വെബ് ഡെസ്‌ക്
പതിനെട്ടാം പടി എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. രണ്ട് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഗ്യാംഗുകളുടെ കുടിപ്പകയുടെ കഥ പറയുന്ന സിനിമ കേവലം ഒരു തട്ടുപൊളിപ്പൻ കൊമേഴ്‌സ്യൽ പടമല്ല എന്നും ആ സിനിമയും അതിലെ മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രവും ഇന്നത്തെ സമൂഹത്തിനു നൽകുന്ന സന്ദേശം വളരെ വിലപ്പെട്ടതാണ് എന്നാണു സമൂഹത്തിലെ പ്രമുഖ വ്യക്തികൾ അഭിപ്രായപ്പെടുന്നത്.
ജോൺ എബ്രഹാം പാലക്കൽ എന്ന മമ്മൂട്ടിയുടെ കഥാപാത്രം തന്റെ ഔദ്യോഗിക ജീവിതത്തിലെ സ്വപ്നമാണ് എന്നും തന്നെപോലെ ഒരുപാട് പേരുടെ സ്വപ്നമാണ് അത്തരമൊരു ചങ്കൂറ്റമെന്നും കൗൺസിലിങ് സൈക്കോളജിസ്റ്റായ കലാ മോഹൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
സംവിധായകൻ ശങ്കർ രാമകൃഷ്ണനുള്ള ഒരു അഭിനന്ദന കുറിപ്പായാണ് കലാ മോഹൻ തന്റെ മനസ്സിലുള്ളത് തുറന്നുപറയുന്നത്. സിനിമയുടെ ഒരു റിവ്യൂ എന്നതിനേക്കാൾ ഒരു ടീനേജ് കൗണ്സലിംഗ് പ്രാക്ടീസ് ചെയ്യുന്ന ഒരു കൗണ്സലിംഗ് സൈക്കിളജിസ്റ്റ് അഥവാ മെന്റർ എന്ന നിലയ്ക്ക് തന്റെ അഭിപ്രായം അവർ രേഖപ്പെടുത്തുകയാണ്.
നാളത്തെ തലമുറ എന്താകണം എന്ന് , എന്തായിരിക്കരുത് എന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദർശിയാകണം അദ്ധ്യാപകൻ എന്നതാണ് നിങ്ങൾ ഈ സിനിമയിലൂടെ കാണിക്കാൻ ശ്രമിച്ചത് എങ്കിൽ അതൊരു വൻവിജയം ആണ് എന്ന് കലാ മോഹൻ.
നമ്മുടെ സമൂഹത്തെ, വിശിഷ്യാ വിദ്യാർത്ഥികളെ കാർന്നു തിന്നുന്ന ഒരു ട്യൂമർ ആയി മാറിക്കഴിഞ്ഞ ലഹരി ഉപയോഗം നമ്മുടെ പുതുതലമുറയെ എവിടെ എത്തിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഈ അവസരത്തിൽ പതിനെട്ടാം പടി എന്ന സിനിമയും അതിന്റെ പ്രമേയവും മമ്മൂട്ടിയുടെ ജോൺ എബ്രഹാം എന്ന കഥാപാത്രവും നമ്മുടെ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട് എന്നു തന്നെയാണ് ഈ കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ കുറിപ്പ് ഉണർത്തുന്നത്.
കലാ മോഹന്റെ പൂർണ്ണമായ കുറിപ്പ് വായിക്കാം :
ശങ്കർ സർ ,[ SHANKAR RAMAKRISHNAN ]
താങ്കളുടെ പതിനെട്ടാം പടി കണ്ടു , ദാ ഇപ്പൊ ഇറങ്ങിയതേ ഉള്ളു .
സിനിമയുടെ ഒരു റിവ്യൂ എന്നതിനെ ക്കാൾ , ഒരു ടീനേജ് കൗൺസിലിങ് പ്രാക്റ്റീസ് ചെയ്യുന്ന കൗൺസലിങ് സൈക്കോളജിസ്റ് അഥവാ , mentor എന്ന നിലയ്ക്ക് അഭിപ്രായം പറയട്ടെ …
ജോൺ അബ്രഹാം പാലക്കൽ എന്ന മമ്മൂട്ടിയുടെ കഥാപാത്രം , ഔദ്യോഗിക ജീവിതത്തിലെ ഒരു സ്വപ്നമാണ് ..
