ഇന്ത്യൻ ചലച്ചിത്ര രംഗത്തു തന്നെ അപൂർവമായൊരു നേട്ടം കൈവരിക്കുകയാണ് 2019-ൽ മലയാളത്തിന്റെ മഹാനടൻ. ഒരേ സമയം മമ്മൂട്ടിയുടെ മൂന്നു ഭാഷാ ചിത്രങ്ങളാണ് ഇത്തവണ ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നോമിനേഷനിൽ ഇടം പിടിച്ചത്. തമിഴിൽ നിന്ന് പേരൻപും മലയാളത്തിൽ നിന്ന് ഉണ്ടയും തെലുങ്കിൽ നിന്ന് യാത്രയുമാണ് ഈ വർഷത്തെ ഫിലിം ഫെയർ അവാർഡിൽ അതാത് ഭാഷാ ചിത്രങ്ങളുടെ നോമിനേഷനിൽ ഇടംപിടിച്ചത്.
ഇന്ത്യൻ ഫിലിം ഫെയറിന്റെ 66 വർഷത്തെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നടന്റെ മൂന്നു ഭാഷാ ചിത്രങ്ങൾ ഒരു വർഷം മത്സരവിഭാഗത്തിൽ എത്തുന്നത്. മികച്ച നടനുളള മത്സര വിഭാഗത്തിൽ മൂന്നു ഭാഷകളെ പ്രതിനിധീകരിച്ചും മമ്മൂട്ടി ഉണ്ടാകും എന്നത് മറ്റൊരു നടനും ഇതുവരെ ലഭിച്ചിട്ടില്ലാത്ത അപൂർവമായൊരു നേട്ടമാണ്. മൂന്നു ഭാഷകളിലും മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടാൽ അത് മറ്റൊരു റെക്കോർഡായി മാറും.
2019 ആദ്യം പുറത്തു വന്ന തമിഴ് ചിത്രമായ പേരന്പ് മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമികവ് ഒരിക്കൽ കൂടി പ്രേക്ഷകന് അനുഭവവേദ്യമാക്കിയ ചിത്രമാണ്. ശാരീരിക വൈകല്യം പേറുന്ന ഒരു പെൺകുട്ടിയുടെ അച്ഛനായി അഭിനയിച്ച മമ്മൂട്ടിയുടെ അതിസൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേസമയം പിടിച്ചുപറ്റി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഇന്ത്യൻ പനോരമയിലും ഇടംപിടിച്ചു.എന്നാൽ പോയവർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ പേരൻപും മമ്മൂട്ടിയും പൂർണ്ണമായും തഴയപ്പെടുകയായിരുന്നു.
ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്ന അന്തരിച്ച വൈ എസ് ആറിന്റെ ബയോ പിക്കിൽ വൈ എസ് ആർ ആയി പരകായപ്രവേശം നടത്തിയ മമ്മൂട്ടിയെ തെലുങ്ക് ജനത ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. തെലുങ്കിൽ വൻ വിജയം നേടിയ ഈ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടി.
മലയാളത്തിൽ സാമ്പത്തികമായും കലാപരമായും മികച്ചു നിന്ന ചിത്രമായിരുന്നു ഉണ്ട. എസ് ഐ മണികണ്ഠൻ എന്ന പോലീസ് ഓഫീസറായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ട നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി. ഉണ്ട പോലൊരു റിയലിസ്റ്റിക് ചിത്രം നേടിയ കൊമേഴ്‌സ്യൽ വിജയം ശ്രദ്ധേയമാണ്.
