Connect with us

Hi, what are you looking for?

Latest News

“ഏത് വേഷവും മമ്മൂക്കയ്ക്ക് സ്യൂട്ടാണ് “: സമീറ സനീഷ്

മമ്മൂട്ടിയും ഞാനും : സമീറ സനീഷ് 

സിനിമാ രംഗത്തേക്ക് വരണോ വേണ്ടയോ എന്ന ഒരു കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് ഡാഡി കൂളിൽ കോസ്റ്റ്യും  ഡിസൈൻ ചെയ്യുവാൻ എനിയ്ക്ക് അവസരം ലഭിക്കുന്നത്. ഡാഡി കൂളിനെ കുറിച്ചു ആഷിഖ് അബു ആദ്യം പറഞ്ഞപ്പോൾ അത് കാര്യമായി എടുത്തിരുന്നില്ല. ആഷിഖും സമീർ താഹിറുമായിട്ടുമൊക്കെ എനിയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇവർ ചെയ്തിരുന്ന പരസ്യ ചിത്രങ്ങളുടെ  കോസ്റ്റ്യും ഡിസൈനിങ്  നിർവഹിക്കാൻ എനിയ്ക്ക് അവസരം ലഭിച്ചിരുന്നു. ആ ബന്ധമാണ് പിന്നീട് ഡാഡി കൂളിലേയ്ക്ക് നയിച്ചത്. സിനിമയിലേക്കുള്ള വരവ്  വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂക്കയുടെ സിനിമ എന്ന് കേട്ടപ്പോൾ വലിയ ഉത്സാഹമായി. കാരണം മറ്റൊന്നുമല്ല,  ഞാനും ചെറിയ പ്രായം മുതൽ തന്നെ ഒരു വലിയ മമ്മൂട്ടി ഫാനാണ്.

മമ്മൂക്കയുടെ ചിത്രത്തിലൂടെ ഒരു എൻട്രി എന്നത് വലിയൊരു അവസരമായിട്ടാണ് എനിക്ക് തോന്നിയത്. അത് പൂർണ്ണമായും ശരിയുമായിരുന്നു. മമ്മൂക്കയ്ക്ക് വേണ്ടി ഏത് കോസ്റ്റ്യും ഡിസൈൻ ചെയ്താലും ശ്രദ്ധിക്കപ്പെടും. ഡാഡി കൂളിലെ മമ്മൂക്കയുടെ കോസ്റ്റ്യും ഗെറ്റപ്പാണ് പിന്നീട് എനിയ്ക്ക് അവസരങ്ങൾ നേടിത്തന്നതും മലയാള സിനിമയിൽ കോസ്റ്റ്യും ഡിസൈനെർ എന്ന നിലക്ക് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വർക്കുകൾ ചെയ്യാൻ കഴിഞ്ഞതും. ഡാഡി കൂളിനു ശേഷം പ്രാഞ്ചിയേട്ടൻ, ബെസ്റ്റ് ആക്ടർ,  കോബ്ര എന്നീ ചിത്രങ്ങളാണ് ഞാൻ ചെയ്തത്. ഇവയും വസ്ത്രാലങ്കാരത്തിനു പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു. മമ്മൂക്ക ഏത് തരം വേഷം ധരിച്ചാലും മനോഹരമായിരിക്കും എന്നതാണ് അനുഭവം. പ്രാഞ്ചിയേട്ടൻ ലൊക്കേഷനിൽ വച്ച് രസകരമായ ഒരു സംഭവമുണ്ടായത് ഞാൻ ഓർത്തുപോവുകയാണ്. പ്രാഞ്ചിയേട്ടനിലെ ക്ലബ് ഇലക്ഷൻ രംഗത്ത് കുറച്ചു ബോറായ കോസ്റ്റ്യും ഡിസൈനിങ്ങാണ് വേണ്ടതെന്നു സംവിധായകൻ രഞ്ജിത്തേട്ടൻ പറഞ്ഞു. മമ്മൂക്കയെ കണ്ടാൽ വലിയ ഗ്ലാമർ തോന്നാത്തതും ഒരു കോസ്റ്റ്യും സെൻസില്ലാത്തതുമായ ഗെറ്റപ്പിൽ വേണമെന്നായിരുന്നു സംവിധായകന്റെ മനസ്സിൽ. അതനുസരിച്ചു ഒരു പച്ച ഷർട്ടും ചുവന്ന ടൈയും കോട്ടും ധരിപ്പിച്ചു ഒരു ബോറൻ രീതിയാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. കോട്ടും ധരിച്ചു വന്നപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി.ക്യാമറക്ക് മുന്നിലേക്ക് വന്നപ്പോൾ മമ്മൂക്ക ആ വേഷത്തിലും സുന്ദരനായിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.  മമ്മൂക്ക ഏത് വേഷത്തിൽ എത്തിയാലും സുന്ദരനായിരിക്കുമെന്നത് മലയാളത്തിൽ മറ്റു നടന്മാരിൽ നിന്ന് മമ്മൂക്കയെ വ്യത്യസ്തനാക്കുകയാണ്.

