ലോകം മുഴുവനുമായുള്ള ഇന്ത്യൻ പ്രേക്ഷകരെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചരിത്ര പശ്ചാത്തലത്തിൽ ഉള്ള മാമാങ്കം ഒരുങ്ങുന്നത് എന്നത് മലയാള സിനിമാ വ്യവസായത്തിനു കൂടുതൽ ഊർജം പകരുന്നു. ബാഹുബലിയും, കെ.ജി.എഫും പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സൗത്ത് ഇന്ത്യൻ സിനിമാ വ്യവസായത്തിനു തുറന്നിട്ട സാധ്യതകളെ ഇന്ത്യൻ സിനിമയിലെ മഹാനടനായ മമ്മൂട്ടിയിലൂടെ ബൃഹത്തായ രീതിയിൽ വിനിയോഗിക്കാൻ ഒരുങ്ങുകയാണ് മാമാങ്കത്തിൻറ്റെ നിർമാതാവായ വേണു കുന്നപ്പിള്ളി.
1989 മലയാള സിനിമയുടെ സുവർണകാലഘട്ടമായാണ് പൊതുവേ കരുതപ്പെടുന്നത് , മലയാള സിനിമയുടെ മറ്റൊരു പുതിയ കാലഘട്ടം തുടങ്ങുന്നത് പോലും 1989 മുതലാണ്, അതിനു ഒരു നിമിത്തമായി മാറിയ സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു വടക്കൻ വീരഗാഥ. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ ഇപ്പോഴും ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നായാണ് കരുതിപോരുന്നത്. ഒരു വടക്കൻ വീരഗാഥയ്ക്ക് ശേഷം 20 വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി മറ്റൊരു ചരിത്ര സിനിമയായ കേരളവർമ്മ പഴശ്ശി രാജയുമായി എത്തുന്നത്.ഒരു വടക്കൻ വീരഗാഥയുടെ വിജയശിൽപ്പികൾ ഒരിക്കൽക്കൂടി ഒന്നിച്ച പഴശ്ശിരാജ മലയാള സിനിമയുടെ മുഖവും പ്രതീക്ഷയും മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. മലയാള സിനിമക്ക് കളക്ക്റ്റ് ചെയ്യാൻ പറ്റുന്ന തുകയ്ക്ക് ഒരു പരിധി ഉണ്ടെന്നു കരുതിയ ഭൂരിപക്ഷത്തെ അമ്പതു കോടിയ്ക്കടുത്തു കളക്റ്റ് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു മെഗാസ്റ്റാർ മമ്മൂട്ടി താൻ ഒരിക്കൽക്കൂടി ചരിത്ര സിനിമയുടെ ഭാഗമായപ്പോൾ.
പഴശ്ശി രാജ കഴിഞ്ഞു പത്തു വർഷങ്ങൾക്കു ശേഷം മാമാങ്കം എന്ന മറ്റൊരു ചരിത്ര പശ്ചാത്തലത്തിൽ ഉള്ള സിനിമയുമായി മെഗാസ്റ്റാർ മമ്മൂട്ടി വരുമ്പോൾ മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് ഉള്ളത്. മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ മഹാമാമാങ്കത്തിന്റെ പൂർത്തീകരണത്തിനു മലയാള സിനിമ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് കാവ്യ ഫിലിംസിന്റെ സാരഥിയായ വേണു കുന്നപ്പള്ളിയോടാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാമാങ്കത്തെക്കുറിച്ചു വേണു കുന്നപ്പള്ളിക്കുള്ള കാഴ്ച്ചപ്പാടുകൾ മമ്മൂട്ടി ടൈംസുമായി പങ്കുവയ്ക്കുകയാണ് നിർമ്മാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളി.
•മാമാങ്കത്തെക്കുറിച്ച്
കേരളത്തിന്റെ സംസ്ക്കാരവുമായി വളരേ ബന്ധപ്പെട്ടു കിടക്കുന്ന മാമാങ്കം എന്ന വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണ് മാമാങ്കം. ഏതാണ്ട് ഒന്നര വർഷം മുൻപ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. മലയാള സിനിമയിൽ വാസ്തവം മുതൽ ജോസഫ് വരെയുള്ള മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം ഒരു വലിയ ക്യാൻവാസ്സിൽ ബിഗ് ബഡ്ജറ്റ് മൂവിയായാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് മാമാങ്കത്തിൻറ്റെ ഹൈ ലൈറ്റ്.
