പതിനെട്ടാം പടി : ഇത് ഞങ്ങൾ തിരുവനന്തപുരം തൈക്കാട് മോഡൽ ബോയ്സിന്റെ കഥ .: ഒരു പൂർവ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറലാകുന്നു.
മോഡൽ സ്‌കൂൾ എന്ന് പറയുമ്പോ അതിന്റെ ജോഗ്രഫി കൂടി നമ്മൾ മനസിലാക്കണം . തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്‌കൂളിലേക്ക് കഷ്ടി 1 km ദൂരം. ഒരു 2 കിലോമീറ്റർ ചുറ്റളവിൽ ലാലേട്ടന്റെ സ്വന്തം ശ്രീകുമാർ ഉൾപ്പടെ നഗരത്തിലെ മുഴുവൻ തീയറ്ററുകളും കൈപ്പിടിയിൽ .SFI ക്കു വേണ്ടി സമരം വിളിക്കാൻ സെക്രട്ടറിയേറ്റ് പിടിക്കാൻ 15 മിനിറ്റ് നടന്നാ മതി . വിപ്ലവം തലയ്ക്കു പിടിപ്പിക്കാൻ ഒരു മതിലിനപ്പുറം ആർട്സ് കോളേജിലെ ചേട്ടന്മാർ. പിന്നെ അവരുടെ കൂടെ സ്ട്രൈക്ക് വിളിച്ചു ജാഥയുടെ കൂടെ ഒട്ടി ചേർന്ന് വായുനോക്കാൻ പോകുന്ന വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളും വിമൻസ് കോളേജും തൊട്ടു മുകളിൽ. ലോകത്തിലെ ഏറ്റവും വല്യ stores – ഉണ്ണിസ് സ്റ്റോർസ് തൊട്ടു മുന്നിൽ – ഇവിടെ കിട്ടാത്തതൊന്നും ഭൂമിയിലില്ല ;). പിന്നെ ചങ്കിലെ ചെങ്കൽ ചുള്ളയും , സ്‌കൂളിലെ എല്ലാ അടിപിടി പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഇടയ്ക്കിടക്ക് സ്‌കൂളിൽ കയറിയിറങ്ങുന്ന ചുള്ളേലെ പയലുകൾ ഒരു വിളിപ്പാടകലെ മാത്രം ജീവിക്കുന്നു.
മോഡൽ സ്‌കൂൾ എന്നും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂൾ ആയിരുന്നു . അവിടെ ചുമട്ടുതൊഴിലാളിയുടെ മകനും , ksrtc ഡ്രൈവറുടെ മകനും , ബേക്കറി കടക്കാരന്റെ മോനും കവല ചട്ടമ്പിയുടെ മോനും കളിച്ചും ചിരിച്ചും കൊണ്ടും കൊടുത്തും പഠിച്ചു വളരുന്നു . ഇവിടുത്തെ അധ്യാപകരും , പഠിച്ച വിദ്യാർത്ഥികളും പിന്നീട് legends ആയി മാറിയ എത്രയോ ഉദാഹരണങ്ങൾ !!
ആർട്സ് ക്ലബ്ബിന്റെ ശക്തി മ്യൂസിക് ടീച്ചർ പദ്മനാഭപുരം സാർ , പിന്നെ എവേർഗ്രീൻ all rounder ബാലചന്ദ്രൻ സാർ, ലൂക്കോസ് സാർ , പിന്നെ ഇവരുടെയൊക്കെ തല്ലു കൊണ്ട് വളർന്ന ലാലേട്ടൻ , പ്രിയൻ, മണിയൻപിള്ള തൊട്ടു ബാലഭാസ്കർ വരെ നീളുന്ന പ്രതിഭകളെ സംഭാവന ചെയ്ത സ്വന്തം ചങ്ക് സ്‌കൂൾ.
പതിനെട്ടാം പടി ട്രൈലെർ കണ്ടപ്പോൾ ശരിക്കും ഞങ്ങൾ മോഡൽ സ്‌കൂളിൽ പടിച്ചിറങ്ങിയവർക്ക് പഴയ സ്‌കൂൾ കാലഘട്ടത്തിലോട്ടു ഒരു തിരിഞ്ഞു പോക്കായിട്ടാണ് ആയിട്ടാണ് ഫീൽ ചെയ്തത് . സ്ഥിരം സിനിമ കോടതി ഷൂട്ടിംഗ് ലൊക്കേഷൻ ആണ് ഞങ്ങടെ സ്കൂൾ എങ്കിലും , മോഡൽ സ്കൂളിന് ഒരു കഥ പറയാനുണ്ടെങ്കിൽ , അത് സ്വന്തം പേരിൽ തന്നെ കഥ പറയുന്ന സിനിമയാക്കിയാൽ , അത് സിറ്റിയിലെ മറ്റൊരു പോഷ് സ്‌കൂളിൽ (ക്രൈസ്റ്റ് നഗർ) പഠിച്ച ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്‌താൽ എങ്ങനെയിരിക്കും അതിനുത്തരം ആയിരിക്കും ഈ പതിനെട്ടാം പടി : അതായത് പതിനെട്ടാം വയസിനു വേണ്ടി ചെക്കന്മാരെ രാകി മിനുക്കിയെടുക്കാൻ പറ്റിയ ഒരു സ്‌കൂളിന്റെ കഥ.
കട്ട വെയ്റ്റിംഗ് 💝💝