മമ്മൂക്കയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ കിട്ടുന്ന അവസങ്ങളൊക്കെയും സന്തോഷം നൽകുന്നതാണ്. അദ്ദേഹത്തോടപ്പമുള്ള വർക്കുകൾ കംഫർട്ടബിളാണ്. കഥാപാത്രത്തിന്റെ സവിശേഷത അനുസരിച്ചുള്ള വസ്ത്രാലങ്കാര രീതിയാണ് ഞാൻ സ്വീകരിക്കുക. ഇതിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യമാണ് കോസ്റ്റ്യും ഡിസൈനർക്ക് ലഭിക്കുന്നത്. കഥാപാത്രത്തിന് അനുസൃതമായ രീതിയിൽ വേഷം ധരിക്കാൻ മമ്മൂക്ക തയ്യാറാണ്. കളർ സെൻസിന്റെ കാര്യത്തിലും മമ്മുക്കയ്ക്കു കൃത്യതയുണ്ട്. ഷർട്ടിന്റെ കളർ അനിസരിച്ചു പാന്റ്സിന്റെയും ബെൽറ്റിന്റെയും ഷൂസിന്റെയും കളർ തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് അറിയാം. ആർട്ടിസ്റ്റിന്റെ ഈ ഡ്രസ്സ് സെൻസ് ഏറ്റവും കൂടുതൽ സഹായകമാകുന്നത് കോസ്റ്റുമർക്കാണ്.  ഗെറ്റപ് മാറ്റുന്നതിൽ വസ്ത്രാലങ്കാരത്തിനു ണ്ട്. ബെസ്റ്റ് ആക്ടറിൽ ആദ്യ പകുതിയിൽ ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യുമിൽ നിന്നു തികച്ചും വിഭിന്നമായ ഗെറ്റപ്പാണ്‌ രണ്ടാം പകുതിയിൽ സ്വീകരിച്ചിരിക്കുന്നത്. പ്രാഞ്ചിയേട്ടനിലും ഉണ്ട് ഗെറ്റപ്പ് ചെയിഞ്ചുകൾ. മമ്മൂക്കയെ തേടിയാണ്‌ ഗെറ്റപ്പ് ചെയിഞ്ചുകൾ ഉള്ള കതാപാത്രങ്ങൾ കൂടുതലായി വരുന്നത്. അതുകൊണ്ടുതന്നെ മമ്മുക്കയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതും നല്ല അവസരമാണ്‌. പെഴ്സണൽ കോസ്റ്റുമർ ഉള്ളത് ഏറെ സഹായകം കൂടിയാണ്‌. കതാപാത്രത്തിനാവശ്യമായ കോസ്റ്റ്യും ഡിസൈൻ സെലക്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങൾ അവർ ചെയ്തുകൊള്ളും. കോസ്റ്റ്യും സെലക്ഷനിൽ മമ്മൂക്കയുടെ കഴിവ് അപാരം തന്നെയാണ്‌. ജവാൻ ഓഫ് വെള്ളിമല, പുത്തൻ പണം, തോപ്പിൽ ജോപ്പൻ, കസബ, പത്തെമാരി, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയാണ്‌ ഞാൻ വർക്ക് ചെയ്ത മറ്റു പ്രധാന മമ്മൂട്ടി ചിത്രങ്ങൾ.

