Connect with us

Hi, what are you looking for?

Latest News

ഉയരങ്ങൾ കീഴടക്കാൻ പി. വി. ജിയുടെ പിൻഗാമികൾ

INTERVIEW

ഷെനുഗ, ഷെഗ്ണ,  ഷെർഗ

“അച്ഛനാണ് പ്രചോദനം ; പിൻബലം അമ്മയും “

മലയാള സിനിമയ്ക്ക് എന്നും ഗൃഹാതുരതയുണർത്തുന്ന ഒരു ബാനർ നാമമാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്. കലാമൂല്യവും വാണിജ്യവിജയവും സാമൂഹി പ്രസക്തങ്ങളുമായ ഒട്ടേറെ ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി കുടുബത്തിൽ നിന്നും പുതിയ തലമുറ സിനിമാ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുകയാണ്. അതും മൂന്നു സ്ത്രീകൾ. പിവിജി എന്ന് സ്നേഹപൂർവ്വം സിനിമാക്കാർ വിളിക്കുന്ന പി വി ഗംഗാധരന്റെ പെൺമക്കളായ ഷെനുഗ,  ഷെഗ്ണ,  ഷെർഗ എന്നിവരാണ് ‘ഉയരെ’ എന്ന ചിത്രത്തിലൂടെ നിർമ്മാണരംഗത്ത് എത്തുന്നത്.
ബോബി സഞ്ജയിന്റെ തിരക്കഥയിൽ നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെ നായികാപ്രാധാന്യമുള്ള,  സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകര്യം ചെയ്യുന്ന സിനിമയാണ്. പാർവതി,  ടോവിനോ,  ആസിഫലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഈ ഏപ്രിൽ അവസാനം തിയേറ്ററുകളിൽ എത്തുകയാണ്.

സിനിമാ നിർമ്മാണരംഗത്തേക്ക് വരാനുള്ള പ്രചോദനവും ഉയരെയുടെ വിശേഷങ്ങളുമെല്ലാം മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ണ,  ഷെർഗ എന്നിവർ.

അച്ഛന്റെ പാത പിന്തുടർന്ന് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണല്ലോ. അച്ഛൻ തന്നെയാണോ പ്രചോദനം?

* തീർച്ചയായും അച്ഛൻ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. അമ്മ പിൻബലവും. പല കാലഘട്ടങ്ങളിലായി മലയാള സിനിമ കണ്ട വൻ ഹിറ്റുകൾ മാത്രമല്ല ഗൃഹാലക്ഷ്മി ഫിലിംസിന്റെ  സംഭാവന,  സാമൂഹിക പ്രതിബദ്ധതയുള്ളതും സമകാലിന പ്രസക്തവുമായ ഒട്ടേറെ ചിത്രങ്ങൾ കൂടിയാണ്.
സിനിമാനിർമ്മാണത്തിന്റെ പല ഘട്ടങ്ങൾ കണ്ടുവളർന്ന ഞങ്ങൾ  ഈ രംഗത്തേക്ക് കടന്നുവരുന്നത് ഒട്ടും യാദൃച്ഛികമല്ല എന്നുവേണം കരുതാൻ.

കലാപരമായും വാണിജ്യപരമായും ഒട്ടേറെ മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി.
അച്ഛൻ പിവിജി യുടെ ആ  പാരമ്പര്യം മക്കൾ കാത്തുകൊള്ളും എന്ന പ്രതീക്ഷയുണ്ടോ?

* 40 വർഷമായി മലയാള സിനിമാ രംഗത്തുള്ള ഒരാളുടെ മക്കൾ ഈ രംഗത്തേക്ക് വരുന്നത് വലിയ ഉത്തരവാദിത്തബോധത്തോടെയാണ്. ഗൃഹലക്ഷ്മി ഫിലിംസും അച്ഛൻ നിർമ്മിച്ച ചിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ഞങ്ങളിൽ വളരെ വലിയ പ്രതീക്ഷയാണുള്ളത്.
ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖമായിരുന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അന്തസത്ത പുതുതലമുറയ്ക്ക് നല്ല സിനിമകളിലൂടെ പകരാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

എം പി വീരേന്ദ്രകുമാറിനും ഭാര്യക്കുമൊപ്പം

നിർമ്മാണ രംഗത്തു സ്ത്രീകൾ വളരെ കുറവാണ്. ഈ രംഗത്ത ശോഭിക്കാൻ കഴിയുമെന്ന് വിശ്വാസം ഉണ്ടോ?

