മമ്മൂട്ടി എന്ന മൂന്നക്ഷരത്തോട് ചെറുപ്പം മുതൽ തന്നെ വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു. അദ്ധേഹത്തിന്റെ സിനിമകളാണ് ഈ അടുപ്പത്തിനു അടിസ്ഥാന ശിലയിട്ടത്. പിന്നീട് ഓരോ ഘട്ടത്തിലും അത് വളർന്നു വലുതായി. ഇന്നത് അകലെ നിന്നു നോക്കി കണ്ടിരുന്ന താരം എന്ന നിലയിൽ നിന്ന് സ്വന്തം ജ്യേഷ്ഠ സഹോദരനന്റെ സ്ഥാനത്ത് വന്നുനിൽക്കുകയാണ്. മമ്മൂക്കയെ കാണുന്നതും പരിചയപ്പെടുന്നതും പത്രപ്രവർത്തകൻ എന്ന നിലയിലായിരുന്നു. 1985-ൽ തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്തബിരുദം കരസ്ഥമാക്കിയശേഷം പത്രപ്രവർത്തകനായി മാതൃഭൂമിയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. മതൃഭുമിയുടെ തന്നെ ഗൃഹലക്ഷ്മിയിലും പിന്നീട് ചിത്രഭൂമിയിലും ആയിരുന്നു നിയമനം. ചിത്രഭൂമിയുടെ ലേഖകൻ എനൻ നിലയിൽ മമ്മൂക്കയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. വല്ലാത്തൊരു ആഹ്ളാദമായിരുന്നു അത്.
എന്റെ സിനിമകളുടെയെല്ലാം ഐഡിയൽ ഹീറോ എന്നും മമ്മൂട്ടിയായിരുന്നു. മലയാളസിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി നിലകൊള്ളുന്നത് മമ്മൂട്ടിയെന്ന നടനാണ്. എന്റെ ഓരോ സിനിമയുടെയും രചനാവേളയിൽ മമ്മൂട്ടിയെ കണ്ടുകൊണ്ടാണ് നായക കഥാപാത്രത്തിനു രൂപം നൽകുന്നത്. പിന്നീട് അത് പല കാരണങ്ങളാൽ മറ്റുള്ളവരിലേക്ക് മാറുകയാണ് പതിവ്. ഞാൻ എഴുതിയ സിനിമകളിലെല്ലാം നായകസ്ഥാനത്ത് ഞാൻ പ്രതിഷ്ഠിക്കുന്നത് മമ്മൂക്കയെയാണ്. എന്റെ കതാപാത്രങ്ങളുടെ അടിസ്ഥാന ഊർജ്ജം മമ്മൂട്ടിയെന്ന പ്രതിഭയിൽ നിന്നായിരുന്നു. കരുത്തുള്ള നായകന്മാർക്കുവേണ്ടിയുള്ള ഊർജ്ജം മമ്മൂക്കയുടെ പൗരുഷമാർന്ന പ്രകടനം മുന്നിൽ കാണുമ്പോഴാണ് ലഭിച്ചിരുന്നത്. നാലു ചിത്രങ്ങളിലാണ് ഞാൻ മമ്മൂക്കയോടൊപ്പം പ്രവർത്തിച്ചത്. ദി കിംഗ്, ദുബായ്, രൗദ്രം, കിംഗ് ആൻഡ് കമ്മീഷ്ണർ. അദ്ധേഹം അഭിനയിക്കാത്ത എന്റെ മറ്റു സിനിമകളിലെല്ലാം മമ്മൂട്ടിയിലേക്കുള്ള ഒരു നിഴൽ ബാക്കിവച്ചിരുന്നു.
കുട്ടിക്കാലം മുതൽ മമ്മൂക്കയുടെ സിനിമകൾ കണ്ട് ആവേശഭരിതനായി വളർന്ന ഞാൻ ചിത്രഭൂമിയിൽ പ്രവർത്തിക്കുമ്പോഴും ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന താരം മമ്മൂക്കയായിരുന്നു. മമ്മൂക്കയുമായി മാത്രമല്ല, അദ്ധേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തിയാണ് ഞാൻ. മമ്മൂക്കയ്ടെ സഹോദരന്മാരായ ഇബ്രാഹിം കുട്ടിയും സക്കറിയയും എന്റെ അടുത്ത സുഹൃത്തുക്കളാണ്.
പലതവണ ഞാൻ മമ്മൂക്കയുടെ വീട്ടിൽ പോയിട്ടുണ്ട്. അദ്ധേഹത്തിന്റെ ചെമ്പിലെ തറവാട് വീട്ടിലും പോയിട്ടുണ്ട്. കുടുംബാങ്ങളുമായി അന്നുമുതലേ നല്ല അടുപ്പം പുലർത്താൻ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ദേഷ്യപ്പെടുകയും വഴക്കുപറയുകയും ചെയ്യുന്ന സ്നേഹനിധിയായ ഒരു ജ്യേഷ്ഠനായിട്ടാണ് മമ്മൂക്ക എന്നും നിലകൊണ്ടിട്ടുള്ളത്. അദ്ധേഹത്തിന്റെ സ്നേഹം എന്നതിനേക്കാൾ ഉപരി വാൽസല്യം ഏറെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ കാലത്തും ഒരു അഭ്യുദയകാംക്ഷിയുടെ മനസ്സോടെ ക്ഷേമം അന്വേഷിക്കാൻ വളരെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അദ്ധേഹം സമയം കണ്ടെത്തുന്നുവെന്നത് ഒരു സവിശേഷതയാണ്. എപ്പോഴും ഒരു കരുതൽ അദ്ധേഹത്തെ സ്നേഹിക്കുന്നവർക്കു പ്രതീക്ഷിക്കാം. എനിയ്ക്ക് അത് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് 2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തിലാണ്. ആ നാലു വർഷം സിനിമ ചെയ്യാതെ ഞാൻ മാറിനിൽക്കുകയായിരുന്നു. ഈ കാലയളവിൽ ഇടയ്ക്കിടെ അദ്ധേഹം വിളിക്കുമായിരുന്നു. വിളിക്കുമ്പോഴെല്ലാം എഴുതണമെന്നും വീണ്ടും തിരിച്ച് സിനിമയിൽ സജീവമാകണമെന്നും ഉപദേശിക്കുമായിരുന്നു. നാം സ്നേഹിക്കുന്ന ഒരാൾ നമ്മെ വിളിച്ചു സ്നേഹം അന്വേഷിക്കുമ്പോഴുണ്ടാകുന്ന മാനസിക സന്തോഷം വളരെ വലുതാണ്.