ചെറുപ്രായം മുതൽ മമ്മൂക്കയാണ്‌ എന്റ് മനസ്സിലെ ഹീറോ എന്ന് നേരത്തെ പറഞ്ഞല്ലോ. അദ്ധേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കിട്ടുന്ന അവസരങ്ങളൊക്കെയും വലിയ ഭഗ്യമായാണ്‌ ഞാൻ കരുതുന്നത്. മമ്മൂക്കയെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വച്ചു കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായി പരിചയപ്പെടുന്നത് ഡാഡി കൂളിന്റെ ലൊക്കേഷനിൽ വച്ചാണ്‌. സിനിമയിൽ നവാഗതയായി എത്തിയ എന്നോട് അദ്ധേഹം സ്നേഹപൂർവമാണ്‌ പെരുമാറിയത്. മമ്മൂക്ക പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും ഇന്നുവരെ എനിയ്ക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ നമുക്ക് അറിയാത്ത പല കാര്യങ്ങളും അദ്ധേഹത്തിൽ നിന്നും അറിയാൻ കഴിയും. കഥാപാത്രങ്ങൾക്ക് അനുസൃതമായി ഏതു വേഷവും ധരിക്കാൻ അദ്ധേഹം യാതൊരു വൈമനസ്യവും കാണിക്കാറില്ല. തിക്ക്നസ്സ് കൂടിയ തുണികളേക്കാൽ സോഫ്റ്റായ മെറ്റീരിയലുകളോടാണ്‌ മമ്മൂക്കയ്ക്ക് കൂടുതൽ ഇഷ്ടം. മുണ്ട് ഉടുത്താലും കോട്ടും സ്യൂട്ടുമണിഞ്ഞാലും സാധാ വേഷത്തിലായാലും മമ്മൂക്കയുടെ ഗ്ളാമർ കുറച്ചു കാണിക്കാൻ കഴിയില്ല എന്നത് അദ്ധേഹത്തിൽ കാണുന്ന വലിയൊരു അല്ഭുതമാണ്‌. മമ്മൂക്കയോടുള്ള അടുപ്പത്തിനു ഒരു ബഹുമാനം കലർന്ന സ്നേഹവും സന്തോഷവുമാണുള്ളത്. അതുകൊണ്ടുതന്നെ അദ്ധേഹത്തെ നേരിൽ കാണുമ്പോൾ കൂടുതൽ സംസാരിക്കണമെന്ന് ആഗ്രഹിച്ചാലും പലപ്പോഴും എന്നെക്കൊണ്ട് സാധിക്കുകയില്ല. ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും പ്രത്യേകിച്ചും യുവാക്കൾ അനുകരിക്കുന്നതും മമ്മൂക്കയുടെ വസ്ത്രധാരണത്തിലെ സ്റ്റൈലുകളും ഫാഷനുമാണ്‌. മമ്മൂക്കയുടെ ചിത്രങ്ങളിൽ വേഷത്തിനൊപ്പം കോസ്റ്റ്യുമും ശ്രദ്ധിക്കപ്പെടും. അതുകൊണ്ടുതന്നെ മമ്മൂക്കയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ കിട്ടുന്ന അവസരങ്ങൾ എന്റെ സ്വകാര്യ സന്തോഷം കൂടിയാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles