റിലീസിന്റെ മൂന്നാം നാൾ ഞായറാഴ്ച കേരളത്തിലെ തിയേറ്ററുകളെല്ലാം ഹൌസ് ഫുൾ ഷോകൾ കൊണ്ട് നിറച്ചു ബോക്സ്ഓഫീസിൽ ഒരു പടി മുന്നിൽ നിൽക്കുകയാണ് പതിനെട്ടാംപടി.
അഭൂതപൂർവമായ ജനത്തിരക്കാണ് റിലീസ് കേന്ദ്രങ്ങളിൽ ഇന്ന് ദൃശ്യമായത്. പല സ്ഥലങ്ങളിലും ടിക്കറ്റ് ലഭിക്കാതെ നിരവധി പേരാണ് തിരിച്ചു പോയത്. ചില സ്ഥലങ്ങളിൽ ഇന്ന് എക്സ്ട്രാ തേർഡ് ഷോകളും ആഡ് ചെയ്തിട്ടുണ്ട്.
ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം കെമിയോ റോളിൽ എത്തി മമ്മൂട്ടി അവിസ്മരണീയമാക്കിയ ജോൺ എബ്രഹാം പാലയ്ക്കലും കൂടി തിയേറ്ററുകൾ അടക്കിഭരിക്കുന്നു. മമ്മൂട്ടിക്കിത് തുടർച്ചയായ അഞ്ചാം വിജയമാണ്.
വ്യത്യസ്തമായ പ്രമേയം കൊണ്ടും കിടിലം ഷോട്ടുകൾ കൊണ്ടും തന്റെ ആദ്യ ചിത്രം തന്നെ ഗംഭീരമാക്കിയ ശങ്കർ രാമകൃഷ്ണനും കൈയടി നേടുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ഒരു മൾട്ടി സ്റ്റാർ പരിവേഷം ലഭിച്ച ചിത്രത്തിലെ ആദ്യ പകുതി പുതുമുഖങ്ങൾ അടിച്ചു തകർത്തു.
രണ്ടാം പകുതിയിലാണ് ജോൺ അബ്രഹാമിന്റെ വരവ്. കിടു ലുക്കിൽ എത്തിയ മമ്മൂട്ടി തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ടുതന്നെ പ്രേക്ഷകരെ കൈയിലെടുത്തു.
യുവാക്കളാണ് ആദ്യ ദിനങ്ങളിൽ കൂടുതൽ എത്തുന്നത് എങ്കിൽ കുടുംബ പ്രേക്ഷകർ കൂടി ചിത്രം ഏറ്റെടുക്കുന്നതോടെ ചിത്രം വൻ വിജയമാകും എന്നാണു തിയേറ്റർ വൃത്തങ്ങൾ നൽകുന്ന സൂചന.
രണ്ടാം പകുതിയിൽ എത്തുന്ന മമ്മൂട്ടിയുടെ ജോൺ എബ്രഹാം കേവലം ഒരു സ്റ്റൈലിഷ് കഥാപാത്രമല്ല. മറിച്ചു ഇന്നത്തെ നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ചും പുതുതലമുറയെ കാർന്നു തിന്നുന്ന മഹാ വിപത്തിനെതിരെ വിരൽ ചൂണ്ടുന്ന ചിത്രം സാമൂഹിക പ്രസക്തമായ ഒരു വിഷയംകൂടി കൈകാര്യം ചെയ്യുന്നു. അതുകൊണ്ടുതന്നെ കുടുംബങ്ങളും അധ്യാപകരും വിദ്യാർഥികളും ഈ സിനിമ കാണണം എന്നാണു സൈക്കോളജിസ്റ്റുകളായ കൗൺസിലർമാർ അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളിൽ കേവലം ഒരു എന്റെർറ്റൈനെർ എന്നതിലുപരി അത്തരം തലങ്ങളിൽ കൂടി ഈ സിനിമ ചർച്ച ചെയ്യപ്പെടുo.