നർമ്മത്തിൽ ചാലിച്ച, കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകൾ മലയാള സിനിമാ പ്രേക്ഷകർ എക്കാലവും ഇരുകയ്യും സ്വീകരിച്ചിട്ടുണ്ട്.ഇത്തരം സിനിമകളുടെ നിരയിൽ സ്ഥാനമുറപ്പിക്കുകയാണ് ഉർവശിയും ടോവിനോയും പ്രധാന വേഷങ്ങളിൽ എത്തിയ എന്റെ ഉമ്മാന്റെ പേര്. തിരക്കഥാകൃത്ത് ശരത് ആർ നാഥ്, സംവിധായകൻ ജോസ് സെബാസ്റ്റ്യൻ എന്നിവരുടെ പ്രഥമ ചലച്ചിത്ര സംരംഭം കൂടിയാണ് എന്റെ ഉമ്മാന്റെ പേര്.വാപ്പ മരിച്ചു പോയ ഹമീദ് എന്ന ചെറുപ്പക്കാരന് തന്റെ ഉമ്മ ആരെന്ന് അറിയില്ല. ഉമ്മയെ അന്വേഷിച്ചുള്ള ഹമീദിന്റെ യാത്രയാണ് സിനിമയുടെ പ്രമേയം.സിനിമയുടെ കഥാ പശ്ചാത്തലം കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മാറുന്നു. പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ടൊവീനോയും ഉർവശിയും ഹരീഷ് കണാരനും മാമുക്കോയയും സിദ്ദിഖും ഒക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ആസ്വാദ്യകരമായ അനുഭവം സമ്മാനിക്കുന്നു ആദ്യ പകുതി.തിരക്കഥയൊരുക്കിയ ശരത് ആര്. നാഥും സംവിധായകന് ജോസ് സെബാസ്റ്റ്യനും ഇക്കാര്യത്തിൽ പൂർണമായും വിജയിച്ചു എന്ന് പറയാം.
ഗൗരവ സ്വഭാവം പുലർത്തുന്ന രണ്ടാം പകുതി വൈകാരികമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. കൈയ്യടക്കത്തോടെ സിനിമയെ മുന്നോട്ടു നയിക്കാൻ സംവിധായകന് സാധിച്ചു. ചില രംഗങ്ങൾ എങ്കിലും പ്രവചനാത്മകം ആകുന്നത് രണ്ടാം പകുതിയുടേ പോരായ്മായി ചൂണ്ടികാണിക്കാം.ഹമീദ് എന്ന നായക കഥാപാത്രം ടോവിനോ ഗംഭീരമാക്കി. ഉർവശി എന്ന അഭിനയ പ്രതിഭയുടെ മികച്ച പ്രകടനം സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാണ്.ഹരീഷ് കണാരന്റെ ബീരാനാണ് ചിത്രത്തെ ഏറെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു കഥാപാത്രം.സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്, രാമു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. നായികയായി എത്തുന്ന സായ് പ്രിയയും നിരാശപ്പെടുത്തിയില്ല.സ്പാനിഷ് ഛായാഗ്രഹകന് ജോര്ഡി പ്ലാനെല് ക്ലോസെയുടെ ഫ്രെയിമുകൾ സിനിമയെ ഏറെ ആസ്വാദ്യകരമാക്കുന്നു.സംഗീത സംവിധാനം നിർവഹിച്ച ഗോപി സുന്ദറും സവിശേഷ പരാമർശം അർഹിക്കുന്നു.
കുടുംബ ബന്ധങ്ങളുടെ കഥ, നർമ മുഹൂർത്തങ്ങളിലൂടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. മലയാളത്തിന് പ്രതീക്ഷ ഉണർത്തുന്ന ഒരു സംവിധായകനേയും തിരക്കഥാകൃത്തിനേയും സമ്മാനിക്കുകയും ചെയ്യുന്നു ഈ ക്ളീൻ ഫാമിലി എന്റെർറ്റൈനർ
