പുതിയ മമ്മൂട്ടി സിനിമയുടെ പ്രത്യേകതകളും വിശേഷങ്ങളും മമ്മൂട്ടിയുടെ അഭിനയ രീതിയെക്കുറിച്ചുമെല്ലാം സത്യൻ അന്തിക്കാട് മനസുതുറക്കുന്നു
വർഷങ്ങൾക്കുശേഷം.. കൃത്യമായി പറഞ്ഞാൽ നീണ്ട 22 വര്ഷങ്ങള്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുകയാണ്. മമ്മൂട്ടിയും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെയേറെ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു. തൃശൂരിൽ നടന്ന കൈരളി ചാനലിന്റെ ഒരു അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കവെയാണ് സത്യൻ അന്തിക്കാട് ഈ വിവരം ആദ്യമായി വെളിയപ്പെടുത്തുന്നത്. അതോടെ അതൊരു വലിയ വാർത്തയായി.. തുടർ വിജയങ്ങളിലൂടെയും വ്യത്യസ്തവും അഭിനയ പ്രാധാന്യവുമുള്ള വേഷങ്ങളിലൂടെയും വിസ്മയിപ്പിച്ചുകൊണ്ട് 2019ന്റെ താരവും നടനുമായി ഒരേസമയം മാറിയ മമ്മൂട്ടിയെ നായകനാക്കി വർഷങ്ങളുടെ ഗ്യാപ്പിനുശേഷം സത്യൻ അന്തിക്കാട് ഒരു ചിത്രമൊരുക്കുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്. ഈ അവസരത്തിൽ റെഡഡിയോ മാംഗോയുടെ ‘പോപ്കോൺ ‘ എന്ന പ്രോഗ്രാമിൽ മനോരമ ലേഖകൻ ഉണ്ണി കെ വാര്യർ, സത്യൻ അന്തിക്കാടുമായി നടത്തിയ സംഭാഷണത്തിൽ പുതിയ മമ്മൂട്ടി സിനിമയുടെ പ്രത്യേകതകളും വിശേഷങ്ങളും മമ്മൂട്ടിയുടെ അഭിനയ രീതിയെക്കുറിച്ചുമെല്ലാം സത്യൻ അന്തിക്കാട് മനസുതുറക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്?
മമ്മൂട്ടിയില്ലാത്ത സിനിമകളാണ് ഞാൻ കൂടുതൽ ചെയ്തിട്ടുള്ളത് എങ്കിലും ഏറ്റവും കൂടുതൽ നിരന്തരം കോൺടാക്ട് ചെയ്യുകയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്ന ഒരു സുഹൃത്തും കൂടിയാണ് മമ്മൂട്ടി. ഞാൻ എപ്പോഴും ഒരു സിനിമ കഴിഞ്ഞു ചെറിയൊരു ഗ്യാപ്പിനുശേഷം അടുത്ത സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ അതെന്തായിരിക്കണം, അതിലെ വിഷയം എന്തായിരിക്കണം ആരെ കേന്ദ്രീകരിച്ചുകൊണ്ട് ആ സിനിമ ചെയ്യണം എന്നൊക്കെ ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനം എടുക്കാറുള്ളത്. ഇത്തവണ ഞാൻ ആലോചിച്ചത്, മമ്മൂട്ടി എന്നുപറയുന്ന ഒരു മഹാനടൻ, ഞാൻ സംവിധാനം തുടങ്ങുന്ന സമയത്ത് തന്നെ മമ്മൂട്ടി സ്റ്റാർ ആണ്. 22 വർഷമായി ഞാൻ അവസാനമായി മമ്മൂട്ടിയെ ഉപയോഗിച്ചത് ഒരാൾ മാത്രം എന്ന സിനിമയിലാണ് . അതിനു മുൻപ് അർത്ഥം, കളിക്കളം, നമ്പർ വൺ സ്നേഹതീരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തര വാർത്ത തുടങ്ങിയ പടങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും വലിയൊരു ഗ്യാപ്പിനുശേഷം മമ്മൂട്ടിയെ വീണ്ടും ഉപയോഗിക്കണം എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാകുന്നത്, പലപ്പോഴും അതൊരു ഇൻഡ്യൂഷനാണ്. അടുത്ത സിനിമയിൽ ആരായിരിക്കണം
ഇഖ്ബാൽ കുറ്റിപ്പുറം ആണ് പുതിയ സിനിമ എഴുതുന്നത്. കുറച്ചു നാളുകൾ ആയി ഞങ്ങൾ ഇത് ചിന്തിക്കുന്നു.
മമ്മൂട്ടിയിൽ നമ്മൾ കണ്ടിട്ടുള്ള ആകർഷണീയത എന്നുപറയുന്നത് വളരെ കൂടുതലുണ്ട്. മമ്മൂട്ടിയുടെ ശബ്ദം, പൗരുഷമുള്ള രൂപം, മമ്മൂട്ടി എന്നുപറയുന്ന നടന്റെ ഒരു ഇമേജ് ഇതെല്ലാം ചേർത്തുകൊണ്ടുള്ള ഒരു ക്യാരക്ടറാണ് ഞങ്ങൾ ചിന്തിക്കുന്നത്.