•ടെക്ക്നിക്കലി സ്ട്രോങ്ങ്
വർത്തമാനകാലത്തിനു മുന്നിൽ ചരിത്രത്തെ പുനരാവിഷ്ക്കരിക്കുക എന്നത് ചിലവേറിയ ഒന്ന് തന്നെയാണ്. ബഡ്ജറ്റിനോടൊപ്പം തന്നെ ടെക്നിക്കലി മികച്ചു നിൽക്കുന്ന ആളുകൾ കൂടെ ഉണ്ടെങ്കിൽ മാത്രമെ ചരിത്രത്തെ പുനരാവിഷ്ക്കരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കാൻ സാധിക്കുകയുള്ളു.. മാമാങ്കത്തിനൊപ്പം ഓരോ മേഖലയിലും മികച്ച ടെക്‌നീഷ്യൻമാരെ കാണാൻ കഴിയും, അവരാണ് ഈ മഹാമാങ്കത്തിന്റെ കരുത്ത്. ടെക്‌നീഷ്യൻസിൻറ്റെ കാര്യത്തിലേക്ക് വരുമ്പോൾ മാമാങ്കത്തിന്റെ ടെക്‌നീഷ്യൻസ് അവരെല്ലാം തന്നെ തങ്ങളുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. ബാഹുബലിക്ക് vfx ഒരുക്കിയിട്ടുള്ള കമല കണ്ണൻ ആണ് മാമാങ്കത്തിന് വേണ്ടി ഗ്രാഫിക്സുകൾ ചെയ്യുന്നത് . മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ആണ് മാമാങ്കത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പത്മാവദ് തുടങ്ങിയ സിനിമകൾക്കു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന സഞ്ജിത് ബെൽഹാരയാണ് മാമാങ്കത്തിൻറ്റെ ബാക്ക്ഗ്രൗണ്ട്സ്‌കോർ ചെയ്തിരിക്കുന്നത്. ബാഹുബലി തുടങ്ങി സിനിമകൾക്കു സ്‌പെഷ്യൽ സൗണ്ട് എഫ്ക്റ്റ് ചെയ്തിരിക്കുന്ന സതീഷാണ് സൗണ്ട് ചെയ്യുന്നത്. മികച്ച കോസ്റ്റൂമർക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള എ.സ്.ബി സതീഷ് ആണ് മാമാങ്കത്തിൻറ്റെ കോസ്റ്റും ചെയ്യുന്നത്. മലയാളത്തിൻറ്റെ പ്രിയപ്പെട്ട ക്യമറാമാൻ മനോജ് പിള്ളയാണ് ഛായാഗ്രഹണം. മുകളിൽ പറഞ്ഞവരുടെയൊക്കെ കൂട്ടായ പ്രയത്നത്തിൻറ്റെ ശ്രമം കൂടിയാണ് മാമാങ്കം.
•മമ്മൂക്ക
മമ്മൂക്ക ഇതിനു മുൻപ് ചെയ്ത രണ്ടു ക്ലാസിക്ക് കഥാപാത്രങ്ങൾ ആണ് ചന്തുവും പഴശ്ശിരാജയും. അതു കൊണ്ട് തന്നെ ആ രണ്ടു കഥാപാത്രങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകർക്കു മാമാങ്കത്തിലൂടെ നൽകുക എന്നൊരു ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്. ആ ഉത്തരവാദിത്യം മാമാങ്കത്തിൽ ഞങ്ങൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് എന്ന് കൂടി കരുതുന്നു. ആക്ഷനും ഡ്രാമയും ഒരേ പോലെ മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രം ആണ് മാമാങ്കത്തിൽ മമ്മൂക്ക ചെയ്യുന്നത്.
• വിവാദങ്ങൾ
= വിവാദങ്ങൾ സിനിമയെ ബാധിച്ചിട്ടില്ല. മറിച്ചു സിനിമയുടെ മേക്കിങ്ങിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം സിനിമയുടെ ബഡ്ജറ്റ് വല്ലാതെ കൂടി. ആദ്യം ഷൂട്ട് ചെയ്ത കൂടുതൽ സംഭവങ്ങളും നമ്മൾ വീണ്ടും റീഷൂട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ. മുൻപ് ഷൂട്ട് ചെയ്ത സംഭവങ്ങൾ ഒഴിവാക്കി ആദ്യം മുതലേ സിനിമയുടെ ചിത്രീകരണം നടത്തുക എന്നത് സിനിമകളിൽ പൊതുവായി സംഭവിക്കുക ഒന്നാണ്. മുൻപ് ചിലവഴിച്ച തുകയേക്കുറിച്ചുള്ള ഭയം കാരണം മലയാളത്തിലെ നിർമാതാക്കൾ മുൻപ് അങ്ങിനെ ചെയ്തിട്ടില്ല. ഞാൻ അങ്ങിനെ ചെയ്തതു അത് മലയാള സിനിമയിൽ ആദ്യമായായിരുന്നു അതു കൊണ്ടാണ് അത് വാർത്തയായത്. മമ്മൂക്കയെ വെച്ച് മാമാങ്കം പോലൊരു സിനിമ ഒരുക്കുമ്പോൾ അതിൻറ്റെ ക്വാളിറ്റിയിൽ വിട്ടു വീഴ്ചകൾ ഉണ്ടാവാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. 1979ൽ മാമാങ്കം എന്ന സിനിമ മനോഹരമായി തന്നെ നമുക്ക് മുന്നിൽ നവോദയ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ട് 40 വർഷങ്ങൾക്കിപ്പുറത്തു വീണ്ടും ഒരു മാമാങ്കം വരുമ്പോൾ പ്രേക്ഷകരെ എല്ലാ രീതിയിലും തൃപ്തിപെടുത്തുന്ന ഒരു സിനിമ തന്നെയാവണം അത് എന്ന് ഞാൻ കരുതുന്നുണ്ട്. എൻറ്റെ ചിന്തകൾക്കും പ്രതീക്ഷയ്‌ക്കും അനുസരിച്ചുള്ള ഒരു സിനിമ വരില്ല എന്ന് തോന്നിയപ്പോൾ നല്ല ഒരു സിനിമ ഉണ്ടാവാൻ വേണ്ടി മാത്രമാണ് റീ ഷൂട്ട് ചെയ്യാൻ ഞാൻ നിർബന്ധിതനായത് അല്ലാതെ അതിനു പിന്നിൽ വേറെ ഒരു അജണ്ടയും ഇല്ല.
•മാമാങ്കത്തിലെ സംഘട്ടന രംഗങ്ങൾ
= തീർച്ചയായും, ബാഹുബലി പോലെയോ ത്രീഹൻഡ്രഡ് പോലെയോ ഉള്ള ഒരു യുദ്ധപശ്ചാത്തലത്തിൽ വരുന്ന മൂവി നമ്മുടെ ഇൻഡസ്ട്രിയിൽ അധികം വന്നിട്ടില്ല, സ്റ്റണ്ടിനു ഈ സിനിമയിൽ വളരേയധികം പ്രാധാന്യം ഉണ്ട് എന്ന് തന്നെ പറയാം. ഏതാണ്ട് അറുപതോളം ദിവസങ്ങൾ മാമാങ്കത്തിന് ആക്ഷൻ ചെയ്യാൻ വേണ്ടി തന്നെ മാറ്റിവെച്ചു.ദങ്കൽ, ബജ്റങ്കോ മസ്താനി പോലുള്ള സിനിമകൾക്കു ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന ഇന്ത്യൻ സിനിമയിലെ മികച്ച സ്റ്റണ്ട് മാസ്റ്റർ ആയ ശ്യാം കൗശൽ ആണ് മാമാങ്കത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് .
•ബഡ്ജറ്റ്
മാമാങ്കത്തിൻറ്റെ ബഡ്ജറ്റ് ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല. സിനിമ പറയുന്ന കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആർട്ട്,കോസ്റ്റ്യൂം,അനിമൽസ് എന്നിവ എളുപ്പത്തിൽ റീക്രിയേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല ,പിന്നെ ഈ സിനിമയുടെ നട്ടെല്ല് ആയിമാറിയേക്കാവുന്ന കമ്പ്യൂട്ടർ ഗ്രാഫിക്സ്. ഇതിനെല്ലാം മലയാള സിനിമക്കു ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്തുള്ള ചിലവുകൾ ഉണ്ടായിട്ടുണ്ട്.ബഡ്ജറ്റിനെക്കുറിച്ച് ഇപ്പോൾ പുറത്തു പറഞ്ഞു സിനിമ കാണാൻ പോകുന്നതിനു മുൻപ് പ്രേക്ഷകർക്ക് ബഡ്ജറ്റിനെക്കുറിച്ചു ചിന്തിച്ചു കൊണ്ടുള്ള ഒരു ഹൈപ്പ് ഉണ്ടാക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല .എന്തായാലും ഒന്ന് ഉറപ്പിച്ചു പറയാം ഇതുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് മാമാങ്കം.
•വിപണി സാധ്യതകൾ
മാമാങ്കം ഒരു പാൻ ഇന്ത്യൻ മൂവിയായി തന്നെയാണ് ഇതിൻറ്റെ തുടക്കം മുതൽ പ്ലാൻ ചെയ്തിരിക്കുന്നത്. മാമാങ്കത്തിലെ കഥാസന്ദർഭങ്ങളും, സംഭാഷണങ്ങളും എല്ലാം തന്നെ ഇന്ത്യയിലെ എല്ലാവർക്കും എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ തന്നെയാണ് ആലോചിച്ചിരുന്നത്. കേരളത്തിൽ ആണ് കഥ നടക്കുന്നത് എങ്കിൽ കൂടിയും യൂണിവേഴ്സൽ ആയി സ്വീകരിക്കാൻ കഴിയുന്ന ഒരു കോമൺ മൂവിയാവും മാമാങ്കം എന്ന് കരുതുന്നു.ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആയി ഡബ് ചെയ്തു കൊണ്ട് തന്നെയാണ് സിനിമ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്‌തിരിക്കുന്നത്. മാമാങ്കത്തിൻറ്റെ മാർക്കറ്റിംഗ് ജോലികൾ മുംബൈ, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ തുടങ്ങി കഴിഞ്ഞു. ദേശീയ തലത്തിൽ നമ്മുടെ മലയാള സിനിമയുടെ മാർക്കറ്റ് എത്ര കണ്ടു കൂട്ടാൻ കഴിയുമോ അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തികൊണ്ടിരിക്കുന്നുണ്ട് .