നവതിയുടെ നിറവിൽ മലയാളത്തിന്റെ സ്നേഹഹാദരങ്ങൾ ഏറ്റുവാങ്ങുന്ന അക്ഷരലോകത്തെ കുലപതി എം.ടി വാസുദേവൻ നായരെക്കുറിച്ച് മലയാളത്തിന്റെ മഹാ നടന്റെ വാക്കുകൾ
“എന്നെ സംബന്ധിച്ചിടത്തോളം എംടിയുമായുള്ള ബന്ധം എനിക്ക് വിശദീകരിക്കാന്‍ ആവാത്ത ഒന്നാണ്. അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുന്‍പു തന്നെ എം.ടി. കൃതികളിലെ കഥാപാത്രമായി ഞാന്‍ മാറിയിട്ടുണ്ട്. അദ്ദേഹം എഴുതിയ കഥാപാത്രങ്ങളെ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്റെ മഹാ സാമ്രാജ്യത്തിലെ മനുഷ്യരായി അവരെ പ്രതിഷ്ഠിച്ച് പ്രതിഷ്ഠിച്ച് ഒറ്റയാനായി ഞാന്‍ അഭിനയിച്ചു തീര്‍ത്തിട്ടുണ്ട് .ആരും കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ നോക്കി ആ കഥാപാത്രങ്ങളായി മാറി ഞാന്‍ ഒരുപാട് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ട്.എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളാണ് എംടിയുടേത്.
“എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കണേ എന്ന് കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നു .ഒരു ചലച്ചിത്രക്യാമ്പില്‍ വച്ച് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയെന്ന് പറയാം.ആ കണക്ഷന്‍ ഒരു മാജിക് കണക്ഷനായി ഇപ്പോഴും നിലനില്‍ക്കുന്നു. അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഉണ്ടാവുന്നതും ഒരു നടനായി ലോകം എന്നെ തിരിച്ചറിയുന്നതും നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ 41 വര്‍ഷക്കാലം സ്‌നേഹാദരങ്ങള്‍ ആസ്വദിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞതും.”