ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിൻ ഹുഡ്, മെമ്മറീസ്… തുടങ്ങി നിർമ്മിച്ച ചിത്രങ്ങളെല്ലാം വൻ വിജയങ്ങൾ. ഒരിടവെളയ്ക്കുശേഷം അനന്താവിഷന്റെ സാരഥികൾ പി കെ മുരളീധരനും ശാന്താമുരളിയും എത്തുന്നത് തങ്ങളുടെ ആദ്യ സൂപ്പർ താര ചിത്രവുമായാണ്. പ്രശസ്ത തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവെക്കുകയാണ് അനന്താവിഷന്റെ സാരഥികളിൽ ഒരാളായ ശ്രീമതി ശാന്താ മുരളി.
ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ഈ പ്രോകജ്ടിലേക്ക് എത്തുന്നത്.?
ഞാൻ അഞ്ച് വർഷം മുൻപ് മെമ്മറീസ് എന്ന ചിത്രം ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് സേതുവുമായി ഇതിനെപ്പറ്റി ചർച്ച ചെയ്‌തിരുന്നു. കഥ എനിക്ക് അറിയാമായിരുന്നു. അങ്ങന സേതുവിന് 2013-ൽ അഡ്വാൻസ് കൊടുത്തു. അത് കഴിഞ്ഞു നേരിട്ടുള്ള ചർച്ചകൾ വളരെ കുറവാണെങ്കിലും ഫോണിലൂടെ നിരന്തരം ചർച്ച ചെയ്‌തു ചർച്ച ചെയ്‌തു അവസാനം സേതു പോയി മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ടു കഥ പറഞ്ഞു കേൾപ്പിച്ചു കൂടെ വേറെ പലരെയും കേൾപ്പിച്ചു. എല്ലാവർക്കും കഥ ഇഷ്ടമായി കഥ ഇഷ്ടമാവാത്ത ആരും ഉണ്ടായിരുന്നില്ല. കഥ ഇഷ്ടമായ മമ്മൂട്ടി ആരാണ് പ്രൊഡ്യൂസർ എന്ന് ചോദിച്ചു അപ്പോൾ എൻറെ പേര് പറയുകയും എന്നോട് വന്നു അഡ്വാൻസ് കൊടുക്കാൻ പറയുകയും ചെയ്‌തു. അങ്ങനെ ഞാനും എൻറെ ഭർത്താവും കൂടി മദ്രാസിൽ പേരന്മ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനായിൽ വെച്ച് അഡ്വാൻസ് കൈമാറുകയും ചെയ്‌തു. സേതു കൊച്ചിയിൽ നിന്നുതുമാണ് മദ്രാസിൽ വന്നത്. അതാണ് ഈ ചിത്രത്തിൻറെ തുടക്കം.
അനന്താ വിഷന്റെ ആദ്യ സൂപ്പർതാര ചിത്രം. ഒരു മമ്മൂട്ടി ചിത്രവുമായി എത്തുമ്പോഴുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ്.?
(ചിരിക്കുന്നു….) സത്യം പറയട്ടെ ഞാൻ ഒരുപാട് പ്രതീക്ഷ വെച്ച് പുലർത്താത്ത ആളാണ്. എൻറെ ഒരു പ്രാർത്ഥന വിജയമായാലും പരാജയമായാലും അത് ഏറ്റു വാങ്ങാനുള്ള മനഃസാന്നിധ്യം ഉണ്ടാവണേ ദൈവമേ എന്നാണ്. എന്തായാലും ഇത് വിജയമായിരിക്കും എല്ലാം നന്നായി വന്നിട്ടുണ്ട്, തീർച്ചയായും വിജയിക്കും, നല്ല കഥയാണ്, കോമഡിയൊക്കെ നന്നായി വർക്ക്ഔട്ട് ആയിട്ടുണ്ട്. കഥയാണല്ലോ താരം അത് മാത്രമല്ല പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. അദ്ദേഹം നല്ല ആത്മാർത്ഥമായി വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ എല്ലാം ഒരു ഈശ്വരാനുഗ്രഹം.
ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, മെമ്മാറീസ്, റോബിൻഹുഡ്…. നിർമ്മിച്ച ചിത്രങ്ങളെല്ലാം ബോക്സോഫീസ് ഹിറ്റുകൾ. ആ വിജയങ്ങൾ കുട്ടനാടൻ ബ്ലോഗും ആവർത്തിക്കുമോ.?
സംശയമുണ്ടോ ? നമ്മൾ പടം റിലീസാവുന്നത് വരെ എല്ലാ നിർമ്മാതാക്കളുടെയും സംവിധായകൻറെയും താരങ്ങളുടെയും മനസിലുള്ള ആഗ്രഹം ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആവണമെന്നുള്ളതാണ്.
സേതു (സച്ചി-സേതു)ആദ്യമായി തിരക്കഥയൊരുക്കിയ ചോക്ലേറ്റ് നിർമ്മിച്ചത് അനന്താവിഷൻ. ഇപ്പോൾ സേതു ആദ്യമായി സംവിധായകനാകുന്ന കുട്ടനാടൻ ബ്ലോഗ് നിർമ്മിക്കുന്നതും അനന്താവിഷൻ. സേതുവുമായുള്ള അടുപ്പം.?
ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ എൻറെ ഒരു സ്വന്തം കൊച്ചനുജൻ.
മമ്മൂക്കയോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ.?
മമ്മൂട്ടി ഒരു മെഗാസ്റ്റാർ അല്ലെ ? വളരെ നല്ല നല്ല രീതിയിലായിരുന്നു ഓരോ ദിവസത്തെയും ഷൂട്ട് കടന്നു പോയത്. കാണുമ്പോഴൊക്കെ വളരെ സന്തോഷത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അത് മാത്രമല്ല എൻറെ മകൻ ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ എതിര് നിൽക്കുന്ന കഥാപാത്രമാണ് അവൻ ചെയ്തതു. അവിടെയും മെഗാസ്റ്റാർ നന്നായി സഹകരിച്ചു. കാരണം മറ്റൊന്നുമല്ല അവൻ ജീവിതത്തിൽ ആദ്യമായാണ് ക്യാമറയുടെ മുന്നിൽ നിൽക്കുന്നത്. അമേരിക്കയിൽ ജോലി ചെയ്യുന്ന അവൻ ഒരാഴ്ചത്തെ ലീവിന് വന്നാണ് ഫ്രഡി എന്ന കഥാപത്രത്തെ ചെയ്‌തത്. ആകെക്കൂടി നോക്കുകയാണെകിൽ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം വളരെ സന്തോഷം നൽകുന്ന അനുഭമായിരുന്നു ലൊക്കേഷനിൽ ഉണ്ടായിരുന്നത്. മോശമെന്ന് പറയാൻ ഒരു കാര്യവും ഉണ്ടായിട്ടില്ല. അഥവാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ ഞാനും എൻറെ ഭർത്താവും അത് വലിയ പ്രശ്‌നമാക്കി എടുക്കാതെ പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷപരമായി മുന്നോട്ടു കൊടുപോവുകായണ് ഉണ്ടായതു.
മമ്മുക്കയുടെ ഈ ചിത്രത്തിലെ പ്രകടനത്തെക്കുറിച്ച്.?
(വീണ്ടും ചിരിക്കുന്നു…) മമ്മൂട്ടിയുടെ പെർഫോമൻസിനെ കുറിച്ച് പറയാൻ ഞാൻ ആരാണ് ? നിങ്ങൾ എന്താ തമാശ പറയുകയാണോ ? അതിനെപ്പറ്റി പറയാൻ ഞാൻ ആളല്ല. അദ്ദേഹം മൂന്ന് തവണ ദേശീയ പുരസ്കാരം വരെ നേടിയ മഹാനടനാണ്. അദ്ധേഹത്തിന്റെ പെർഫോമൻസിനെ കുറിച്ച് ഒരു കമന്റ് പറയാൻ ഞാൻ ആഗ്രഹിക്കുന്നതല്ല. എന്നാലും പറയാം ചിത്രത്തിൽ മെഗാസ്റ്റാർ അതിഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട് .അത് നിങ്ങൾക്ക് ചിത്രം തിയേറ്ററിൽ വരുമ്പോൾ കാണാം.
‘യൂത്ത്ഫുൾ എന്റർട്ടെയിനർ’ എന്നാണല്ലോ സംവിധായകൻ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയായിരിക്കുമോ കുട്ടനാടൻ ബ്ലോഗ്.?
കുടുംബ പ്രേക്ഷകർക്കും, ചെറുപ്പക്കാർക്കും, പെൺകുട്ടികൾക്കും, അമ്മച്ചിമാർക്കും എല്ലാവർക്കും വന്നു കാണത്തക്ക രീതിയിലുള്ള മനോഹര തമാശകൾ ചിത്രത്തിലുണ്ട്.
പ്രേക്ഷകരോട് പറയാനുള്ളത്, തിയേറ്ററിൽ വരിക, നിങ്ങൾ മുടക്കുന്ന പൈസക്ക് ഇരട്ടി മധുരം ഈ സിനിമയിലുണ്ട്. ഞങ്ങൾ ലക്ഷ്യമിടുന്നത് താഴേത്തട്ടു മുതലുള്ള എല്ലാ വിഭാഗം പ്രേക്ഷകരെയുമാണ്. ചിത്രം കണ്ടു കഴിഞ്ഞു ഇതിനു വരേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും പറയേണ്ടി വരില്ല. അവർ മുടക്കുന്ന പൈസ ഒരിക്കലും നഷ്ടം വരില്ല എന്ന ഉറപ്പു തരുന്നു. കുറച്ചു നല്ല ചിത്രങ്ങൾ ചെയ്‌തിട്ടുള്ള എൻറെ ഭാഗത്തു നിന്ന് പ്രേക്ഷകർക്ക് നൽകുന്ന ഒരു വാക്കാണ് ഇത്.
തയ്യാറാക്കിയത്: ഫസൽ റഹ്‌മാൻ