ഞാൻ ആഗ്രഹിക്കുന്ന ഒരു താളം ആ കഥാപാത്രത്തിൽ ഉണ്ട് ..
എന്നെ പോലെ ഒരുപാടു പേരുടെ സ്വപ്നമാണ് ..
അത്തരം ഒരു ചങ്കൂറ്റം ..
..
സ്വന്തം അമ്മയെ പ്രാപിക്കാൻ ശ്രമിച്ച ഒരു കൗമാരക്കാരന്റെ കേസ് വര്ഷങ്ങള്ക്കു മുൻപ് ,
കണ്ട അന്ന് മുതൽ എന്നെ കൊണ്ടാവും വിധം ലഹരിയുടെ പിടിയിൽ അകപ്പെട്ട കുഞ്ഞുങ്ങളെ , ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ ശ്രമിക്കാറുണ്ട് ..
പെൺകുട്ടികൾ ഉള്പടെ ഉള്ളവർ , റാക്കറ്റിൽ ഉണ്ട് എന്ന് റിപ്പോർട്ട് കിട്ടിയാലും നമ്മുടെ നാട്ടിലെ പഴുതുകൾ കൂടുതൽ ഉള്ള നിയമം , കുറ്റവാളികളെ രക്ഷിക്കാൻ ഉതകും ..
മനസ്സിൽ കെട്ടി നിൽക്കുന്ന കുറെ ആഗ്രഹങ്ങളെ ആണ് ഇന്ന് നിങ്ങൾ പൊടി തട്ടി എടുത്തത് ..
.നാളത്തെ തലമുറ എന്താകണം എന്ന് , എന്തായിരിക്കരുത് എന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദർശിയാകണം അദ്ധ്യാപകൻ എന്നതാണ് നിങ്ങൾ ഈ സിനിമയിലൂടെ കാണിക്കാൻ ശ്രമിച്ചത് എങ്കിൽ അതൊരു വൻവിജയം ആണ് ..
തുണ്ടു വെച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ സ്‌ക്വാഡ് പിടിക്കുമ്പോൾ ,
കൗൺസിലർ ആയ എന്റെ അടുത്ത് കൊണ്ട് വരാറുണ്ട് ..
ജീവിതത്തിലെ വെറുക്കപ്പെട്ട നിമിഷം അതാണ് എന്ന് തോന്നാറുണ്ട്..
എന്ത് കൊണ്ട് , ഈ കുഞ്ഞുങ്ങൾക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം ഒരു പുനർ പരീക്ഷ നടത്തി കൂടാ എന്ന് നെഞ്ഞുരുക്കത്തോടെ ആലോചിക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ പറ്റാറില്ല ..
ഇന്ന് , ഞാൻ ആഗ്രഹിച്ച ആ നിമിഷങ്ങൾ സ്‌ക്രീനിൽ നിങ്ങൾ കാണിച്ചപ്പോൾ ,
ഒരുപാടു സന്തോഷം തോന്നി ..
എന്റെ ചുറ്റുപാട് അതായത് കൊണ്ട് ഞാൻ ചെയ്തു പോയി ..!!
പല കുട്ടികളും ശിക്ഷയ്ക്കു മുൻപിൽ നിലവിളിക്കാറുണ്ട് ..
തെറ്റുപറ്റുമ്പോൾ ന്യായീകരിക്കാൻ ഒരുപാടു കാര്യങ്ങൾ കണ്ടെത്താൻ അവനവൻ ശ്രമിക്കും ..
ഏത് പ്രശ്നത്തിൽ നിന്നും അതിജീവിക്കാൻ വേണ്ടത് , ഉൾകരുത്താണ് ..
ജീവിതം തീർന്നു ഇന്ന് തോന്നുന്ന ഇടത്ത് നിന്നും എഴുന്നേൽക്കണം ..
സഹതാപം ദൗർബ്ബല്യം ആണ് ..അതല്ല നേടിയെടുക്കേണ്ടത് ..
പല പ്രശ്നങ്ങളിൽ വിറങ്ങലിച്ചു പോകുന്ന മനസ്സിനെ ചൂട് പിടിപ്പിക്കാൻ
ഒരേ ഒരാളുടെ സഹായം തേടുക ..
ആ ഒരാളിൽ നിന്നും നിന്റെ ലോകം മാറിമറിയും ..
