കാട്ടാളൻ പൊറിഞ്ചുവിനെ ഈ രീതിയിൽ അവതരിപ്പിക്കാൻ പ്രചോദനമായത് മമ്മൂക്കയുടെ മഹായാനത്തിലെ ചന്ദ്രു, അടിയൊഴുക്കുകളിലെ കരുണൻ എന്നീ കഥാപാത്രങ്ങളാണ്.
ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി വില്ലനായും സഹനടനായും ചുവടുവെച്ചു ഒടുവിൽ നായകനിരയിൽ എത്തി കൈയടി നേടുന്ന നടനാണ് ജോജു ജോർജ്ജ്.
ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ക്യാരക്ടർ നടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും ജോജുവിനെ തേടിയെത്തി.
രാജാധിരാജ എന്ന ചിത്രത്തിലെ കോമഡി കലർന്ന അയ്യപ്പൻ എന്ന കഥാപാത്രമാണ് ജോജുവിനുള്ളിലെ ഫ്ളക്സിബിൾ നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്. പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയുമാണ് ജോജുവിന്റെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ക്യാരക്ടർ.
എന്നാൽ നടനിൽ നിന്നും ഒരു മികച്ച നായകനിലേക്കും താരത്തിലേക്കുമുള്ള ജോജുവിന്റെ ചുവടുവയ്പാണ് ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം. ജോഷിയെ പോലെ ഒരു സീനിയർ ഹിറ്റ് മേക്കറുടെ ചിത്രത്തിൽ നായകവേഷം ചെയ്യാൻ കഴിയുക എന്നത് ജോജുവിനെപ്പോലൊരു നടന് സ്വപ്നതുല്യം തന്നെ എന്നുപറയാം.
കാട്ടാളൻ പൊറിഞ്ചു എന്ന പരുക്കൻ കഥാപാത്രത്തെ ഗംഭീരമാക്കി പ്രേക്ഷകരുടെ കൈയടി വാങ്ങുമ്പോൾ ശക്തമായ ആ കഥാപാത്രത്തെ ഈ രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായി മാറിയത് രണ്ട് പഴയകാല മമ്മൂട്ടി കഥാപാത്രങ്ങളാണെന്ന് തുറന്നുപറയുകയാണ് ജോജു ജോർജ്ജ്.
“ഈ കഥാപാത്രത്തെ കുറിച്ചു ജോഷിസാറും തിരക്കഥാകൃത്തും വിശദമായി പറഞ്ഞുതന്നുവെങ്കിലും ഇതുപോലൊരു കഥാപാത്രത്തെ പ്രസെന്റ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഞാൻ പലരോടും ആരാഞ്ഞു. ഒടുവിൽ തിരക്കഥാകൃത്ത് ശ്യം പുഷ്കരനാണ് എന്നോട് പറയുന്നത്, രണ്ടു സിനിമകൾ ജസ്റ്റ് ഒന്ന് കണ്ടുനോക്കാൻ. മമ്മൂക്കയുടെ രണ്ട് പഴയ സിനിമകളായിരുന്നു അത്. അങ്ങിനെ ഞാൻ മമ്മൂക്കയുടെ മഹായാനം, അടിയൊഴുക്കുകൾ എന്നീ ചിത്രങ്ങൾ ഒരിക്കൽ കൂടി കണ്ടു. “
റിപ്പോർട്ടർ ടി വിയിൽ നികേഷുമായുള്ള കൂടിക്കാഴ്ചയിലാണ് ജോജു ജോർജ്ജ് ഇക്കാര്യം പറഞ്ഞത്.
അടിയൊഴുക്കുകളിലെ കരുണൻ, മഹായാനത്തിലെ ചന്ദ്രു എന്നിവ വളരെ പരുക്കൻ കഥാപാത്രങ്ങളായിരുന്നു. ഒപ്പം വളരെ ഡൗൺ ടു എർത്തായ കഥാപാത്രങ്ങളും. ഇന്നും മലയാളിയ്ക്ക് മറക്കാൻ കഴിയാത്ത രണ്ടു വേഷങ്ങളും ചിത്രങ്ങളും. വർഷങ്ങൾക്കിപ്പുറം മറ്റൊരു നടന്റെ കഥാപാത്ര അവതരണത്തിന് ഒരു പാഠപുസ്തകമായി മാറുകയാണ്.