നിരവധി തകർപ്പൻ പോലീസ് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പോലീസ് കഥാപാത്രങ്ങളിൽ മിക്കവയും വ്യത്യസ്തവുമാണ്. ആവനാഴിയും ഇൻസ്‌പെക്ടർ ബൽറാമും അടക്കം ബോക്സ് ഓഫീസ്സിൽ പ്രകമ്പനം സൃഷ്‌ടിച്ച മമ്മൂട്ടി ചിത്രങ്ങൾ നിരവധിയാണ്. മമ്മൂട്ടി ഡെറിക്ക് അബ്രഹാം എന്ന തകർപ്പൻ പോലീസ് കഥാപാത്രമായി എത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം അബ്രഹാമിന്റെ സന്തതികൾ നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മെഗാ സ്റ്റാറിന്റെ മറ്റൊരു പോലീസ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിൽ ഇൻസ്പക്ടര്‍ മണിസാറായി മമ്മൂട്ടി എത്തുന്നു.സംവിധായകന്റെ കഥയ്ക്ക് ഹർഷദാണ് തിരക്കഥ ഒരുക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഛത്തീസ്ഗസും ബാംഗ്ലൂരും കാസർഗോഡുമാണ്. മണിസാറും അദ്ദേഹത്തിന്റെ ബറ്റാലിയനും ഡ്യൂട്ടിയുടെ ഭാഗമായി ഛത്തീസ്ഗഡിലേക്ക് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘ഉണ്ട’ പറയുന്നത് . ഷൈൻ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി,സുധി കോപ്പ, ദിലീഷ് പോത്തൻ ,അർജുൻ അശോകൻ, അലൻസിയർ, തുടങ്ങി വൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഭഗവാൻ തിവാരിയും പ്രധാന വേഷത്തിലെത്തുന്നു.ജമിനി സ്റ്റുഡിയോസും കൃഷ്ണൻ സേതുകുമാറിന്റെ മൂവി മില്ലും ചേർന്നാണ് ഉണ്ടയുടെ നിർമ്മാണം.ജമിനി സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുക. ചിത്രത്തിന്റെ പോസ്റ്ററിന് സിനിമാ ആസ്വാദകർക്കിടയിലും ചലച്ചിത്ര പ്രവർത്തകർക്കിടയിൽനിന്നും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ 2019 ലെ ആദ്യ റിലീസ് ‘ഉണ്ട’ ആയിരിക്കും
