സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ സൂപ്പർ ഹിറ്റിലേക്ക്. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായി മമ്മൂട്ടി നിറഞ്ഞു നിൽക്കുന്ന ചിത്രം മുടക്കു മുതൽ തിരിച്ചു പിടിച്ചതായാണ് സൂചന. കുടുംബ പ്രേക്ഷകർക്ക് ആസ്വാദ്യകരമായതാണ് കുട്ടനാടൻ ബ്ലോഗിന്റെ വിജയ രഹസ്യം. മിക്ക കേന്ദ്രങ്ങളിലും കുടുംബ പ്രേക്ഷകരുടെ വൻ തിരക്കാണ് ചിത്രത്തിന്. പല തീയേറ്ററുകളിലും ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രങ്ങൾക്കിടയിൽ നാട്ടിൻ പുറത്തുകാരനായ ഹരിയേട്ടൻ സമ്മാനിക്കുന്ന പുതുമയും കുട്ടനാടൻ ബ്ലോഗിനെ വ്യത്യസ്തമാക്കി. മികച്ച ഗാനങ്ങളും മനോഹരമായ ഛായാഗ്രഹണവും നർമ മുഹൂർത്തങ്ങളും സിനിമയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരമാക്കി. മലയാളികൾക്ക് വൈകി കിട്ടിയ ഓണ സമ്മാനമാണ് കുട്ടനാടൻ ബ്ലോഗ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ഒരു കുട്ടനാടൻ ബ്ലോഗ് മമ്മൂട്ടിയുടെ മറ്റൊരു ഫാമിലി സൂപ്പർ ഹിറ്റാവുകയാണ്.