അതെ; ഇത് പ്രളയത്തെ അതിജീവിച്ച മലയാളിയുടെ പുതിയ ആഘോഷം. തീവണ്ടി എന്ന സിനിമ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്ളിൽ പ്രദർശനം തുടരുമ്പോൾ, അതിജീവനത്തിന്റെ പാതകൾ വെട്ടിത്തുറക്കുന്ന മലയാളിക്കു മുൻപിലേക്ക് അല്പം രസം പകരാൻ എത്തിയ തീവണ്ടിയിൽ ആവേശത്തോടെ കയറുകയാണ് മലയാളി. കേരളത്തിലെ എല്ലാ കംപാർട്ടുമെന്റുകളും ഫുൾ ആണെന്നു മാത്രമല്ല, കാർണിവൽ മാൾ ഓഫ് ട്രാവൻകൂറിൽ ഒരു ദിവസം 18 ഷോ കളിച്ച് തീവണ്ടി ചരിത്രം കുറിച്ചു…!!!
ഏറെക്കാലത്തിനു ശേഷം ഗ്രാമീണതയുടെ ഗൃഹാതുരത മലയാളിയ്ക്കു പകർന്ന ഈ ചിത്രം ടൊവിനോ എന്ന യുവനായകന്റെ കരിയർ ബെസ്റ്റ് കൂടി ആവുകയാണ്.
ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച് നവാഗതനായ ഫെലിനി ടി.പി ഒരുക്കിയ തീവണ്ടി എല്ലാ കേന്ദ്രങ്ങളിലും ഹെവി റിട്ടേൺസോടെയാണ് പ്രദർശനം തുടരുന്നത്. പലതവണാ റിലീസ് മാറ്റിവച്ച് ചിത്രം ഒടുവിൽ ഓണത്തിനു തിയേറ്ററുകളിൽ എത്താൻ ഇരുന്നതാണ്. എന്നാൽ പ്രളയദുരന്തത്തോടെ ഓണച്ചിത്രങ്ങളെല്ലാം മാറിയപ്പോൾ തീവണ്ടിയും മാറി. ഒടുവിൽ സെപ്തബർ ഏഴിനു തിയേറ്ററുകളിൽ എത്തിയ തീവണ്ടിയിൽ കയറാൻ ചെറുപ്പക്കാർ മാത്രമല്ല, സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബപ്രേക്ഷകർ തിക്കും തിരക്കും കൂട്ടുന്ന കാഴ്ചയാണു എങ്ങും കാണുന്നത്.ദി ഗ്രേറ്റ് ഫാദറിനു ശേഷം ആഗസ്റ്റ് സിനിമാസിനു മറ്റൊരു ബ്ളോക് ബസ്റ്റർ കൂടി സമ്മാനിക്കുകയാണ് തീവണ്ടി. “ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ട്. പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയപ്പോൾ അല്പം ടെൻഷനുണ്ടായിരുന്നു. സിനിമ നന്നായി വന്നിട്ടുണ്ട് എന്നറിയാമെങ്കിലും റിലീസ് തിയതി നീണ്ടത് ചിത്രത്തിന്റെ തിയേറ്റർ പെർഫോമൻസിനെ ബാധിക്കുമോ എന്ന സംശമയുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി ജനം ആവേശത്തോടെ ഈ സിനിമയെ വരവേൽക്കുന്നതു കാണുമ്പോൾ അതിയായ സന്തോഷവും സംതൃപിതിയുമുണ്ട്. ഇതി ടോവിനോയുടെയും ഫെലിനി ടി.പി എന്ന നവാഗതന്റെയും വിജയം കൂടിയാണ്. ഒപ്പം ഗ്രേറ്റ് ഫാദറിനു ശേഷം ആഗസ്റ്റ് സിനിമാസിനു മറ്റൊരു മെഗാഹിറ്റുകൂടി ലഭിച്ചിരിക്കുന്നു.” ആഗസ്റ്റ് സിനിമാസിന്റെ സാരഥി ഷാജി നടേശന്റെ വാക്കുകൾ.
