വൈശാഖ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ‘മധുരരാജ’ അന്നൗൻസ് ചെയ്ത നിമിഷം മുതൽ ആരാധകർ ആവേശത്തിലാണ്. 2010ൽ തീയറ്ററുകൾ അടക്കി ഭരിച്ച രാജ വീണ്ടും എത്തുമ്പോൾ ആവേശം ഇരട്ടി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏപ്രിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ‘മധുരരാജ’യുടെ ആദ്യ ടീസർ പുറത്തിറങ്ങുന്ന വാർത്ത സോഷ്യൽ മീഡിയ ആവേശത്തോടെയാണ് വരവേറ്റത്. 6 മണിക്ക് റിലീസ് ചെയ്യുന്ന ടീസറിനായി ആയിരക്കണക്കിന് ആളുകൾ യൂട്യൂബ് ചാനലിൽ കാത്തിരുന്നു.
മിനിറ്റുകൾ കൊണ്ട് പതിനായിരങ്ങളുടെ വ്യൂസും ലൈക്കും എത്താൻ തുടങ്ങിയതോടെ, മധുരരാജയുടെ ട്രിപ്പിൾ സ്ട്രോങ്ങ് മാസ് എൻട്രിയിൽ യൂട്യൂബ് പോലും വിറങ്ങലിച്ചുപോയി. വൈശാഖിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട മധുരരാജയുടെ രാജകീയ എൻട്രി കാണാൻ ആരാധകർ തള്ളിക്കയറിയതാണ് യൂട്യൂബ് ഹാങ് ആകാൻ കാരണം.
കണക്കുകൾ പ്രകാരം ടീസർ റിലീസ് ചെയ്‌ത് രണ്ടു മണിക്കൂറിനുള്ളിൽ 6 ലക്ഷത്തിന് മുകളിൽ ടീസറിന് കാഴ്ച്ചക്കാർ ഉണ്ടായി. ആരാധകരിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരാധകർക്കിടയിൽ അത്രയേറെ ഇമ്പാക്ട് ‘രാജ’ എന്ന കഥാപാത്രം സൃഷ്ടിച്ചിട്ടുണ്ട്.
പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്‌ണ – പീറ്റർ ഹെയ്‌ൻ കൂട്ടുകെട്ട് ഒന്നിച്ച മധുരരാജ, നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്.