വളരെ ഉയർന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും സൗഹൃദത്തിനു ഏറെ പ്രാധാന്യം നൽകാൻ മമ്മൂക്കയ്ക്ക് കഴിയുന്നുവെന്നത് വലിയൊരു കാര്യമാണ്. ഒരു കരുതലും അന്വേഷണവും എന്റെ കാര്യത്തിൽ അദ്ധേഹത്തിനു ഉണ്ടെന്ന് വീണ്ടും തെളിയിച്ച ഒരു അനുഭവം പറായാം.. ഒരിക്കൽ ഒരു അമേരിക്കൻ വിദേശ യാത്ര കഴിഞ്ഞു എത്തിയ അദ്ധേഹം എനിയ്ക്ക് ഒരു സമ്മാനവുമായി എത്തിയതാണ്. സ്ക്രീൻ പ്ളേ റൈറ്റിംഗ് സംബന്ധിച്ചു ഇറങ്ങിയ ഏറ്റവും പുതിയ ഒരു പുസ്തകമാണ് മമ്മൂക്ക അമേരിക്കയിൽ നിന്നും എനിയ്ക്ക് കൊണ്ടുവന്നത്. ഒരു യാത്ര പോയി വരുമ്പോൾ എനിയ്ക്കുവേണ്ടി ഒരു വിലപ്പെട്ട പുസ്തകം വാങ്ങിക്കൊണ്ടുവന്നു തരണമെങ്കിൽ അദ്ധേഹത്തിന്റെ മനസ്സിൽ എനിയ്ക്കുള്ള സ്ഥാനം വലുതാണെന്ന് ബോധ്യമായി. അത് ഏറെ സന്തോഷം നൽകുന്ന കാര്യമാണല്ലോ.
1995-ൽ കേരളക്കരയാകെ ഇളക്കിമറിച്ച ദി കിംഗിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ഐ എ സുകാരൻ മമ്മൂട്ടിയുടെ കൈയിൽ ഭദ്രമായിരുന്നു.
മമ്മൂക്കയെ നായകനാക്കി രൗദ്രം എന്ന ചിത്രമൊരുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു. മമ്മൂക്കയുടെ ഒരുപാട് ഫയർ ബ്രാൻഡ് പോലീസ് കൽ കഥാപാത്രങ്ങളെ തിരശ്ശീലയിൽ കണ്ടു ഹരം കൊണ്ട എന്നെ സംബന്ധിചിടത്തോളം അതേ പോലീസ് യൂണിഫോമിൽ എന്റെ ആക്ഷനും കട്ടിനുമിടയിൽ മമ്മൂക്ക ക്യാമറയ്ക്ക് മുന്നിൽ വന്നുനിന്നപ്പോൾ ഉണ്ടായ ആവശവും സന്തോഷവും ചെറുതായിരുന്നില്ല.
മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യാൻ ഞാൻ ആലോചിച്ച ഒരു പ്രോജക്ടായിരുന്നു ‘കടുവാക്കുന്നേൽ കുറുവച്ചൻ’. ആ ചിത്രത്തിന്റെ സ്റ്റോറി ലൈൻ എഴുതിവച്ചതാണ്. എന്റെ പരിചയത്തിലുള്ള ഒരു കഥാപാത്രമാണ് കുറുവച്ചൻ. മമ്മൂക്ക ചെയ്താൽ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന ആ പ്രോജക്ട് ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെപോവുകയായിരുന്നു.
വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ തേടുന്നതിൽ ഇന്നും മമ്മൂക്കയ്ക്കുള്ള ആവേശം… അത് അദ്ദേഹത്തിൽ കാണുന്ന വലിയൊരു പ്രത്യേകതയാണ്. ഒരു നടനെന്ന നിലയ്ക്കും താരമെന്ന നിലയ്ക്കും ഇന്നും മലയാളത്തിലെ നമ്പർ വൺ ആയി അദ്ദേഹം നിൽക്കുന്നതും ഈ പ്രത്യേകത കൊണ്ടുകൂടിയാണ്. കഥാപാത്രത്തിന്റെ വിജയത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന നടൻ.. കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താൻ കഴിയുന്ന ഒരു നടനിൽ നിന്ന് എന്ത് ഒരു തിരക്കഥാകൃത്തും സംവിധായകനും പ്രതീക്ഷിക്കുന്നുവോ അത് ലഭിക്കും. .
