Connect with us

Hi, what are you looking for?

Fans Corner

എന്റെ കണ്ണുകളെ ഞാൻ വിശ്വസിക്കാതെ ആയി അതാ എന്റെ തൊട്ടു മുന്നിൽ ഒരു 100 മീറ്റർ ദൂരത്തിൽ കസേരയിൽ ഇരിക്കുന്നു എന്റെ മമ്മൂക്ക!!!

തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാറി അറബിക്കടലിന്റെ ചാരത്തു ലോക പ്രശസ്തമായ കോവളം ബീച്ചിനും തൊട്ട് അടുത്തായി ചരിത്ര പ്രസിദ്ധമായ വിഴിഞ്ഞം എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത് .കുട്ടിക്കാലം മുതൽക്കേ ഒരു നാമം എപ്പോഴും ഞങ്ങൾ കളിക്കൂട്ടുകാർക്കിടയിൽ മുഴങ്ങി കേൾക്കാറുണ്ടായിരുന്നു. മറ്റാരുമല്ല നമ്മുടെ എല്ലാമെല്ലാമായ മമ്മൂക്ക!!! ഞങ്ങളുടെ കളികളിൽ പോലും മമ്മൂക്ക ഉണ്ട് പുള്ളി തന്നെയാണ് സ്റ്റാർ. കള്ളനും പോലീസും കളി ആയാലും ശെരി ഒട്ടു മിക്ക കളികളിലും പുള്ളി തന്നെയാണ് ഹീറോ. മമ്മൂക്ക ആകാൻ അടിയാണ് ഓരോരുത്തരും. ആയതിനാൽ കുട്ടിക്കാലം മുതൽക്കേ മനസ്സിൽ കയറിക്കൂടിയ നാമം ആണ് മമ്മൂക്ക. അന്ന് മുതൽക്കേ ഒരു ആരാധകൻ തന്നെ ആയിരുന്നു. അന്ന് അതിനെ കുറിച്ച് അറിയില്ല എങ്കിൽ പോലും. കുറച്ചു കൂടി വളർന്നപ്പോൾ ഹൈസ്കൂൾ ഒക്കെ ആയപ്പോൾ ആണ് എതിർ ഭാഗത്തു ഒരു പേര് കേട്ടു തുടങ്ങിയത് അതിലോട്ടൊന്നും പോകുന്നില്ല.

ഞാൻ പത്തിൽ പഠിക്കുന്ന സമയം. ഒരു ദിവസം കൂട്ടുകാർ പറയുന്നത് കേൾക്കാം കുറച്ചു അപ്പുറത് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്, അത് മമ്മൂക്കയുടെ പടം ആണെന്നും. എവിടെ എന്നന്വേഷിച്ചപ്പോൾ വീടിനു തൊട്ടടുത്തുള്ള ഒരു ഡോക്ടർ പണി കഴിപ്പിച്ച പുതിയ വീട്ടിൽ ആണെന്ന് ഒരു കിലോമീറ്ററിന് അടുത്തേ വരൂ ആ വീടും എന്റെ വീടും തമ്മിൽ ഉള്ള ദൂരം. കേട്ട പാതി കേൾക്കാത്ത പാതി ഓടി കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ആ വലിയ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ കേട്ടത് സത്യമാണോ എന്നൊന്നും നോക്കാതെ ഓടി. മെയിൻ റോഡിൽ എത്തിയപ്പോൾ ആ വീടിനു ചുറ്റും ആൾക്കൂട്ടം അപ്പോൾ ഉറപ്പിച്ചു ഷൂട്ടിംഗ് തന്നെ ഇനി അടുത്ത ചോദ്യം മനസ്സിൽ അലയടിച്ചു മമ്മൂക്ക അവിടെ ഉണ്ടാകുമോ .എങ്ങനെ ആയിരിക്കും സിനിമയിൽ കാണുന്ന പോലെ തന്നെ ആണോ എന്നൊക്കെ കുറേ ചോദ്യങ്ങൾ മനസ്സിൽ ഓടി കൊണ്ടിരുന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോൾ വീടിനു മുമ്പിൽ എത്തി. ആൾക്കൂട്ടത്തിനിടയിൽ കൂടി മതിലിൽ വലിഞ്ഞു കയറി നോക്കി. എന്റെ കണ്ണുകളെ ഞാൻ വിശ്വസിക്കാതെ ആയി അതാ എന്റെ തൊട്ടു മുന്നിൽ ഒരു 100 മീറ്റർ ദൂരത്തിൽ കസേരയിൽ ഇരിക്കുന്നു എന്റെ മമ്മൂക്ക!!!. ആഹാ എന്നാ ഐശ്വര്യം ആണ് ആ മുഖത്ത്, വെട്ടിത്തിളങ്ങുന്ന മുഖം. മമ്മൂക്ക ഞങ്ങളുടെ നാട്ടിലെ കുറേ ചേട്ടന്മാരോട് സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു പിന്നീട് അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് അവരൊക്കെ മമ്മൂക്കയുടെ ഫാൻസ്‌ പ്രവർത്തകർ ആയിരുന്നു എന്ന്. ആശ്ചര്യത്തോടെയും ലേശം അസൂയയോടെയും അവരെയും മമ്മൂക്കയെയും നോക്കി നിന്നു. അന്ന് മുതൽ ആണ് ഫാൻസ്‌ അസോസിയേഷനിൽ അംഗം ആകണം എന്ന മോഹം ഒക്കെ ഉണ്ടാകുന്നത് അതിനു കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞു പോയി മെമ്പർഷിപ്പ് ഒപ്പിച്ചെടുക്കാൻ. ചേട്ടന്മാരൊക്ക കുറച്ചു കഴിഞ്ഞപ്പോൾ പോയി മമ്മൂക്ക എഴുന്നേറ്റു ഗേറ്റിനു പുറത്ത് ഒരു പോലീസ് ജീപ്പ് ഉണ്ടായിരുന്നു അതിൽ വന്നു കയറി കൂടെ നടി ഇന്ദ്രജയും ഉണ്ടായിരുന്നു. അന്ന് പേരൊന്നും അറിയില്ലായിരുന്നു. കുറേ സമയം ഇക്കയെ തന്നെ നോക്കി നിന്നു എന്നിട്ട് മനസില്ല മനസോടെ വീട്ടിൽ തിരിച്ചു പോയി കാരണം വീട്ടിൽ താമസിച്ചു ചെന്നാൽ ഉമ്മയുടെ നല്ല അടി കിട്ടും. ഓർമകളിൽ മായാതെ മമ്മൂക്കയുടെ ആ കസേരയിലെ ഇരുത്തം ഇപ്പോഴും മനസിലുണ്ട്.

ഗോഡ്മാൻ എന്ന സിനിമയുടെ ചിത്രീകരണം ആയിരുന്നു അവിടെ. ആ വീട് സിനിമയിൽ മുരളി അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അബ്ദുറഹ്മാൻടെ വീട് ആയിരുന്നു. ആ ഇടയ്ക്കുള്ള ചെറിയ പെരുന്നാൾ സമയത്തു ആയിരുന്നു റിലീസ് എന്ന് തോന്നുന്നു. പെരുന്നാൾ കഴിഞ്ഞു കിട്ടിയ പെരുന്നാൾ കാശും കൊണ്ട് സുഹൃത്തുക്കളുമായി ആ ഫിലിം തുടർച്ചയായ ദിവസങ്ങളിൽ പോയി കണ്ടു. ആദ്യമായി ഇക്കയെ കണ്ട സന്തോഷം കൊണ്ടു ആകാം ഇങ്ങനെ അടുപ്പിച്ചു അടുപ്പിച്ചു പോയികണ്ടത്.

ഒന്ന് രണ്ട് വർഷങ്ങൾക്കു ശേഷം പിന്നെയും മമ്മൂക്കയെ കണ്ടു ദാദാസാഹിബ് ലൊക്കേഷനിൽ. സെക്രട്ടറിയറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ വെച്ച് അന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങി എടുത്തു. പിന്നെയും ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞു എറണാകുളം വരെ പോയി ഒരു ഫോട്ടോ എടുക്കാൻ ക്രോണിക് ബാച്‌ലർ ലൊക്കേഷനിൽ… പിന്നെ കുറേ വർഷങ്ങൾക്കു ശേഷം സൗദി അറേബ്യ കേന്ദ്രീകരിച്ചു ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയപ്പോൾ അതിലും ഭാഗമായി. കെയർ ആൻഡ് ഷെയർ ഫൌണ്ടേഷൻസിന്റെ 10 ആമത് വാർഷികത്തിൽ സൗദി ഫാൻസിന്റെ പ്രവർത്തകരുടെ കൂടെ മമ്മൂക്കയുമായി നേരിട്ട് ഒരു വേദിയിൽ നിൽക്കാനുള്ള ഭാഗ്യവും ഉണ്ടായി…. അവിടെ വെച്ചാണ് വയനാട്ടിലെ ഒരു ആദിവാസി ഊര് ദത്തെടുക്കാനുള്ള സൗദി ചാപ്റ്ററിന്റെ സമ്മതപത്രവും ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ മമ്മൂക്കയുടെ സാന്നിധ്യത്തിൽ കൈ മാറിയ അസുലഭ മുഹൂർത്തം ജീവിതത്തിൽ നടന്നത്. അങ്ങനെ അടങ്ങാത്ത ആവേശവുമായി ഇനിയും മമ്മൂക്കയെ കാണണം എന്ന ആഗ്രഹവുമായി ആ യാത്ര തുടർന്ന് കൊണ്ടേ ഇരിക്കുന്നു…..

*********************
Thaju Majeed,
Trivandrum.
Mob:+91-9895636525
Saudi:+966-546378960

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles