ജോഷി മമ്മൂട്ടി ഡെന്നീസ് ജോസഫ് ജൂബിലി ജോയ് ടീമിന്റെ സൂപ്പർ ഡ്യുപ്പർ ഹിറ്റ് ചിത്രമായ ന്യൂഡൽഹി റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ.
മലയാള സിനിമയ്ക്ക് അന്യഭാഷകളിലും സ്വാധീനം നേടിക്കൊടുത്ത ന്യുഡൽഹി മലയാളത്തിലെ എണ്ണം പറഞ്ഞ ആക്‌ഷൻ ത്രില്ലർ ക്ളാസിക്കുകളിൽ മുന്നിൽ നിൽക്കുന്നു.
മലയാളസിനിമകൾ അപൂർവമായി മാത്രം വടക്കേ ഇന്ത്യയിലേക്ക് ഷൂട്ടിംഗിനു പോകുന്ന സമയത്ത് വടക്കേ ഇന്ത്യ പശ്ചാത്തലമാക്കി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് പറഞ്ഞ ഒരു മലയാള സിനിമ. അതും പത്ര വ്യവസായം പശ്ചാത്തലമാക്കി. അതായിരുന്നു ന്യുഡൽഹി. ന്യുഡൽഹി ഒരു വമ്പൻ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. അത് മമ്മൂട്ടി എന്ന നടന്റെയും ജോഷി എന്ന സംവിധായകന്റെയും കരിയറിൽ പൊൻതൂവലായി.
മലയാള സിനിമയിൽ വമ്പൻ ഹിറ്റുകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് ജോഷി -ഡെന്നീസ് ജോസഫ് -മമ്മൂട്ടി ടീം. ഇവർ ആദ്യമായി ഒന്നിച്ച നിറക്കൂട്ടും ശ്യാമയും പോലുള്ള വലിയ ഹിറ്റുകൾക്കുശേഷമിറങ്ങിയ ഒന്നുരണ്ട് സിനിമകൾ പരാജയപ്പെട്ടു.
1986, 87വർഷങ്ങളിൽ അൻപതിലേറെ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. ഇതിൽ ആവനാഴി വൻ വിജയം നേടി. ജോഷി, ഫാസിൽ, പ്രിയദർശൻ, ഐ വി ശശി, കെ ജി ജോർജ്ജ് എന്നിവരുടേതടക്കമുള്ള ചിറ്ഗ്രങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും. എന്നാൽ ഇവയിൽ പലതും ബോക്സ്ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചില്ല. മമ്മൂട്ടി ജോഷി ടീമിൽ നിന്ന് ഒരു മെഗാഹിറ്റ് സിനിമാലോകം പ്രതീക്ഷിച്ചു. അക്കാലത്താണ് ഡെന്നീസ് ജോസഫിനൊപ്പം മമ്മൂട്ടി ജോഷി കോമ്പിനേഷൻ ആവർത്തിച്ച് ഒരു ബിഗ് ബജറ്റ് പരീക്ഷണത്തിന് നിർമ്മാതാവ് ജോയ് തോമസ് തയ്യാറാകുന്നത്.
അമേരിക്കൻ പ്രസിഡണ്ടിനെ കൊന്നു വാർത്ത പ്രസിദ്ധീകരിച്ചു പ്രസിദ്ധനാകാൻ ശ്രമിക്കുന്ന അരക്കിറുക്കൻ ആയ പത്രാധിപരുടെ കഥയാണ് സിനിമയ്ക്ക് പ്രചോദനം എന്ന് ഡെന്നീസ് ജോസഫ് പറഞ്ഞിട്ടുണ്ട്. ഇതേ പ്രമേയമുള്ള ഇർവിങ് വേലസിന്റെ പ്രശസ്ത നോവലായ ഓൾമൈറ്റിയെ ആസ്പദമാക്കിയാണ് ന്യൂഡൽഹി ഒരുക്കിയത്. ജി കൃഷ്ണമൂർത്തി അഥവാ ജികെ എന്ന പത്രാധിപർ തന്റെ പ്രതികാര പൂർത്തീകരണത്തിന് പത്രത്തെ ഉപയോഗിക്കുന്ന ഒരു ആക്ഷൻ ത്രില്ലറായിരുന്നു പൂർണ്ണമായും ന്യൂഡൽഹി പശ്ചാത്തലമാക്കി സിനിമ പറഞ്ഞത്.
റിപ്പബ്ലിക് ദിന പരേഡിനും ദൂരദർശൻ പരിപാടികളിലും അപൂർവ്വം ചില ഹിന്ദി സിനിമകളിലും മാത്രം കണ്ടുപരിചയിച്ച ഇന്ത്യാ ഗേറ്റും പാർലമെന്റ് അനക്‌സും കണ്ടു മാത്രം ഡൽഹിയെ പറ്റി ധാരണയുള്ള മലയാളിയെ രാജ്യ തലസ്ഥാനം എന്തെന്ന് പരിചയപ്പെടുത്തി കൊടുത്ത സിനിമ കൂടിയായിരുന്നു ന്യൂഡൽഹി.
സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി, ദേവൻ, ജഗന്നാഥ വർമ്മ, സിദ്ദീഖ്, വിജയരാഘവൻ തുടങ്ങി ഒരു വമ്പൻ താരനിരതന്നെ സിനിമയിൽ ഉണ്ടായിരുന്നു. വലിയ ക്യാൻവാസിലുള്ള സിനിമകൾ ചെയ്യാനുള്ള ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ് മാൻ ശേഷി കൂടെ വെളിപ്പെടുത്തുന്നതായിരുന്നു ന്യൂഡൽഹി.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രം വൻ വിജയം നേടി. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ന്യൂഡൽഹി നൂറു ദിവസത്തിലധികം പ്രദർശിപ്പിച്ചു.
തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ചിത്രത്തിന്റെ റീമേക്കുകൾ വന്നു. മൂന്നും ജോഷി തന്നെയാണ് സംവിധാനം ചെയ്തത്.
ഹിന്ദിയിൽ ജിതേന്ദ്രയും തെലുങ്കിൽ അംബരീഷുമാണ് മമ്മൂട്ടി ചെയ്ത ജി കെ യുടെ വേഷങ്ങൾ ചെയ്തത്. ന്യൂഡൽഹിയുടെ അമ്പരപ്പിക്കുന്ന വിജയം തെന്നിന്ത്യയിലെ വലിയ പ്രൊഡക്ഷൻ കമ്പനികളെ കേരളത്തിൽ എത്തിക്കുകയും ചെയ്തു.
ഇതേ ടീമിന്റെ തന്നെ നായർസാബും സംഘവും പിന്നാലെ പിന്നാലെ ഹിറ്റുകൾ ആയതോടെ മമ്മൂട്ടി എന്ന നടൻ താരമൂല്യവും കുതിച്ചുയർന്നു.
ന്യൂഡൽഹി തമിഴിലേക്ക് റീമേക്ക് ചെയ്യാൻ സാക്ഷാൽ രജനീകാന്ത് തന്നെ നേരിട്ട് സമീപിച്ചു എന്ന് അടുത്തിടെ ഡെന്നിസ് ജോസഫ് പറയുകയുണ്ടായി.
(കടപ്പാട് : മാത്രഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ )