തിരക്കഥയുടെ കരുത്തും സംവിധാന മികവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ഛായാഗ്രഹണവും സംഗീതവും അടക്കമുള്ള മേഖലകളിലെ മേന്മയുമൊക്കെച്ചേർന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉണ്ട . മലയാള സിനിമയിൽ ഒരു പോലീസ് സ്റ്റോറി ഇത്ര റിയലിസ്റ്റിക്കായി ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഉണ്ടയെക്കുറിച്ചുള്ള പൊതു അഭിപ്രായം. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ബോക്സ് ഓഫീലും മികച്ച വിജയം കൈവരിക്കുമ്പോൾ ചിത്രത്തിന്റെ സംവിധയകൻ ഖാലിദ് റഹ്‌മാൻ, തിരക്കഥാകൃത്ത് ഹർഷദ്, നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ എന്നിവർ മമ്മൂട്ടി ടൈംസിനോട്:
മമ്മൂക്ക നടത്തിയത് പകരം വയ്ക്കാനാകാത്ത പ്രകടനം : ഖാലിദ് റഹ്‌മാൻ
ഉണ്ട പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. ടീം വർക്കിന്റെ വിജയമാണ് ഇത്. വളരെ മികച്ച പ്രതികരണങ്ങൾ കിട്ടുന്നുവെങ്കിലും ചിത്രം ഇനിയും നന്നാക്കാമായിരുന്നു എന്നാണ് തോന്നിയത്. ഒരു താരത്തെ കേന്ദ്രീകരിച്ചല്ല ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത് എന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. മുഖ്യ കഥാപാത്രമായ മണി സാറായി മമ്മൂക്ക നടത്തിയത് പകരം വെയ്ക്കാനാകാത്ത തരം പ്രകടനം തന്നെയാണ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്. അദ്ദേഹത്തെപ്പോലെ അനുഭവ പരിചയമുള്ള , തന്റെ കഥാപാത്രത്തിന് വേണ്ടിയും സിനിമയുടെ പൂർണതയ്ക്കായും ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു അഭിനേതാവ് ഉണ്ടയിലെ കേന്ദ്ര കഥാപാത്രമായി എത്തിയത് ചിത്രത്തെ ഏറെ സഹായിച്ചു.മറ്റു അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങി സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടേയും പരിശ്രമത്തിന്റെ വിജയമാണിത്. ഉണ്ടയ്ക്ക് നൽകിയ പിന്തുണയ്ക്ക് പ്രേക്ഷകർക്കും നിരൂപകർക്കും മാധ്യമങ്ങൾക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നതിൽ ഏറെ അഭിമാനം : ഹർഷാദ്
ഉണ്ടയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ വലിയ സന്തോഷം. ചിത്രത്തിന്റെ വിജയം നൽകുന്ന ഊർജം വളരെ വലുതാണ്. അതോടൊപ്പം സിനിമയുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്നു എന്നതിലും ഏറെ അഭിമാനം. സേനയുടെ ഭാഗമായ നിരവധി ആളുകൾ, ഉണ്ടയെക്കുറിച്ചു നടത്തിയ അഭിപ്രായപ്രകടനങ്ങൾ സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നു. റിയലിസ്റ്റിക് സിനിമകൾ എന്ന വിഭാഗത്തിൽ വിലയിരുത്തപ്പെടുന്ന സമീപകാല ചിത്രങ്ങളുടെ മേക്കിങ് രീതികൾ പിന്തുടർന്നിട്ടില്ലെങ്കിൽ കൂടി ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രമാണ് എന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും പൊതുവായി പങ്ക് വെച്ചത്.
അത് സിനിമയുടെ അവതരണ രീതിയുടെ പ്രത്യേകതയാണ് എന്ന് കരുതുന്നു. തിരക്കഥാകൃത്ത് എന്ന നിലയിൽ ഉണ്ടയുടെ വിജയവും പ്രേക്ഷക പ്രതികരണങ്ങളും പുതിയ ചിത്രങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും കരുത്തുപകരും.
‘ഉണ്ട’യുടെ വിജയത്തിനു സഹായിച്ച എല്ലാവർക്കും നന്ദി : കൃഷ്ണൻ സേതുകുമാർ
ഇന്ത്യൻ സിനിമയുടെ അഭിമാനമായ ലെജൻഡറി ആക്ടർ മമ്മൂക്കയുടെ കൂടെ ഒരു സിനിമ എങ്കിലും ചെയ്യുക എന്നത് സിനിമയുടെ ഭാഗമായ എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നായിരിക്കും. ഉണ്ട എന്ന ചിത്രത്തിലൂടെ അതിന് സാധിച്ചു. സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങളും ബോക്സ് ഓഫീസ് നേട്ടവും ഉണ്ടയുടെ ഭാഗമായ എല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും വിദേശത്തും ഉണ്ടയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞു. മികച്ച വിജയം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ അധികം താമസിയാതെ പുറത്തുവിടും. പ്രിയപ്പെട്ട പ്രേക്ഷകർക്കും ഉണ്ടയുടെ വിജയത്തിന് സഹായിച്ച എല്ലാവർക്കും നന്ദി.