ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ഒരു ബസ്, അതിലെ 30-ഓളം വരുന്ന യാത്രക്കാര്‍, അവരുടെ ജീവിതം, അവര്‍ പ്രതിനിധീകരിക്കുന്ന ആശയധാരകള്‍, അത് തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങള്‍, അത് സമ്മാനിക്കുന്ന 2 മണിക്കൂര്‍ സിനിമാനുഭവം; അതാണ് ആഭാസം (ആര്‍ഷ ഭാരത സംസ്കാരം) അല്ലെങ്കില്‍ കേരള സമൂഹത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടി. സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ജുബിത്ത് നമ്രഡത്ത് എന്ന സംവിധായകന് ഈ ചിത്രത്തിലൂടെ പ്രേക്ഷേകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.
യഥാര്‍ത്ഥത്തില്‍, ജനാധിപത്യമെന്ന ബസ്സിലെ യാത്രക്കാരായ നമ്മളോരോരുത്തരുമാണ് ആഭാസത്തിലെ കഥാപാത്രങ്ങള്‍. ഒരിക്കലെങ്കിലും നമ്മള് പറയാത്ത, ചിന്തിക്കാത്ത, പ്രകടിപ്പിക്കാത്ത വഷളത്തരങ്ങള്‍ ഒന്നും ഈ സിനിമ പങ്കു വെച്ചിട്ടില്ല. ഡെമോക്രസി ട്രാവല്‍സിന്റെ ഗാന്ധി എന്ന ബസ്സിന്റെ രാത്രി യാത്രയാണ് ഈ സിനിമയുടെ പ്രമേയം. ഗോഡ്സെയെന്നും ജിന്നയെന്നും അംബേദ്കറെന്നും മാര്‍ക്സെന്നും പേരുള്ള മറ്റു ബസ്സുകള്‍. സിനിമയില്‍ ആകെ പേരുകള്‍ ഉള്ളത് ഈ ബസ്സുകള്‍ക്ക് മാത്രമാണ്. ബാക്കി ആര്‍ക്കും പേരുകള്‍ ഇല്ല, പകരം അവരുടെ പ്രവര്‍ത്തികളിലൂടെയും ചിന്തകളിലൂടെയുമാണ് അവരെ കഥയില്‍ ഉടനീളം അടയാളപ്പെടുത്തുന്നതും.
ജനാധിപത്യ സമൂഹത്തില്‍ രാവിരുട്ടുമ്പോള്‍ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുന്ന ഒരു പറ്റം പകല്മാന്യന്മാരെ കാണാം ഈ ചിത്രത്തില്‍. സെക്ഷ്വല്‍ ഫ്രസ്ട്രേഷനുകളിലൂടെ മാത്രം ജീവിക്കുന്ന ഒരു ജനതയാണ് മലയാളികളെന്ന് സിനിമ സധൈര്യം വിളിച്ച് പറയുന്നുണ്ട്. തങ്ങളുടെ ലൈംഗിക ദാരിദ്ര്യത്തെ അലങ്കാരവും അഹങ്കാരവുമായി കൊണ്ടു നടക്കുന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രാഷ്ട്രീയ, പ്രായഭേദങ്ങളില്ലെന്നതും ശ്രദ്ധേയം. ചുണ്ടിലൂടെ പ്രസരിക്കുന്നത് ഭക്തിയും ദൈവഭയവുമാണെങ്കിലും മനസിലോടുന്നത് കാമമാണ് പലര്‍ക്കുമെന്ന് സിനിമ കാണിച്ചു തരുന്നു. മലയാളികളുടെ ലൈംഗികതയോടുള്ള ഇരട്ടത്താപ്പ് തന്നെയാണ് സിനിമയുടെ മര്‍മം. ഒപ്പം പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു പറ്റം ന്യൂനപക്ഷങ്ങളെ കുറിച്ചും സിനിമ പ്രതിപാദിക്കുന്നുണ്ട്. ശീതള്‍ ശ്യാം അവതരിപ്പിക്കുന്ന ട്രാന്സ്ജന്ഡര് കഥാപാത്രം തന്നെ അതിന് ഉദാഹരണം. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ജന്‍ഡര്‍ പൊളിറ്റിക്സില്‍ മലയാളി പ്രകടിപ്പിക്കുന്ന കപടതയും ചിത്രം തുറന്നു കാട്ടുന്നു. ഒപ്പം, അവരുടെ വ്യക്തിത്വത്തെ അത്രമേല്‍ ആത്മാര്‍ത്ഥതയോടെ അടയാളപ്പെടുത്തുന്നുണ്ട് സിനിമ. അതൊരു മികച്ച കയ്യടിയും അര്‍ഹിക്കുന്നുണ്ട്.
അവനവനിലേക്ക് മാത്രം ചുരുങ്ങിയ, നെറികേടുകള്‍ക്ക് എതിരേ സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന, ഓരോ മലയാളിക്കെതിരേയും ഈ സിനിമ വിരല്‍ ചൂണ്ടുന്നു.
സമകാലിക രാഷ്ട്രീയ സംഭവങ്ങളെയും സാഹചര്യങ്ങളെയും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ കട്ടപ്പുറത്ത് കയറ്റാന്‍ വെമ്പല്‍ കൊള്ളുന്ന രാഷ്ട്രീയഘടകങ്ങളെയും പുഴുക്കുത്തുകളെയുമൊക്കെ ഇമേജറിയിലൂടെ അവതരിപ്പിക്കാനാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് ശ്രമിച്ചിട്ടുള്ളത്. സുഡാപ്പി, സംഘി, കമ്മി, കൊങ്ങി തുടങ്ങിയ കൂട്ടരെയും ജുബിത്തും സംഘവും ട്രോളാതെ വിട്ടിട്ടുമില്ല.
സിനിമ ഘടനയെ കുറിച്ച് പറയുകയാണെങ്കില്‍ കഥാപാത്രങ്ങളുടെ അതിപ്രസരം അല്‍പ്പം അലോസരമാകുന്നുണ്ട്. എങ്കിലും ഒരു ത്രില്ലര്‍ സ്വഭാവമുള്ള കഥ പിടിച്ചിരുത്തും.
ജുബിത് നമ്രഡത്തിന്റേതാണ് കഥയും തിരക്കഥയും സംവിധാനവും. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, റീമ കല്ലിങ്കല്‍, അനില്‍ നെടുമങ്ങാട്, നാസര്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, നിര്‍മല്‍ പാലാഴി, ജിലു ജോസഫ് തുടങ്ങി ഒരു വലിയ നിര തന്നെയാണ് ചിത്രത്തിലുള്ളത്. ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. തിരക്കഥ പ്രധാനകഥാപാത്രമാകുന്ന ചിത്രത്തില്‍ ഇവരുടെയെല്ലാം പ്രകടനങ്ങല്‍ പ്രത്യേകം വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. പ്രസന്ന എസ് കുമാറിന്റെ ക്യാമറ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. കഥയുടെ മുക്കാല്‍ പങ്കും ഒരു ബസില്‍ നടക്കുമ്പോള്‍ അതിന്റെ സ്പേസ് കണ്സ്ട്രൈന്സ് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ആ പരിമിതികളൊന്നും തന്നെ പ്രസന്നയുടെ വര്‍ക്കില്‍ പ്രതിഫലിക്കുന്നില്ല. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ദേവിന്റേതാണ് പശ്ചാത്തല സംഗീതം. ഊരാളി ബാന്‍ഡിന്റെ പാട്ടുകല്‍ ചിത്രത്തിന്റെ രാഷ്ട്രീയത്തോട് കൂടുതല്‍ അടുത്ത് നില്ക്കുന്നു. എങ്കിലും സാങ്കേതികമായ ചില ബാലാരിഷ്ടതകള്ചിത്രത്തിലില്ലാതില്ല.
പക്ഷേ, അനുനിമിഷം അരാഷ്ട്രീയം വളരുന്ന, ജനാധിപത്യത്തെ കാവിയില്‍ മുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ കാലഘട്ടത്തില്‍ ആഭാസം മുന്നോട്ട് വെയ്ക്കുന്ന ശക്തമായ രാഷ്ട്രീയം തന്നെയാണ് ഈ സിനിമയെ അടയാളപ്പെടുത്തുന്നതും. അത് തന്നെയാണ് ഒരു പറ്റം നവാഗതരുടെ കൈക്കുറ്റപ്പാടുകളെ മായ്ച്ചു കളയുന്നതും. കല കല മാത്രമല്ല, അത് രാഷ്ട്രീയം കൂടിയാണ്. ആഭാസവും അങ്ങനെ തന്നെ. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ആഭാസം എന്ന ഈ കുഞ്ഞ് ചിത്രം.
(കടപ്പാട്: അഴിമുഖം.കോം)