ഞാൻ , എന്റെ ജീവിതത്തിൽ നിന്നും നേടിയ പാഠമാണ് നിങ്ങൾ അതിലൂടെ കാണിച്ചത് ..
അശ്വിൻ എന്ന കഥാപാത്രം വളരെ നന്നായി അത് ചെയ്തു ..
അഹാനയുടെ ആനി എന്ന കഥാപാത്രം
ഓരോ പ്രണയവും കണ്ടെത്തലുകൾ ആണല്ലോ എന്നാരോ പറഞ്ഞത് പെട്ടന്ന് ഓർമ്മയിൽ വന്നു ..
ഇനി എനിക്ക് പറയാൻ ഉള്ളത് അക്ഷയുടെ അയ്യപ്പനെ കുറിച്ചാണ് ..
നിങ്ങള്ക്ക് എങ്ങനെ അവനെ അറിയാം ?
അയ്യപ്പൻ അല്ലല്ലോ , ആസിഫ് അല്ലെ ?
തല്ലു കേസിനു സ്കൂളിൽ നിന്നും പുറത്താക്കിയ അവനെ എനിക്ക് എന്ത് ഇഷ്‌ടമായിരുന്നു എന്നോ ..
കൂട്ടുകാര്ക്ക് വേണ്ടി എന്തിനും പോന്ന ഒരുത്തൻ ..
ടീച്ചറെ എന്നൊരു വിളിയുമായി കുറെ നാളുകൾക്കു ശേഷം അവൻ എന്റെ അടുത്ത് ഓടി എത്തി ..
നിർത്തി പോയ പഠിത്തം അവൻ തുടരും എന്നും , വൈകുന്നേരങ്ങളിൽ മറ്റു ജോലിക്കു പോയി വീട്ടിലെ ബുദ്ധിമുട്ടു പരിഹരിക്കാൻ ഉമ്മയ്ക്ക് ഒരു പിന്തുണ കൊടുക്കുന്നുണ്ട് എന്നും അവൻ പറഞ്ഞു ..
അവനെ പോലെ ബുദ്ധിയുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല .,
അറിയില്ല ,ഇപ്പൊ എവിടെ എന്ന് ..
അയ്യപ്പനെ കണ്ടപ്പോൾ മുതൽ ഞാൻ അവനെ ഓർക്കുക ആയിരുന്നു .
നിങ്ങളൊരു നല്ല നടനാണ് ശങ്കർ സർ ..
അത് കൊണ്ടാണ് , ആദ്യമായി അഭിനയിക്കുന്നു എന്ന് തോന്നാത്ത തരത്തിൽ , നല്ല അഭിനേതാക്കളെ പരിശീലിപ്പിച്ചു ക്യാമറയുടെ മുന്നിൽ കൊണ്ട് വരാൻ സാധിച്ചത് ..
ജോയ് അബ്രഹാം പാലയ്ക്കൽ , അശ്വിൻ ,അക്ഷയ് രാധാകൃഷ്ണൻ ,
തുടങ്ങി എല്ലവരും നന്നായിട്ടുണ്ട്..
അംബിയുടെ
സുരൻ വളരെ ഏറെ ഇഷ്‌ടമായി ..
എടുത്ത് പറയേണ്ടത് , പാട്ടുകളെ കുറിച്ചാണ് ..
തൂമഞ്ഞു വീണ വഴിയിൽ ആകട്ടെ ഈ വർഷത്തെ മികച്ച പാട്ട്..
പ്രൊഡ്യൂസർ റോളിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയ്ക്കും തന്റെ കഴിവ് തെളിയിച്ച ഷാജി നടേശന് പ്രത്യേക അഭിനന്ദനം ..
ഇരുപത്തിമൂന്നു വർഷമായി കുട്ടികളുടെ ഇടയിൽ ,
പല സർക്കാർ സ്കൂളുകളിലും മാനേജ്‌മന്റ് സ്കൂളുകളിലും കൗൺസലിങ് സൈക്കോളജിസ്റ് ആയി ജോലി നോക്കുന്ന എനിക്ക് ,
ഈ സിനിമ അദ്ധ്യാപകരും മാതാപിതാക്കളും നിശ്ചയമായും കാണണം എന്നൊരു ആഗ്രഹം ഉണ്ട് ..
നന്ദി ശങ്കർ സർ ..
kala , counselling psychologist .MARIVANIOS COLLEGE ,THIRUVANANTHAPURAM