‘ഉണ്ട’ വെറും ഉണ്ടയല്ല… !
ഇത് പ്രേക്ഷഹൃദയങ്ങളിലേക്ക് തുളച്ചു കയറുന്ന ഉണ്ട… !!!
ഹാദിഖ് റഫീഖ്
അതേ… ഈ ‘ഉണ്ട’ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് തുളച്ചുകയറുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രസിപ്പിച്ചും മലയാള സിനിമയ്ക്ക് ഒരു റിയൽ പോലീസ് സ്റ്റോറി സമ്മാനിച്ചു ഖാലിദ് റഹ്‌മാനും സംഘവും ചേർന്ന് മലയാള സിനിമയ്ക്ക് പുതിയൊരു കാഴ്ച്ചാനുഭവം സമ്മാനിക്കുന്ന ഈ സിനിമ പ്രേക്ഷകർ നെഞ്ചോട് ചേർക്കുകയാണ്.
മമ്മൂട്ടി എന്ന നടൻ ഒരു വിസ്മയമായി മാറുകയാണ്. ഭീരുവായ എസ് ഐ മണികണ്ഠൻ ആയി മമ്മൂട്ടി നടത്തുന്ന പരകായപ്രവേശം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തും. വീരശൂര പരാക്രമിയായ മധുരരാജയെന്ന മാസ് കഥാപാത്രത്തിൽ നിന്നും തികച്ചും റിയലിസ്റ്റിക്കായ, ഭീതി എന്ന വികാരം പേറി നടക്കുന്ന മാണിസാറിലേക്കുള്ള ആ മാറ്റം തന്നെയാണ് ഫ്ളക്സിബിലിറ്റി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. അതേ, ഒരു ജീനിയസ്സായ ആർട്ടിസ്റ്റിനെക്കൊണ്ട് മാത്രമേ ഈ മണിസാറിനെ ഇത്രയും നാച്വറലായി അവതരിപ്പിക്കാൻ കഴിയൂ… മമ്മൂട്ടിയിലെ ആ നടനവൈഭവത്തെ തന്റെ ബ്രില്യന്റ് മേക്കിങ്ങിലൂടെ പുറത്തെടുത്ത ഖാലിദ് റഹ്‌മാനു നമുക്ക് ഒരു ബിഗ് സല്യൂട്ട് നൽകാം.
ബോക്സോഫീസിലും ഈ ഉണ്ട തുളച്ചുകയറും എന്നുതന്നെയാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഫാൻസ് ഷോകളുടെ ബഹളങ്ങളില്ലാതെ, ഇടിച്ചുകുത്തിക്കയറുന്ന ആദ്യ ഷോകൾ ഇല്ലാതെ തന്നെ തുടങ്ങിയ ‘ഉണ്ട’ ഫസ്റ്റ് ഷോയോട് കൂടി ഹൗസ് ഫുൾ ബോഡുകൾ തൂങ്ങുന്നിടത്തേക്കും സ്പെഷ്യൽ അഡീഷണൽ ഷോകളിലേക്കും നീങ്ങി എന്നതുതന്നെ ഉണ്ട ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്.
ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സൃഷ്ടിച്ച ഈ സിനിമ ഒരു സ്ഥിരം സിനിമാറ്റിക് പോലീസ് സ്റ്റോറിയല്ല.. മമ്മൂട്ടിയെന്ന മെഗാ താരത്തിന്റെ അമാനുഷിക പ്രകടനങ്ങളും കോരിത്തരിപ്പിക്കുന്ന പഞ്ച് ഡയലോഗുകളും ഇല്ലാ… എന്നിട്ടും ഈ ഉണ്ട പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം ഈ സിനിമ നൽകുന്ന ഫ്രഷ്‌നസ്സ് തന്നെയാണ്.
മമ്മൂട്ടി തുടങ്ങി താരതമ്യേന പുതുമുഖമായ അർജുൻ അശോകൻ വരെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നിടത്താണ് ഈ സിനിമയുടെ വിജയം.
അനുരാഗകരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ തന്നെ താൻ നല്ലൊരു ഫിലിം മേക്കറാണെന്നു തെളിയിച്ച ഖാലിദ് റഹ്‌മാനും കെട്ടുറപ്പുള്ള തിരക്കഥ ഒരുക്കിയ ഹർഷദുമെല്ലാം കൈയടി നേടുന്നു.
സിനിമയുടെ കഥയ്ക്കൊപ്പം പ്രേക്ഷകന്റെ കാഴ്ചകളെയും കൂട്ടിക്കൊണ്ടുപോകുന്ന സജിത്ത് പുരുഷന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ ചടുലമായ എഡിററിംഗും ചിത്രത്തിന്റെ മൂഡിനമുസരിച്ച് പ്രേക്ഷകരുടെ മനം ത്രസിപ്പിക്കുന്ന പ്രശാന്ത് പിള്ളയുടെ സംഗീതവുമെല്ലാം കൂടിച്ചേരുമ്പോൾ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു റിയലിസ്റ്റിക് പോലീസ് സ്റ്റോറി ആയി ഉണ്ട മാറുന്നു. ഒപ്പം നമ്മുടെ പോലീസ് സേനയ്ക്കും അഭിമാനത്തോടും ആവേശത്തോടും തന്നെ പറയാം, ഇത് ഞങ്ങൾ പച്ചയായ പോലീസ് മനുഷ്യരുടെ കഥയാണെന്ന്… !
വരും ദിവസങ്ങളിൽ മലയാളക്കര ചർച്ച ചെയ്യാൻ പോകുന്നതും ഈ പോലീസ് ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആയിരിക്കും.
നന്ദി മിസ്റ്റർ ഖാലിദ് റഹ്‌മാൻ..
വെൽഡൺ മമ്മൂക്ക…