നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിൽ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന സായ്പ്രിയ മമ്മൂട്ടി ടൈംസിനോട് സംസാരിക്കുന്നു
* സിനിമാ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെ ആയിരുന്നു?
= സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ശ്രീ മുരുഗൻ ടാക്കീസ് എം.ജി ആറിന്റെ അടക്കം നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. സിനിമാ അഭിനയം കുട്ടിക്കാലം മുതൽ ഉള്ള മോഹമായിരുന്നു.പഠന ശേഷം മോഡലിംഗിലേക്കു തിരിഞ്ഞു. കല്യാണിന്റെ അടക്കം വലിയ പരസ്യ ചിത്രങ്ങളുടെ ഭാഗമായി.പിന്നീട് പി.വാസു സാർ സംവിധാനം ചെയ്ത ‘ശിവലിംഗ’ എന്ന സിനിമയുടെ ഒഡീഷനിൽ പങ്കെടുക്കുകയും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
* ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?
= ഈ സിനിമയുടെ ഓഡീഷനിൽ പങ്കെടുക്കുകയും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയുടെ ഭാഗമായത്.
* ആദ്യ മലയാള സിനിമ നൽകിയ അനുഭവം പങ്കുവെയ്ക്കാമോ?
= മലയാളത്തിൽ എന്റെ ആദ്യ സിനിമയാണ് ‘എന്റെ ഉമ്മാന്റെ പേര്’. എന്നെപ്പോലെ ഒരു തുടക്കക്കാരിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് ഈ സിനിമ. എല്ലാവരും വളരെ കെയറിംഗും സപ്പോർട്ടീവും ആയിരുന്നു. മലയാളം അറിയാത്ത എനിക്ക് ഈ സിനിമയിൽ നന്നായി പെർഫോം ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന് സിനിമയുടെ ഭാഗമായ എല്ലാവരുടെയും സഹകരണവും സഹായവും തന്നെയാണ് കാരണം.
* വർഷങ്ങളുടെ അഭിനയ പരിചയമുള്ള ഉർവ്വശിയോടും മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും ശ്രദ്ധേയനായ ടോവിനോയോടുമൊത്തുള്ള അഭിനയത്തെക്കുറിച്ച്
= ഉർവശി മാഡം എന്റെ ആദ്യ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. ഒരു മകളെപ്പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുവാനും ഉർവശി മാഡം മനസ്സ് കാണിച്ചു. ടോവിനോയും വളരെ അധികം സഹായിച്ചിട്ടുണ്ട് അഭിനയത്തിൽ. കൂടെ അഭിനയിച്ച എല്ലാവരും വളരെ അധികം സപ്പോർട്ടീവായിരുന്നു.
* ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചു പറയാമോ?
= സൈനബ എന്നാണു ണ് എന്റെ കഥാപാത്രത്തിന്റെ പേര്.വളരെ ബോൾഡ് ആയ,എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായമുള്ള ഒരു പെൺകുട്ടി. ടോവിനോ അവതരിപ്പിക്കുന്ന ഹമീദ് എന്ന നായക കഥാപാത്രത്തിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് സൈനബ.
* ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയുടെ സെറ്റിലെ മറക്കാനാവാത്ത എന്തെങ്കിലും അനുഭവം.
= വളരെ രസകരമായ ഒരു സംഭവം പറയാം. ഒരു ദിവസം എന്റെ കഥാപാത്രം കടലിൽ ചാടുന്ന ഒരു രംഗം ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു. ആദ്യം തമാശ എന്നാണ് കരുതിയത്. എന്നാൽ സംവിധായകനും ടോവിനോയും അടക്കം എല്ലാവരും ഇങ്ങനെ ഒരു സീൻ ഉണ്ടെന്ന് പറഞ്ഞു. അവസാനം ഞാൻ ഷോട്ടിന് തയ്യാറായി. അപ്പോൾ എല്ലാവരും സെറ്റിൽ ഭയങ്കര ചിരി. എന്നെ പറ്റിക്കാനായി പ്ലാൻ ചെയ്തതായിരുന്നു. ഞാൻ വളരെ ആസ്വദിച്ചാണ് ഈ സിനിമയിൽ അഭിനയിച്ചത്.
* മലയാള സിനിമകൾ കണ്ടിട്ടുണ്ടോ? ആരൊക്കെയാണ് മലയാളത്തിൽ ഇഷ്ട അഭിനേതാക്കൾ?
= ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടുണ്ട്. ജീവിത ഗന്ധിയായ പ്രമേയങ്ങളാണ് മലയാള സിനിമയുടെ കരുത്ത്. വളരെ സ്വാഭാവികമായ അഭിനയമാണ് മലയാളത്തിലെ അഭിനേതാക്കളുടേത്. മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി, ടോവിനോ, ദുൽഖർ തുടങ്ങിയവരെ എല്ലാം ഇഷ്ടമാണ്.
* എന്ത് തരം കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം?
=ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തത പുലർത്തുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. മണി രത്നം സാറിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ പോലെ ശക്തമായ വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
* ‘മീ ടു’ ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. എന്താണ് ഈ മുന്നേറ്റത്തെക്കുറിച്ചു പറയാനുള്ളത്. സിനിമയിൽ താരതമ്യേന ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് എന്തെങ്കിലും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
= ഇത്തരം പ്രവണതകൾ നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുണ്ട്. കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ഇത്തരം ഒരു മുന്നേറ്റത്തിന്റെ മുൻ നിരയിൽ ഉണ്ടാകുന്നു എന്നേ ഉള്ളു. ഇത്തരം ദുഷിച്ച പ്രവണതകൾക്ക് എതിരെ ശബ്ദമുയർത്തുന്നവർ അഭിനന്ദനം അർഹിക്കുന്നു. പെൺകുട്ടികൾ ബോൾഡ് ആയ സമീപനം സ്വീകരിച്ചാൽ ഒരു പരിധി വരെ ഇത്തരം പ്രവർത്തികൾ തടയാം എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ ഒരു ബോൾഡ് ആയ പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാം.
* ആദ്യ മലയാള സിനിമ വെള്ളിത്തിരയിൽ എത്തുമ്പോൾ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
= ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയുടെ ഭാഗമാകാൻ അവസരം നൽകിയ സംവിധായകൻ ജോസ്, തിരക്കഥാകൃത്ത് ശരത്ത്, നിർമാതാവ് ആന്റോ ജോസഫ്, ടോവിനോ തുടങ്ങിയവരോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.വളരെ കംഫർട്ടബിൾ ആയി അഭിനയിക്കാൻ സഹായിച്ച ഈ സിനിമയിലെ മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. ഒരു നല്ല കുടുംബ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. എല്ലാവരും കുടുംബസമേതം തീയേറ്ററുകളിൽ പോയി സിനിമ കാണണം എന്നാണു അഭ്യർത്ഥിക്കാനുള്ളത്.
ReplyForward |
