മലയാളത്തിന്റെ അനുഗ്രഹീത അഭിനയത്രി ഉർവശിയും യുവ താരനിരയിലെ ശ്രദ്ധേയ സാന്നിധ്യം ടോവിനോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രം പ്രദർശനത്തിന് എത്തുകയാണ്. സംവിധായകൻ ജോസ് സെബാസ്റ്റ്യൻ സിനിമയുടെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസുമായി പങ്കു വെയ്ക്കുന്നു
- ‘എന്റെ ഉമ്മാന്റെ പേര്’ എന്ന താങ്കളുടെ ആദ്യ സംവിധാന സംരംഭം പൂർണമായും ഒരു കുടുംബ ചിത്രമാണോ?
= ഈ സിനിമ നർമത്തിൽ ചാലിച്ച, ഹൃദയ സ്പർശിയായ കഥ പറയുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനർ ആണ്. ഹമീദ് എന്ന നായക കഥാപാത്രം അയാളുടെ അമ്മയെ തേടി പോകുന്നതും ആയാളും അമ്മയുമായുള്ള ആത്മ ബന്ധത്തിന്റെയും കഥയാണ് ‘എന്റെ ഉമ്മാന്റെ പേര്’. കോമഡി ട്രാക്കിലൂടെ സഞ്ചരിക്കുമ്പോഴും നിരവധി വൈകാരിക മുഹൂർത്തങ്ങളും സിനിമയിലുണ്ട്. - എങ്ങനെയാണ് ആദ്യ സിനിമയിലേക്ക് എത്തിച്ചേരുന്നത്?
= ഫിലിം സ്കൂൾ വിദ്യാഭ്യാസം തീരുന്ന സമയത്ത് അടുത്ത അഞ്ചോ പത്തോ വർഷത്തേക്ക് നമ്മുടെ പദ്ധതികൾ എന്താണ് എന്നത് വ്യക്തമാക്കുന്ന ഒരു അസൈൻമെന്റ് സമർപ്പിക്കണമായിരുന്നു. ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹികുന്ന സിനിമയെക്കുറിച്ചുള്ള ചില ചിന്തകൾ അന്ന് രൂപപ്പെട്ടുവന്നിരുന്നു. അതാണ് പിന്നീട് ഈ സിനിമയായി മാറിയത്. ഞാനും സുഹൃത്ത് ശരത്തും ചേർന്ന് സിനിമയുടെ തിരക്കഥ തയ്യാറാക്കി. ‘എന്ന് സ്വന്തം മൊയ്ദീൻ’ എന്ന സിനിമയിൽ ടോവിനോയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹത്തോട് ഈ സിനിമയുടെ കഥ പറഞ്ഞു. ടോവിനോയ്ക്ക് പ്രമേയം ഇഷ്ടമാവുകയും ഈ സിനിമ ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു. അതിനു ശേഷം ഉർവശി ചേച്ചിയെ കണ്ടു കഥ പറയുകയും അവർ ഈ സിനിമയുമായി സഹകരിക്കാമെന്ന് പറ യുകയും ചെയ്തു. തുടർന്ന് ആന്റോ ചേട്ടനെ കാണുകയും അദ്ദേഹം ഈ സിനിമ നിർമിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. - ഉർവ്വശിയെപ്പോലെ പ്രഗത്ഭയായ ഒരു അഭിനയത്രിയോടൊപ്പമുള്ള അനുഭവം പങ്കു വയ്ക്കാമോ?
= ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഐഷയായി ഉർവശി ചേച്ചിയുടെ പേരാണ് എഴുത്തിന്റെ ആദ്യ ഘട്ടങ്ങൾ മുതൽ മനസ്സിൽ ഉണ്ടായിരുന്നത്. ഉർവശി ചേച്ചി സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ട് തിരക്കഥ ആവശ്യപ്പെട്ടു. വളരെ സൗഹാർദപരമായ ഒരു സമീപനമാണ് അവരുടേത്. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉർവശി ചേച്ചി തന്നു. വളരെ വലിയ ഒരു ലേണിംഗ് ഏക്സ്പീരിയൻസ് കൂടിയായിരുന്നു അത്. - യുവ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമെന്ന് വിശേഷിപ്പിക്കാവുന്ന ടോവിനോയെക്കുറിച്ച്?
= ടോവിനോയിൽ ഒരു മികച്ച അഭിനേതാവ് ഉണ്ടെന്ന ഉറച്ച വിശ്വസം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത്. സൗഹൃദത്തെക്കാൾ ഒരു സഹോദര ബന്ധമാണ് അദ്ദേഹത്തോടുള്ളത്. വളരെ അനായാസമായി ടോവിനോയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. തുറന്ന് സംസാരിക്കുവാനും എന്ത് കാര്യങ്ങൾക്കും ചർച്ച ചെയ്യാനും സാധിക്കുന്ന ഒരു വ്യക്തിയാണ് ടോവിനോ. - മലയാളത്തിൽ താങ്കൾക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സംവിധായകൻ, സിനിമകൾ?
= ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് സാറാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെ ദിലീഷ് പോത്തൻ സാർ , ലിജോ പല്ലിശേരി സാർ തുടങ്ങിയവരുടെ സിനിമകൾ ഇഷ്ടമാണ് - ‘എന്റെ ഉമ്മാന്റെ പേര്’ തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകരോട് സംവിധായകന് എന്താണ് പറയാനുള്ളത്?
= ഈ സിനിമ ഞങ്ങളുടെ വർഷങ്ങളുടെ സ്വപ്നമാണ്.ആദ്യ ചിത്രവുമായി എത്തുന്ന ഞങ്ങൾക്ക് നിങ്ങളുടെ എല്ലാവരുടേയും പിന്തുണയും സ്നേഹവും ഉണ്ടാകണം. കുടുംബസമേതം കണ്ട് ആസ്വദിക്കാൻ കഴിയുന്ന, നർമ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഹൃദയ സ്പർശിയായ ഒരു സിനിമയായിരിക്കും ‘എന്റെ ഉമ്മാന്റെ പേര്’.