ഒരു മാസ് പോലീസ് നായകനുവേണ്ട ശരീരഭാഷയും മാനറിസങ്ങളും വളരെ തന്മയത്വത്തോടെ തന്നെ ടോവിനോ അവതരിപ്പിച്ചു കൈയടി നേടുന്നു.
ഒരു മാസ് മലാസ ആക്ഷൻ പോലീസ് സ്റ്റോറി മലയാളത്തിൽ ഇറങ്ങിയിട്ട് നാളുകൾ ഒത്തിരിയായി. അത്തരം സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ നൂറു ശതമാനം തൃപ്തിപ്പെടുത്തുന്ന ഒരുഗ്രൻ ആക്ഷൻ മാസ് ചിത്രമാണ് കൽക്കി. തന്റെ ആദ്യ ആക്ഷൻ ചിത്രമായ കൽക്കിയിലൂടെ താരപദവി അരക്കിട്ടുറപ്പിക്കുകായാണ് ടോവിനോ എന്ന യുവനായകൻ. ഒരു താരം എല്ലാ തരാം റോളുകളിലും പ്രത്യേകിച്ചും ആക്ഷൻ റോളുകൾ ചെയ്യുമ്പോഴാണ് ആ താരത്തെ സൂപ്പർ താരമായി ജനങ്ങൾ അവരോധിക്കുന്നത്. അങ്ങിനെയെങ്കിൽ ടോവിനോയുടെ സൂപ്പർ താര പദവിയിലേക്കുള്ള ശക്തമായ ചുവടുവയ്പാണ് കൽക്കിയും അതിലെ പോലീസ് കഥാപാത്രവും.
നഞ്ചങ്കോട്ട എന്ന സാങ്കല്പിക ഗ്രാമം അടക്കിവാഴുന്ന അമർ, അപ്പു, സംഗീത .. എന്ത് ചെയ്താലും ആരും ചോദിക്കാനില്ലാത്ത ആ നാട്ടിൽ പോലീസുകാർക്ക് പുല്ലുവില പോലും ഇല്ല. അവിടത്തെ പോലീസ് സ്റ്റേഷൻ ഇവരുടെ വിഹാര കേന്ദ്രം കൂടിയാണ്. അങ്ങിനെയുള്ള ആ സ്റ്റേഷനിലേക്ക് ചെറുപ്പക്കാരനായ പുതിയൊരു എസ് ഐ എത്തുന്നു. അതോടെ ആ ഗ്രാമത്തിന്റെ ജാതകം തന്നെ മാറുകയാണ്. കണ്ണിനു കണ്ണ്,പല്ലിനു പല്ല് എന്ന രീതിയിൽ എതിരാളികളെ കൈകാര്യം ചെയ്യുന്ന എസ് ഐ ആ ഗ്രാമത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പ്രമേയത്തിൽ വലിയ പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും അവതരണത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന , ആവേശം കൊള്ളിക്കുന്ന പഞ്ച് രംഗങ്ങൾ കൊണ്ടും മാസ് സീനുകൾ കൊണ്ടും സമ്പന്നമാണ് ഈ സിനിമ.
മാസും ആക്ഷനും നിറഞ്ഞ ആദ്യ പകുതിയിൽ ക്ളീഷേ രംഗങ്ങൾ ഒഴിവാക്കിയുള്ള നായകന്റെ ഇൻട്രോ സീൻ അടക്കമുള്ള മാസ് രംഗങ്ങൾ ഒരുക്കിയ സംവിധായകൻ കൈയടി നേടുന്നു. ഒപ്പം ചിത്രത്തിന്റെ മൂഡിനനുസരിച്ച് നീങ്ങുന്ന ക്യാമറയും മാസ് രംഗങ്ങൾക്ക് മൂർച്ച കൂട്ടുന്ന പശ്ചാത്തല സംഗീതവും എല്ലാം ഒരു ആക്ഷൻ മാസ് മസാല സിനിമയ്ക്ക് അനുയോജ്യമായ നിലയിൽ തന്നെ ഒരുക്കിയിരിക്കുന്നു.
നിരവധി ആക്ഷൻ മാസ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ ആദ്യ പകുതിയെ അപേക്ഷിച്ചു രണ്ടാം പകുതിയിൽ ആക്ഷൻ രംഗങ്ങൾ കുറവാണ്. രണ്ടാം പകുതി എത്തുമ്പോൾ ഗൗരവമുള്ള കഥയും രാഷ്ട്രീയവും എല്ലാം കടന്നുവരുന്നു. ക്ളൈമാക്സിലെ ആക്ഷൻ രംഗങ്ങൾ എല്ലാം പ്രേക്ഷകരെ ആകർഷിക്കുന്നതാണ്.
ഒരു മാസ് പോലീസ് നായകനുവേണ്ട ശരീരഭാഷയും മാനറിസങ്ങളും വളരെ തന്മയത്വത്തോടെ തന്നെ ടോവിനോ അവതരിപ്പിച്ചു കൈയടി നേടുന്നു. ടോവിനോയുടെ ലുക്കും ബോഡി ഫിറ്റ്നെസ്സ്മെല്ലാം അതിനു യോജിച്ചതാകുന്നു.
പ്രധാന വില്ലനായ അമർ എന്ന കഥാപാത്രമായി ശിവജിത് ഏറെ തിളങ്ങി. ഡയലോഗ് ഡെലിവെറിയിലും പ്രകടനത്തിലും ശിവജിത് നായകനൊത്ത വില്ലൻ തന്നെയായി. സംയുക്താ മേനോന്റെ നെഗേറ്റീവ് ഷേഡുള്ള കഥാപാത്രവും എടുത്തുപറയേണ്ടതാണ്. സൈജു കുറുപ്പ് , വിനി വിശ്വലാൽ, അപർണ്ണ നായർ, സുധീഷ് എന്നിവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
പ്രതികൂലമായ കാലാവസ്ഥയിലും ആദ്യ ദിനം ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞത് ശുഭസൂചനയാണെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ പേമാരിയും പ്രതികൂല കാലാവസ്ഥയും ചിത്രത്തിന്റെ ലോംഗ് റണ്ണിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.