ലോകം കാണാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ താൻ അഭിമാനിക്കുന്നതായി ആന്റണി പെരുമ്പാവൂർ. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലുമായുള്ള മൂന്നു പതിറ്റാണ്ടുകൾ നീണ്ട തന്റെ ബന്ധത്തെക്കുറിച്ച് ആന്റണി മനസ് തുറന്നത്.മമ്മൂക്കയെക്കുറിച്ചും അഭിമുഖത്തിൽ ആന്റണി പരാമർശിക്കുന്നുണ്ട്.എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന ആൾ വേറെയുണ്ടാകില്ല എന്നാണ് മമ്മൂക്കയെക്കുറിച്ച് ആന്റണി പറയുന്നത്.മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തിയാണ് എന്ന് പറയുന്ന ആന്റണി തന്റെ വളർച്ചയിൽപ്പോലും മമ്മൂക്ക കാണിച്ച ശ്രദ്ധ എടുത്തു പറയുന്നുണ്ട്.തങ്ങളുടെ വീട്ടിലെ കാരണവർതന്നെയാണു മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.അതൃപ്തി ഉണ്ടെങ്കിൽ സ്നേഹപൂർവം തുറന്നു പറയുന്ന വ്യക്തിയാണ് മമ്മൂക്ക.’ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുൻപു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു മോഹൻലാൽ തന്നെ ആണെന്ന് ആന്റണി പറഞ്ഞു. ഇവർ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
