മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റ് മേക്കർ ഐ.വി ശശി കാല യവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം തികയുന്നു. മലയാളം, തമിഴ്, തെലുഗ് , ഹിന്ദി ഭാഷകളിലായി 150 ൽ പരം ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഐ.വി ശശി. ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളും മൾട്ടി സ്റ്റാർ ചിത്രങ്ങളും ഇത്ര കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു സംവിധായകൻ മലയാളത്തിൽ ഇല്ല എന്ന് നിസംശയം പറയാം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. ഐ.വി ശശിയും മമ്മൂട്ടിയും വെള്ളിത്തിരയിൽ ഒരുമിച്ചപ്പോഴൊക്കെ മലയാളത്തിന് ലഭിച്ചത് അവിസ്മരണീയങ്ങളായ സിനിമകളാണ്. മിഥ്യ, മൃഗയ, ആവനാഴി, മുക്തി, 1921, ഇൻസ്പെക്ടർ ബൽറാം, അബ്‌കാരി, നാൽക്കവല, വാർത്ത,അനുബന്ധം, അടിയൊഴുക്കുകൾ, അതിരാത്രം, ഈ നാട്, നീലഗിരി തുടങ്ങി മുപ്പത്തി അഞ്ചോളം സിനിമകളിൽ മമ്മൂട്ടിയും ഐ.വി ശശിയും ഒരുമിച്ചു. ഇവയിൽ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയവയാണ്. മമ്മൂട്ടി-ടി.ദാമോദരൻ- ഐ.വി.ശശി കൂട്ടുകെട്ട് ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ അനിഷേധ്യമായ കച്ചവട സമവാക്യമായിരുന്നു. നാല് സംസ്ഥാന അവാർഡുകളും രണ്ട് ഫിലിം ഫെയർ അവാർഡുകളും അടക്കം എണ്ണമറ്റ പുരസ്‌ക്കാരങ്ങൾ ഐ.വി ശശിയെ തേടിയെത്തി. കേരള സർക്കാർ 2015 ൽ ജെ.സി ഡാനിയേൽ പുരസ്ക്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റ് മേക്കർക്ക് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മമ്മൂട്ടി ടൈമ്സിന്റെ സ്മരണാഞ്ജലി.
