മമ്മൂട്ടി നായകനായി ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു പേരന്‍പ്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്, ഇപ്പോഴിതാ കൊറിയയില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എംബസി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിയോള്‍-ബുസാന്‍, കൊറിയന്‍ ഫിലിം ആര്‍ച്ചീവ് തുടങ്ങിയവ ചേര്‍ന്നാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 16നും 20നുമാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക.
അമുതവൻ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദർശിപ്പിച്ച എല്ലായിടങ്ങളിലും ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു. ശ്രീ രാജ ലക്ഷമി ഫിലിംസിന്റെ ബാനറിൽ PL തേനപ്പൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സാധന, അഞ്ജലി, അഞ്ജലി അമീർ, സമുദ്രക്കനി, എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കേരളത്തിൽ ചിത്രം പ്രദർശനത്തിന് എത്തിച്ചത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. വരും നാളുകളിൽ കൂടുതൽ പുരസ്‌കാരങ്ങൾ ചിത്രത്തിന് നേടാൻ ആയേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.