* നല്ല സിനിമകൾ എന്നും വിജയിപ്പിച്ച ചരിത്രമാണ് മലയാളികൾക്കുള്ളത്. അതാണ്‌ ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസവും. സിനിമാ നിർമ്മാണരംഗത്ത് സ്ത്രീകൾ കുറവാണു എന്നതു ശരിതന്നെ,  പക്ഷെ അത് ഒരു ന്യൂനതയായി തോന്നുന്നില്ല. നല്ല സംരംഭങ്ങളെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകർ ഞങ്ങളെയും പിന്തുണയ്ക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ട്.

ഈ രംഗത്ത് തുടരാൻ ആണോ പ്ലാൻ?

* സിനിമാ നിർമ്മാണം ഞങ്ങൾക്ക് മൂന്നുപേർക്കും തലോടാര്യമുള്ള മേഖലയാണ്. നല്ല സിനിമകൾ കിട്ടുകയാണെങ്കിൽ ഈ രംഗത്തു തുടരണം എന്നുതന്നെയാണ് ആഗ്രഹം.

പുതിയ പ്രോജക്ടുകൾ?

ഇപ്പോൾ നൂറു ശതമാനവും ‘ഉയരെ’യാണ്‌ മനസ്സിൽ. ഭാവി പരിപാടികൾ പിന്നീട് ചിന്തിക്കാമല്ലോ.

ഉയരെ എന്ന സിനിമ നായികാ പ്രാധാന്യമുള്ള സിനിമയാണല്ലോ. ഫെമിനിസം ഘടകമാണോ?

* നായികാപ്രാധാന്യമുള്ള സിനിമയാണ് ഞങ്ങൾ ആദ്യം ചെയ്യുന്നത് എന്നത് തികച്ചും യാദൃച്ഛികമാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഒരുപാട് കഥകൾ കേട്ട ശേഷമാണ് ‘ഉയരെ’ വരുന്നത്. വളരെ സാമൂഹിക പ്രാധാന്യമുള്ള വിഷയം എന്നതാണ് ഞങ്ങളെ ഇതിലേക്ക് ആകർഷിച്ചത്. ‘ഫെമിനിസം’ ഒരു ഘടകമായി എന്ന് തോന്നുന്നില്ല.

ഉയരെ എന്ന സിനിമയുടെ വിശേഷങ്ങൾ ?

* പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ഉയരെ. അവൾ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരു സാധാരണ പെൺകുട്ടിയാണ്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് കുഞ്ഞുനാളിലെ നിറമുള്ള സ്വപ്‌നങ്ങൾ താലോലിച്ചു വളർന്നവൾ. അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അനിഷ്ട  സംഭവങ്ങളും അവളുടെ അതിജീവന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. സമാന്തര സിനിമയുടെ അച്ചിൽ വാർത്തെടുക്കാതെ ഒരു ‘ത്രില്ലിംഗ് കൊമേഴ്‌സ്യൽ എന്റർടെയിനർ’ ആയിട്ടാണ് ഉയരെയുടെ വരവ്.
പാർവതിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ടോവിനോയും ആസിഫലിയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
നവാഗതനായ മനു അശോകനാണ് സംവിധാനം. ഹിറ്റ്‌ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ ടീമിന്റേതാണ് തിരക്കഥ.
ഗൃഹലക്ഷ്മി അവതരിപ്പിക്കുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നു. വിതരണം കല്പക ഫിലിംസ്.

– ഹന നസ്രീൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles