കാനഡയിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രമെന്ന റെക്കോർഡുമായി മാമാങ്കം.
ഒരു മലയാള സിനിമയ്ക്ക് ലോകവ്യാപകമായി ലഭിക്കുന്നതിൽ വച്ചേറ്റവും വലിയ റിലീസ് മാമാങ്കമാണ് മമ്മൂട്ടി എം പദ്മകുമാർ ടീമിന്റെ മാമാങ്കത്തിന് ലഭിക്കുന്നത്. വേൾഡ് വൈഡ് ആയി 2000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം കാനഡയിൽ മാത്രം 36 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു റെക്കോർഡാണ്. 18 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഒടിയൻ ആണ് അവിടെ റെക്കോർഡുള്ള മലയാള ചിത്രം. ലൂസിഫറിനു ലഭിച്ചത് 15 സ്ക്രീനുകൾ ആണ്. എന്നാൽ ഒടിയനെക്കാൾ ഇരട്ടിയിലധികം സ്‌ക്രീനുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മാമാങ്കം ഡിസംബർ 12നാണു ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം 400 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും.
മാമാങ്കത്തിന്റെ റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ തിയേറ്ററുകൾ. അഞ്ചു കോടിയോളം രൂപയാണ് കേരളത്തിലെ തിയേറ്ററുകളിൽ നിന്നുമാത്രം ഈ ചിത്രത്തിന് അഡ്വാൻസ് ലഭിച്ചത്. മാമാങ്കം റിലീസിനു ശേഷമേ ഇനിയൊരു മലയാള സിനിമയ്ക്ക് അഡ്വാൻസ് നൽകൂ എന്ന നിലപാടിലാണ് തിയേറ്ററുകൾ. അതുകൊണ്ടുതന്നെ മാമാങ്കം റിലീസിനായി ആരാധകരെ പോലെ സിനിമ ഇന്ഡസ്ട്രിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാമാങ്കത്തിനായി.