കുട്ടിക്കാലത്ത് വെള്ളിത്തിരയിൽ കണ്ടാസ്വദിച്ച സിനിമകൾ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്. മൾട്ടിപ്ലെക്സുകളും ഓൺലൈൻ സ്ട്രീമിങ്ങുകളും സിനിമാ ആസ്വാദനത്തിന് പുതിയ തലങ്ങൾ സമ്മാനിക്കുന്ന വർത്തമാനകാലത്തും ഹൃദ്യമായ ഓർമകൾ സമ്മാനിച്ച ഇത്തരം ചലച്ചിത്രക്കാഴ്ചകൾ മനസ്സിൽ നിറയുന്നു. കൊട്ടകയിലെ ഇരുണ്ട വെളിച്ചത്തിൽ കണ്ട സിനിമകളിലെ എത്ര കഥാപാത്രങ്ങളാണ് ഇന്നും മായാതെ നിൽക്കുന്നത്. ആദ്യത്തെ തിയേറ്റർ അനുഭവും പ്രിയപ്പെട്ട അഭിനേതാക്കളുടെ വെള്ളിത്തിരയിൽ ആദ്യമായി കണ്ട ചിത്രങ്ങളുമൊക്കെ ഓർമയിൽ സൂക്ഷിക്കുന്നവരാണ് ചലച്ചിത്ര പ്രേമികൾ.ഓർമകളുടെ റീലുകൾ പുറകോട്ട് തിരിയുമ്പോൾ ഇന്നും ആഹ്ലാദത്തോടെ മനസ്സിൽ നിറയുന്ന ഒരു തീയേറ്റർ അനുഭവമുണ്ട്. മലയാളത്തിലെ എവർ ഗ്രീൻ ക്ളാസിക്കുകളിൽ മുൻനിരയിലുള്ള ‘ഒരു വടക്കൻ വീരഗാഥ’ തീയേറ്ററിൽ കണ്ടാസ്വദിച്ചത്. മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വടക്കൻ വീരഗാഥയിലെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലുണ്ട്.കാലത്തെ അതിജീവിക്കുന്നത് മഹത്തായ കലാസൃഷ്ടികളാണല്ലോ. പ്രതിഭാധനരായ നിരവധി കലാകാരന്മാരുടെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രം നിത്യ ഹരിതമായി നില നിൽക്കുന്നതിൽ തെല്ലും അതിശയമില്ല.
അരീക്കോട് ആണ് അമ്മയുടെ വീട്. ബാല്യകാലത്തെ ഏറ്റവും മനോഹരമായ സമയം മധ്യവേനൽ അവധിക്കാലമാണല്ലോ. കൊറോണയും സാമൂഹ്യ അകലവുമൊന്നും കേട്ട് കേഴ്വി പോലുമില്ലാത്ത ഒരു അവധിക്കാലത്ത് അരീക്കോട് സി.ഒ മൂവീസിൽ നിന്നാണ് വടക്കൻ വീരഗാഥ കാണുന്നത്. ചാലിയാർ മുറിച്ചു കടക്കണം അരീക്കോട് ടൗണിൽ എത്താൻ. വേനൽക്കാലത്ത് വെള്ളക്കുറവ് ഉള്ളതിനാൽ ചാലിയാർ നടന്ന് കടക്കാൻ പറ്റും. അങ്ങനെ ചാലിയാർ കടന്നാണ് അന്ന് സിനിമയ്ക്ക് പോയത്. സിനിമയിൽ ചന്തു പുഴ കടക്കുന്ന രംഗം വെളളിത്തിരയിൽ കണ്ടത് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അക്ഷര ലോകത്തിന്റെ കുലപതി സാക്ഷാൽ എം.ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന വടക്കൻ വീരഗാഥയിലെ ഡയലോഗുകൾ മലയാളി ഇന്നും ഏറ്റു പറയുന്നവയാണ്. ബാല്യം മുതൽ മരണം വരെ ഒട്ടുമിക്ക വികാരങ്ങളുടേയും പ്രകടനങ്ങൾ വന്നുപോകുന്ന ചന്തുവിനെ മമ്മൂട്ടി അതി ഗംഭീരമാക്കി. രാമ ചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണ മികവും ബോംബെ രവി ഒരുക്കിയ ഗാനങ്ങളും വടക്കൻ വീരഗാഥയുടെ മുതൽക്കൂട്ടുകൾ തന്നെ. ഹരിഹരൻ എന്ന പ്രതിഭാ ശാലിയായ സംവിധായകന്റെ മികവ് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
സിനിമ സാങ്കേതികമായി ഏറെ വളർന്നു. കോടികളുടെ മുതൽമുടക്കിൽ വലിയ ക്യാൻവാസിൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾ പലതും വരുന്നു. എന്നാൽ വടക്കൻ വീരഗാഥ ഇവയിൽ നിന്നൊക്കെ വേറിട്ട അനുഭവമായി ഇന്നും അനുഭപ്പെടുന്നു. സിനിമയുടെ അമരത്ത് പ്രവർത്തിച്ചവരാരും ചില്ലറക്കാരല്ലല്ലോ. എണ്ണമറ്റ ദേശീയ സംസ്ഥാന പുര്സ്ക്കാരങ്ങൾ നേടിയ, ഇന്നും പ്രേക്ഷക മനസ്സിൽ നിത്യ ഹരിതമായി നിലനിൽക്കുന്ന വടക്കൻ വീരഗാഥയുടെ തിയേറ്റർ അനുഭവവും സുഖമുള്ള ഒരോർമ്മ തന്നെ
