മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധർൻ ട്രെയിലർ ഒരു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ കുതിക്കുന്നു. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ , സാധാരണക്കാരനായ ഒരു കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഗാനഗന്ധർവൻ ഇതിനകം പ്രേക്ഷകരുടെ വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.
വലിയൊരു ഗായകനാകാൻ കൊതിച്ച കലാസദൻ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഉല്ലാസിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പോലെ അയാൾക്ക് വലിയൊരു ഗായകനായി മാറാൻ കഴിയുമോ എന്നത് സസ്പെൻസിൽ നിർത്തിയാണ് പിഷാരടി ട്രെയിലർ അവസാനിപ്പിക്കുന്നത്.
ഗാനഗന്ധർവന്റെ ടീസർ സോഷ്യൽ മീഡിയ ശരിക്കും ആഘോഷമാക്കിയിരുന്നു. ഒരു ഫുട്‌ബോൾ കമ്മന്റാരിയുടെ പശ്ചാത്തലത്തിൽ കലാസദൻ ഉല്ലാസ് തട്ടുകടയിൽ നിന്നും ബുൾസൈ കൈഴിക്കുന്ന ടീസർ ഏറെ രസകരമായിരുന്നു. ചിരിക്കൊപ്പം തന്നെ ജീവിതഗന്ധിയായ ഒരു കുടുംബകഥ കൂടി ഈ ചിത്രത്തിലൂടെ പിഷാരടി പറയുന്നു എന്നാണു ട്രെയിലർ നൽകുന്ന സൂചന. മമ്മൂട്ടിയ്ക്ക് ഏറെ പെർഫോം ചെയ്യാൻ പറ്റിയ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രമാകും ഉല്ലാസ്.
പഞ്ചവർണ്ണ തത്ത എന്ന സൂപ്പർ ഹിറ്റിനു ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ഇച്ചായീസ് പ്രൊഡക്ഷന്സും പിഷാരടി എന്റെർറ്റൈന്മെന്റും ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്തംബർ 27 നു ആന്റോ ജോസഫ് ഫിലിം കമ്പനി ഗാനഗന്ധർവൻ തിയേറ്ററുകളിൽ എത്തിക്കും.