ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട മമ്മൂട്ടി സിനിമ ദി ഗ്രേറ്റ്‌ഫാദർ.., അതെ 2017 ൽ ഇറങ്ങിയ ദി ഗ്രേറ്റ് ഫാദർ തന്നെ. അതിനു മുനമ്പ് പല പ്രാവശ്യം പോവാൻ കൊതിച്ചിരുന്നു എങ്കിലും പല കാരണങ്ങളാൽ പോകാൻ സാധിച്ചിരുന്നില്ല. തിയേറ്റർ അനുഭവം എങ്ങനെയായിരിക്കുമെന്ന് ഇത് വരെ പോകാത്ത എല്ലാവര്ക്കും ഉള്ളപോലെ അതെ ആകാംഷ തന്നെയായിരുന്നു എനിക്കും. ടീവിയിലും മൊബൈലിലും ഒകെ സിനിമകൾ കാണാറുണ്ടെങ്കിലും അതുപോലത്തെ അനുഭവമല്ല തിയേറ്ററിലേത് എന്ന് എല്ലാവരും പറഞ്ഞു കേട്ട അറിവുണ്ടായിരുന്നു.
തിയേറ്ററിൽ പോകണം എന്നൊന്നും വിചാരിച്ചിരുന്ന ഒരു ദിവസമായിരുന്നില്ല അത്. അന്ന് ഒരു പരീക്ഷ ദിവസമായിട്ടിരുന്നു. പ്ലസ് വൺ കണക്ക് പരീക്ഷ ആയിരുന്നു അത്. അവസാനത്തെ പരീക്ഷ ആയിരുന്നു എന്ന് തോന്നുന്നുണ്ട്. വീട്ടിൽ പോകുന്നതിന് മുൻപ് ഒരു സുഹൃത്തിനു വേണ്ടി ബസ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്ന ഞാൻ. അപ്പോളാണ് അടുത്ത് നിർത്തിയിട്ടിരിക്കുന്ന ബസിനുള്ളിൽ നിന്ന് ആരോ വിളിക്കുന്നത്. നോക്കിയപ്പോൾ കൂടെ പഠിക്കുന്നവരാണ് . എല്ലാവരും ഉണ്ടായിരുന്നു ഒരു പത്തു പതിനഞ്ച് പേർ. അവർ എവിടേക്കോ പോവുകയായിരുന്നു. അതിൽ ഒരാൾ എന്നോട് ചോദിച്ചു സിനിമക്ക് പോരുന്ന എന്ന്.
ഞാൻ നിരസിച്ചുകൊണ്ട് പറഞ്ഞു കയ്യിൽ കാശില്ല എന്ന്. അപ്പോൾ അവർ പറഞ്ഞു ടിക്കറ്റ് ഞങ്ങളെടുക്കാം നീ വാ എന്ന്. അതിലും ഞാൻ വീണില്ല. ഭക്ഷണം കഴിച്ചില്ല എന്ന് പറഞ്ഞ ഒഴിഞ്ഞ മാറാൻ നോക്കി. അപ്പോഴാണ് എല്ലാവരും കൂടെ മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ പോവുകയാണെന്നും അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ ഉള്ള പരിപാടി ആണെന്നും മനസ്സിലായത്. അവൻ എന്നെയും ക്ഷണിച്ചു. പക്ഷെ എന്നിട്ടും ഞാൻ പോയില്ല. സ്കൂൾ യൂണിഫോമിൽ ആയിരുന്നു അപ്പോൾ എല്ലാവരും. പരീക്ഷ കഴിഞ്ഞിട്ട് പോകാൻ ഉള്ള പ്ലാൻ അവർ ആദ്യമേ തീരുമാനിച്ചതായിരുന്നു. എല്ലാവരുടെയും കയ്യിൽ മാറാൻ ഉള്ള വസ്ത്രങ്ങൾ ഉണ്ടായിരുന്നു. എന്റെ കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ എന്റേത് തരാം , നമ്മൾ എന്റെ വീട്ടില്ക അല്ലെ പോകുന്നത്, അവിടെ നിനക്ക് പറ്റിയത് ഉണ്ടാകും എന്ന് പറഞ്ഞു എന്നെ കൂട്ടികൊണ്ട് പോവുകയായിരുന്നു സുഹൃത്തുക്കൾ. എന്റെ ബസ് ടിക്കറ്റ് പോലും അവരാണ് എടുത്തത്. അവിടെ മുതൽക്കാണ് അവരുമായുള്ള തീവ്രമായ സുഹൃത് ബന്ധത്തിന്റെ തുടക്കം.
അങ്ങനെയാണ് ആദ്യ സിനിമക്ക് പോയത്. പോയ സിനിമ അടിപൊളി ആയിരുന്നു എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ.. മമ്മൂട്ടിയും ആര്യയും ഒക്കെ തിയേറ്റർ ഇളക്കി മറിക്കുകയായിരുന്നു. മികച്ച ഒരു അനുഭവം തന്നെയായിരുന്നു അത്. സിനിമ കണ്ടതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ഇത്ര സ്നേഹമുള്ള കൂട്ടുകാർ ആണല്ലോ കൂടെ ഉള്ളത് എന്ന് ഓർത്തിട്ടായിരുന്നു. വീട്ടിൽ ഏതാണ് സാധാരണയിൽ അല്പം വൈകി എങ്കിലും യൂണിഫോം ഇല്ലാത്ത എന്നെ കണ്ട ഉമ്മ ഒന്ന് നോക്കി.പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന സ്ഥിരം ചോദ്യം ചോദിച്ചു.കുഴപ്പമില്ലായിരുന്നു എന്ന സ്ഥിരം മറുപടിയും കൊടുത്തു. സിനിമക്ക് പോയ കാര്യം അപ്പോൾ പറഞ്ഞില്ല.
