആർത്തിയുമുള്ളൊരു നടനെ സിനിമയിൽ വേറെ കാണാനാകില്ല.ചെറുപ്പക്കാരേക്കാൾ എക്സൈറ്റ്മെന്റാണ് അദ്ദേഹത്തിന്.മമ്മൂക്ക ഇന്നും മലയാള സിനിമയിലെ സജീവ സാന്നിധ്യമായി നില നിൽക്കുന്നതിന്റെ കാരണവും അത് തന്നെ.എത്രയോ വലിയ നടന്മാർ അവരുടെ പ്രായത്തിന്റെ ഒരവസ്ഥ കഴിഞ്ഞാൽ സിനിമയിൽ നിന്ന് മാറുന്നതും, മാറിയില്ലെങ്കിൽ തന്നെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നതും നാം കാണുന്നു.രാജ മാണിക്യം , തുറുപ്പുഗുലാൻ പോലെ ഉള്ള സിനിമകളിലെ കഥാപാത്രങ്ങൾ ഒരു നടൻ സാധാരണ അയാളുടെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിലായിരിക്കും ചെയ്യാൻ സാധ്യത.അതിനു ശേഷമായിരിക്കും ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിലേക്ക് എത്തുക.പക്ഷേ മമ്മൂക്കയിൽ നാം കാണുന്നത് നേരെ വിപരീതമായിട്ടുള്ള ഒരു മാറ്റമാണ്.അഭിനയിക്കുന്നിടത്തോളം കാലം മമ്മൂക്ക ഒരു താരമായിത്തന്നെയായിരിക്കും നിലനിൽക്കുക.മറ്റു പലരും നടൻ എന്ന നിലയിൽ നില നിന്നേക്കും. എന്നാൽ മമ്മൂക്ക നടനും താരവുമായി തന്നെ തുടരും. അഭിനയ മികവും സൗന്ദര്യവും കൊണ്ട് മാത്രം ഒരാൾക്ക് ഇത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.ധാരാളം കാര്യങ്ങൾ ഇതിന് ബാധകമാണ്”