അതായത്, വളരെ ഇന്നസെന്റായിട്ടുള്ള, പക്ഷെ വളരെ സജീവമായിട്ടുള്ള, എനെർജെറ്റിക് ആട്ടിട്ടുള്ള മമ്മൂട്ടിയെയാണ് ഈ സിനിമയിൽ പ്രസന്റു ചെയ്യാൻ ആഗ്രഹിക്കുന്നത്.
22 വർഷം എന്നത് വളരെ വലിയ കാലയളവാണ്. ഇത്രയും വര്ഷത്തിനിടയ്ക്ക് മമ്മൂട്ടിയെ ഉപയോഗിക്കാൻ വൈകിയപ്പോയി എന്ന് തോന്നിയിട്ടുണ്ടോ, എപ്പോഴെങ്കിലും?
22 വർഷം ആയി എന്നത് ഇപ്പോൾ നമ്മൾ ഇതിനെപ്പറ്റി ചർച്ച ചെയ്യുമ്പോഴാണ് ഓർക്കുന്നത്. 22 വർഷം എന്ന ഗ്യാപ്പ് ഞാൻ ചിന്തിച്ചിട്ടില്ല. കാരണം ഓരോ സിനിമ ചെയ്യുമ്പോഴും അടുത്ത സിനിമ, അതുകഴിഞ്ഞു അടുത്ത സിനിമ എന്നാലോചിക്കുമ്പോൾ കാലങ്ങൾ കടന്നുപോകുന്നുണ്ട് എങ്കിലും നമ്മളത് അറിയുന്നില്ല, എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നെ ഒരു പ്രധാന സംഭവം എന്താണെന്നുവച്ചാൽ ഓരോ വർഷം കഴിയുന്തോറും ഓരോ പടങ്ങൾ കഴിയുമ്പോഴും മമ്മൂട്ടിയുടെ അഭിനയത്തിലെ പുതുമയും മമ്മൂട്ടിയുടെ അഭിനയത്തിന്റെ പ്രത്യേകതയും മാറി മാറി വരുന്നു. പലപ്പോഴും ഞാൻ മമ്മൂട്ടിയുടെ പടങ്ങൾ കണ്ടു വിളിച്ചു അഭിനന്ദിക്കാറുണ്ട്. അപ്പോൾ എന്നോട് പറയും നിങ്ങളെക്കൊണ്ട് വിളിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ചില സിനിമകൾ ചെയ്യുന്നത് എന്നൊക്കെ മമ്മൂട്ടി തിരിച്ചു പറയാറുണ്ട്. ഏറ്റവും അവസാനം ഇറങ്ങിയ ‘ഉണ്ട’ എന്ന സിനിമയിൽ പോലും പുള്ളിയുടെ ഒരു പ്രസന്റേഷൻ…. എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ പഴയകാല സിനിമകൾ നോക്കിയാൽ കാണാം, അന്നത്തെ അഭിനയത്തിന്റെ പാറ്റേൺ അല്ല, അന്നത്തെ അഭിനയത്തിന്റെ രീതി അല്ല മമ്മൂട്ടി അനുവർത്തിക്കുന്നത്. മമ്മൂട്ടി എന്നും ഏറ്റവും യൂങ്സ്റ്റേഴ്‌സിന്റെ കൂടെ സഞ്ചരിക്കുന്ന ഒരാളാണ്. ഞാനും അങ്ങിനെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. എന്നും പുതിയ ആളുകളോടൊപ്പം, പുതുമയോടൊപ്പം.. അപ്പോൾ നമ്മളെപ്പോഴും നവീകരിക്കപെടുകയും നമ്മുടെ മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെപ്പോഴും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഒരു രീതിയാണ്. അത് ഒരു കാഴ്ചയിലെ ചെറുപ്പം മാത്രമല്ല, മമ്മൂട്ടിയുടെ അഭിനയത്തിൽ അത്തരം ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഏതൊരു പുതുമുഖ നടനും ചെയ്യുന്ന ഒരു രീതിയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഞാൻ ചോദിച്ചു , കഴിഞ്ഞ സിനിമ (ഉണ്ട ) വളരെ നന്നായിരിക്കുന്നു, അപ്പോൾ പുള്ളി പറഞ്ഞത് അത് സിങ്ക് സൗണ്ട് ആയതുകൊണ്ടാണ്, ഞാൻ വളരെ പ്രമോട്ട് ചെയ്യുന്നതാണ് ലൈവ് സൗണ്ടിനെ. അതൊക്കെ സിനിമയിലെ പുതിയ സങ്കേതങ്ങളാണ്. അതിനൊക്കെ മമ്മൂട്ടി തയ്യാറാകുന്നു, മനസ്സുകൊണ്ടപ്പോഴും പുതുമയെ സ്വീകരിക്കാൻ തയ്യാറാകുന്നു എന്നത് വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്.