#48yearsofmammoottysm Part -3
മമ്മൂട്ടി ആദ്യമായി ഒരു ഡയലോഗ് പറഞ്ഞു അഭിനയിച്ച ചിത്രമായിരുന്നു കാലചക്രം.
ചിത്രത്തിലെ കഥാപാത്രത്തോട് പ്രേംനസീർ പറഞ്ഞ ഡയലോഗ് പോലെ അദ്ദേഹത്തിന് പകരം മലയാള സിനിമയിലേക്ക് കടന്നുവന്ന ആളായി മമ്മൂട്ടി മാറിയത് പിൽക്കാല ചരിത്രം.! 48 വർഷത്തെ മമ്മൂട്ടിസത്തിലൂടെയുള്ള യാത്രയുടെ മൂന്നാം ഭാഗം.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ തല കാണിച്ചതിനു ശേഷം മറ്റൊരു ചാൻസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു മമ്മൂട്ടി. മഹാരാജാസിൽ മമ്മൂട്ടിയുടെ ഒറ്റ ചങ്ങാതിയാണ് ഷാമ്പ എന്ന് വിളിക്കുന്ന ഷംസ്.. ആ സമയത്ത് ഷംസ് ഓരോ സിനിമയിൽ അഭിനയിക്കും. ഒരു ദിവസം ഷംസിനു അളിയന്റെ കത്ത് കിട്ടി. കൊടുങ്ങല്ലൂരിൽ വെച്ച് സഞ്ജയ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അതിൽ രണ്ടു കഥാപാത്രങ്ങളുണ്ട്. ഷംസ് കത്തുമായി മമ്മൂട്ടിയുടെ അടുത്തെത്തി. ഒരു നിധി കിട്ടിയ സന്തോഷമായി മമ്മൂട്ടിക്ക്. വിജയ് നാരായണൻ സംവിധാനം ചെയ്ത കാലചക്രം ആയിരുന്നു ആ ചിത്രം.
വൈപ്പിൻ മുനമ്പം വഴി ബസ്സിലും കടത്തിലും ഒക്കെയായി മമ്മൂട്ടിയും സംഘവും കരികുളം എത്തി. കടത്തുകാരന്റെ റോളിലാണ് മമ്മൂട്ടി അഭിനയിക്കേണ്ടത് എന്ന് മേക്കപ്പ്മാൻ എം ഒ ദേവസ്യ പറഞ്ഞു. ബനിയനും ലുങ്കിയും ധരിച്ചു, തോർത്ത് തലയിൽ കെട്ടി.

കാലചക്രത്തിൽ അടൂർ ഭാസിയോടൊപ്പം മമ്മൂട്ടി
ഭയങ്കര സ്റ്റൈലിൽ വള്ളത്തിൽ ഇരുന്നു ഒരു ബീഡി വലിക്കുന്ന മമ്മൂട്ടി. അവിടേക്ക് കടന്നുവരുന്ന അടൂർഭാസി. അടൂർഭാസി പഴയ കടത്തുകാരനെ അന്വേഷിക്കുന്നു.
“ഇവൻ എവിടുത്തുകാരനാ… അവൻ മറ്റേ പെണ്ണിനെയും അടിച്ചോണ്ട് പോയ കാര്യം അറിഞ്ഞില്ലേ?” അല്പം പരിഹാസത്തോടെ മുഹമ്മദ് കുട്ടി പറയുന്നു.
പ്രേം നസീറായിരുന്നു പഴയ കടത്തുകാരൻ.
സിനിമയിൽ മമ്മൂട്ടി പറയുന്ന ആദ്യ ഡയലോഗ് ആണിത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു. ആദ്യ ടേക്കിൽ തന്നെ ഒക്കെയായി.
അതു കഴിഞ്ഞപ്പോൾ സംവിധായകൻ പറഞ്ഞു, “നിങ്ങൾ നാളെ വരു… ഒരു സീൻ കൂടിയുണ്ട്, പ്രേം നസീറിനൊപ്പം.”
അതുകേട്ടപ്പോൾ മമ്മൂട്ടിക്ക് വിശ്വസിക്കാനായില്ല. ദൈവമേ പ്രേംനസീർ സാറിനൊപ്പം ഒരു സീനോ..
അടുത്ത ദിവസം രാവിലെ മുഹമ്മദുകുട്ടി ലൊക്കേഷനിലെത്തി. അല്പസമയം കഴിഞ്ഞപ്പോൾ ദാ വരുന്നു സാക്ഷാൽ പ്രേം നസീർ.
( രാത്രിയിൽ വള്ളം കെട്ടിയിട്ട് സംഗീതം പഠിക്കാൻ പോകുന്നത് കൊണ്ട് കടത്തുകാരനെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നു. പുതുതായി വരുന്ന കടത്തുകാരന്റെ വേഷമാണ് മുഹമ്മദ് കുട്ടിക്ക്. )
വെള്ളത്തിന്റെ ഉടമയായി മേക്കപ്പ് മാൻ എം ഒ ദേവസ്യയാണ് അഭിനയിക്കുന്നത്.
പ്രേംനസീറിനെ വളരെയേറെ ശകാരിച്ച ശേഷം ദേവസ്യ തുഴ വാങ്ങി മമ്മൂട്ടിയെ ഏൽപ്പിക്കുന്നു.
“നീ ഇതു കൊണ്ട് ജീവിച്ചോ”..ഇത്രയുമാണ് സീൻ.
പ്രേം നസീറിനെ ആദ്യമായി അവിടെവെച്ച് പരിചയപ്പെട്ടപ്പോൾ ഈ സീൻ ഓർമിച്ച് പ്രേംനസീർ മമ്മൂട്ടിയോട് ചോദിച്ചു, “എനിക്ക് പകരം വന്ന ആളാണല്ലേ?”