നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. 40 കോടി മുതൽ മുടക്കിൽ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 22ന് റിലീസ് ഉറപ്പിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ വൈരമുത്തുവിന്റെ മകൻ മദൻ കാർക്കിയാണ് കായംകുളം കൊച്ചുണ്ണിയുടെ തമിഴ് പതിപ്പിന് ഗാനങ്ങളും സംഭാഷണവുമെഴുതുന്നത്. ആഗോള ഹിറ്റായ ബാഹുബലി സീരീസിന്റെ തമിഴ് പതിപ്പിനും ഗാനങ്ങളും സംഭാഷണവുമെഴുതിയത് മദൻ കാർക്കിയാണ്. രാജേഷാണ് തെലുങ്ക് പതിപ്പിന് ഗാനങ്ങളും സംഭാഷണവുമെഴുതുന്നത്.
ബോബി സഞ്ജയ് രചന നിർവഹിക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുമ്പോൾ മോഹൻലാൽ ഇത്തിക്കരപ്പക്കിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ബാഹുബലി സീരീസിന് ഗ്രാഫിക്സ് ചെയ്ത ദേബുവും ടീമുമാണ് കായംകുളം കൊച്ചുണ്ണിക്കും വിഷ്വൽ ഇഫക്ട്സ് ഒരുക്കുന്നത്. മംഗലാപുരം, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടും ചിത്രത്തിന്റെ മലയാള പതിപ്പ് റീലിസ് ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 22 ബുധനാഴ്ച്ച കേരളത്തിൽ മാത്രം 300ൽ പരം സ്‌ക്രീനുകളിൽ വിതരണത്തിന് എത്തിക്കുന്നത് ഇറോസ് ഇന്റർനാഷണലാണ്.
[smartslider3 slider=13]