തീർത്തും ലളിതമായൊരു കഥ കോമഡിയുടെ അകമ്പടിയോടെ തനി നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ, പഴയകാല സത്യൻ-ശ്രീനി ചിത്രങ്ങളുടെ ഓർമ്മകൾ സമ്മാനിക്കുന്നു. ഒരു നാടും അവിടുത്തെ നിഷ്കളങ്കരായ നാട്ടുകാരും, അവരുടെ ഇടയിൽ സദാ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നടക്കുന്ന ടൈറ്റിൽ കഥാപാത്രമായ ‘തീവണ്ടിയും’ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് ആനന്ദിക്കാനുള്ളതെല്ലാം ഈ സിനിമ നൽകുന്നു. ഒപ്പം നല്ലൊരു സന്ദേശവും.
അത്യന്തം രസകരമായി നീങ്ങുന്ന ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് മതിമറന്ന് ചിരിക്കാനുള്ളതെല്ലാം അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. രണ്ടാം പകുതിയിൽ അല്പം സീരിയസ്സാകുന്ന സിനിമ ട്വിസ്റ്റുകളോ അതിനാടകീയ മുഹൂർത്തങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ കൈയിലെടുക്കുന്ന ഹൃദ്യമായ ഒരു ക്ളൈമാക്സും കൂടിയാകുമ്പോൾ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി പടരുന്നു.
ടൊവിനോ എന്ന നായകനു കോമഡിയും നന്നായി വഴങ്ങുമെന്ന് ഈ സിനിമ തെളിയിക്കുന്നു. മായാനദിയ്ക്കു ശേഷം ടൊവിനോയ്ക്ക് ലഭിക്കുന്ന മികച്ച വേഷമാണ് തീവണ്ടിയിലേത്. യുവനായകനിരയിൽ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു ടൊവിനോ എന്ന് ഈ സിനിമ അടിവരയിടുന്നു. സംയുക്താമേനോൻ തന്റെ ആദ്യ നായികാവേഷം മികവുറ്റതാക്കി. നാടൻ പെൺകുട്ടിയുടെ വേഷം ഈ നടിയിൽ ഏറെ ഭദ്രമാണ്. സുധീഷിന്റെ അമ്മാവൻ വേഷവും സൈജു കുറുപ്പിന്റെ അളിയൻ വേഷവും എടുത്തുപറയേണ്ടതാണ്. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ വേഷം മികച്ചതാക്കി. സെക്കന്റ് ഷോ എന്ന ആദ്യ ദുൽഖർ ചിത്രത്തിനു തിരക്കഥയൊരുക്കിയ വിനി വിശാലിന്റെ തിരക്കഥയും സംഭാഷണവും മികച്ച നിലവാരം പുലർത്തി. കൈലാസ് മേനോൻ എന്ന നവാഗതന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനു ഭംഗി കൂട്ടി. കുടുംബസമേതം കാണാവുന്ന ഈ സിനിമ പുകവലിയന്മാർക്കുള്ള ഒരു സന്ദേശവും നൽകുന്നു എന്നത് ജനപ്രീതിക്കൊപ്പം ചിത്രത്തിന്റെ സാമൂഹ്യപ്രാധാന്യവും വർധിപ്പിക്കുന്നു.
(അനുബന്ധം: പ്രളയകാലത്ത് താരജാഡകളില്ലാതെ; നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ ആത്മാർഥമായി ഇടപെട്ട ടൊവിനോയെ ട്രോളിയവർക്കും വിമർശിച്ചവർക്കും അതിജീവനത്തിന്റെ പാതയിൽ എല്ലാം തിരിച്ചുപിടിക്കുന്ന മലയാളികൾ ടൊവിനോയ്ക്കു നൽകിയ ഒരു സമ്മാനം കൂടിയാണ് തീവണ്ടിയുടെ വൻ വിജയം എന്നും പറയാം…!)
